തിരുവനന്തപുരം: സിവിൽ സർവ്വീസ് അപേക്ഷകർക്ക് ആവശ്യമെങ്കിൽ അപേക്ഷ പിൻവലിക്കാനുളള അവസരം നൽകി യുപിഎസ്എസി. അപേക്ഷ നൽകിയതിന് ശേഷം ഏതെങ്കിലും കാരണത്താൽ പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിക്കുന്നവർക്കാണ് യുപിഎസ് സി ഈ അവസരം നൽകിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഈ തീരുമാനം.  ഓണ്‍ലൈനായിത്തന്നെ അപേക്ഷ പിന്‍വലിക്കാനുള്ള അവസരം നല്‍കുന്നതിലൂടെ നടത്തിപ്പിനുള്ള ചെലവ് കുറയ്ക്കുകയെന്നതാണ് യു.പി.എസ്.സിയുടെ പ്രാഥമിക ഉദ്ദേശ്യം.

10 ലക്ഷത്തിലേറെപ്പേര്‍ അപേക്ഷിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനെത്തുന്നത് ഇതില്‍ പകുതിയോളം ഉദ്യോഗാര്‍ഥികള്‍ മാത്രമാണ്. യുപിഎസ് സിയെ സംബന്ധിച്ച് വൻപാഴ്ച്ചെലവിന് ഇത് കാരണമാകുന്നുണ്ട്. നന്നായി തയ്യാറെടുപ്പു നടത്തിയില്ല എന്ന് തോന്നുന്നവർക്ക്  അപേക്ഷ പിന്‍വലിക്കാന്‍ അവസരം നല്‍കുമ്പേള്‍ ശേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച രീതിയില്‍ പരീക്ഷാ കേന്ദ്രങ്ങളൊരുക്കാന്‍ കഴിയുമെന്നും കമ്മീഷന്‍ കണക്കുകൂട്ടുന്നു.

രജിസ്‌ട്രേഷനുള്ള അവസാന തീയതി മാര്‍ച്ച് മൂന്നാണ്. മാര്‍ച്ച് 12 മുതല്‍ 18ന് വൈകിട്ട് ആറ് വരെ അപേക്ഷ പിന്‍വലിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കുമെന്ന് യു.പി.എസ്.സി വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം അപേക്ഷ പിന്‍വലിച്ചാലും ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസ് തിരികെ നല്‍കില്ല. മേയ് 31നാണ് പ്രിലിമിനറി പരീക്ഷ. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങി 24 സർവ്വീസുകളിലായി 796 ഒഴിവുകളിലേക്കാണ് ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോ​ഗ്യത.