ദില്ലി: കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച പരീക്ഷകളും അഭിമുഖങ്ങളും നടത്തുന്നതിനായുള്ള പുതിയ തീയതികൾ ലോക്ക് ഡൗൺ അവസാനിക്കുന്ന തീയതിയായ മേയ് മൂന്നിന് ശേഷം തീരുമാനിക്കുമെന്ന് യു.പി.എസ്.സി. ലോക്ക് ഡൗൺ കഴിഞ്ഞതിന് ശേഷം മാത്രമേ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാർഥികൾക്ക് സൗകര്യപ്രദമായ തീയതി പ്രഖ്യാപിക്കാൻ സാധിക്കൂ. അതു കഴിഞ്ഞാൽ എത്രയും വേഗം പരീക്ഷാ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യു.പി.എസ്.സി അറിയിച്ചു.

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സിവിൽ സർവീസസ്, എൻജിനീയറിങ് സർവീസസ്, ജിയോളജിസ്റ്റ് സർവീസസ് തസ്തികകളിലേക്കുള്ള പരീക്ഷാ തീയതികൾ നിശ്ചയിച്ച് കഴിഞ്ഞിരുന്നു. ഇതു സംബന്ധിച്ച് എന്തെങ്കിലും തിരുത്തലുകളുണ്ടെങ്കിൽ യു.പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ലോക്ക്ഡൗണിനെത്തുടർന്ന് കമ്പൈൻഡ് മെഡിക്കൽ സർവീസസ്, ഇന്ത്യൻ എക്കണോമിക് സർവീസസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ്, എൻ.ഡി.എ തുടങ്ങിയ പരീക്ഷകളാണ് യു.പി.എസ്.സി മാറ്റിവെച്ചത്.