ദില്ലി: സി.എ.പി.എഫ് വിജ്ഞാപനം പിൻവലിച്ചതായി യുപിഎസ്‍സി അറിയിച്ചു. 2020-ലെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസിലേക്കുള്ള (സി.എ.പി.എഫ്) തിരഞ്ഞെടുപ്പിനായിട്ടാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ആഗസ്റ്റ് 9 നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. ഈ തീയതിയും മാറ്റിയതായും പുതുക്കിയ തീയതികൾ വൈകാതെ പ്രഖ്യാപിക്കും.

കേന്ദ്ര സായുധ സേനകളായ ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി തുടങ്ങിയവയിലേക്ക് അസിസ്റ്റന്റ് കമാൻഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി യു.പി.എസ്.സി നടത്തുന്ന പരീക്ഷയാണ് സി.എ.പി.എഫ്. ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. എഴുത്തു പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾ കായിക, വൈദ്യപരിശോധനകളിലും വിജയിക്കണം. ഇതിലെല്ലാം യോഗ്യത നേടുന്ന ഉദ്യോഗാർഥികളെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കൂ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുക.