ദില്ലി: കോവിഡ്-19 രോ​ഗബാധയുടെ പശ്ചാത്തലത്തിൽ നിയമന നടപടികൾ എല്ലാം നിർത്തിവച്ച് യുപിഎസ്‍സി. വിജ്ഞാപനം, പരീക്ഷാ നടത്തിപ്പ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയടക്കമുള്ള നടപടികളാണ് നിര്‍ത്തി വച്ചിരിക്കുന്നത്. മാർച്ച് 28 ന് പുറപ്പെടുവിച്ച വിജ്ഞാപനമുൾപ്പെടെ മാറ്റിവച്ചതായി ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വിജ്ഞാപനത്തില്‍ പുറത്തിറക്കിയ അഞ്ച് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ലിങ്കും വെബ്‌സൈറ്റില്‍ നിന്ന് എടുത്ത് മാറ്റിയതായി യു.പി.എസ്.സി വ്യക്തമാക്കി. 

upsc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിന്റെ വിശദ വിവരങ്ങള്‍ ലഭിക്കും. പുതുക്കിയ തീയതികള്‍ ഉടന്‍ അറിയിക്കുമെന്നും യു.പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 19-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍.ഡി.എ), നേവല്‍ അക്കാദമി (ഡി.എ) പരീക്ഷകളും യു.പി.എസ്.സി മാറ്റിവെച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എന്‍.ടി.എ, ഐ.ബി.പി.എസ് എന്നിവയടക്കമുള്ള നിരവധി റിക്രൂട്ട്‌മെന്റ് ഏജന്‍സികളും പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.