Asianet News MalayalamAsianet News Malayalam

ബിരുദധാരികളാണോ? കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ 345 ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 17

മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലെ ബിരുദമാണ് യോഗ്യത. നേവല്‍ അക്കാദമിയിലേക്ക് അപേക്ഷിക്കാന്‍ എന്‍ജിനിയറിങ് ബിരുദം വേണം.

vacancies in combined defence service
Author
Delhi, First Published Nov 5, 2020, 3:11 PM IST

ദില്ലി:  കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷയാണിത്. 2021 ഫെബ്രുവരി ഏഴിന് പരീക്ഷ നടക്കും. അവിവാഹിതരായ ബിരുദ/എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വിവിധ അക്കാദമികളിലായി ആകെ 345 ഒഴിവുകളാണുള്ളത്. 17 ഒഴിവുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.

ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി-100, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി-26, ഹൈദരാബാദിലെ എയര്‍ ഫോഴ്സ് അക്കാദമി-32, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി-187 എന്നിവിടങ്ങളിലാണ് ഒഴിവുകൾ.. ചെന്നൈയിലെ 170 ഒഴിവുകള്‍ പുരുഷന്മാര്‍ക്കും 17 ഒഴിവുകള്‍ വനിതകള്‍ക്കും ഉള്ളതാണ്. എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ചില കോഴ്സുകളില്‍ സംവരണമുണ്ട്.

മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലെ ബിരുദമാണ് യോഗ്യത. നേവല്‍ അക്കാദമിയിലേക്ക് അപേക്ഷിക്കാന്‍ എന്‍ജിനിയറിങ് ബിരുദം വേണം. എയര്‍ഫോഴ്സ് അക്കാദമിയിലേക്കുള്ള യോഗ്യത ബിരുദമോ എന്‍ജിനിയറിങ് ബിരുദമോ ആണ്. എയര്‍ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്ന ബിരുദധാരികള്‍ ഫിസിക്സും ഗണിതവും വിഷയങ്ങളായി പന്ത്രണ്ടാംക്ലാസില്‍ പഠിച്ചിരിക്കണം. അവസാന വര്‍ഷ/സെമസ്റ്ററില്‍ പഠിക്കുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകളോടെ അപേക്ഷിക്കാം.

മിലിട്ടറി അക്കാദമി, നേവല്‍ അക്കാദമി എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ 1998 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. എയര്‍ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവര്‍ 1998 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചിരിക്കണം. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവര്‍ 1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. പരിശീലനകാലയളവില്‍ വിവാഹംകഴിക്കാനും പാടില്ല. അവിവാഹിതകളായ വനിതകള്‍ക്കൊപ്പം ബാധ്യതകളില്ലാത്തതും പുനര്‍വിവാഹംചെയ്യാത്തവരുമായ വിധവകള്‍, ബാധ്യതകളില്ലാത്തതും പുനര്‍വിവാഹംചെയ്യാത്തവരുമായ വനിതകള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

41 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. ഒ.എം.ആര്‍. ഷീറ്റിലാണ് പരീക്ഷ. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാകുമുണ്ടാകുക. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും. www.upsconline.nic.in വഴി അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ ഏതൊക്കെ അക്കാദമികളിലേക്കാണ് പ്രവേശനം ആഗ്രഹിക്കുന്നത് എന്നതിന്റെ മുന്‍ഗണനാക്രമം നല്‍കണം. വനിതകള്‍ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി മാത്രം തിരഞ്ഞെടുത്താല്‍മതി. അവസാന തീയതി നവംബര്‍ 17 ആണ്. 


 

Follow Us:
Download App:
  • android
  • ios