സംസ്ഥാനത്തെ വിവിധ സഹകരണബാങ്കുകളിലെയും പ്രാഥമിക സഹകരണസംഘങ്ങളിലെയും ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 195 ഒഴിവുകളാണുള്ളത്. സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരീക്ഷാബോര്‍ഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാബോര്‍ഡ് നല്‍കുന്ന ലിസ്റ്റില്‍നിന്ന് സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം നടത്തുന്നത്.

സഹകരണ നിയമത്തിന് വിധേയമായിരിക്കും യോ​ഗ്യതകൾ. എസ്.എസ്.എല്‍.സി, അഥവാ തത്തുല്യ യോഗ്യതയും, സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോഓപ്പറേറ്റിവ് ട്രെയിനിങ് കോഴ്‌സും (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ- ഓപ്പറേഷന്‍) അടിസ്ഥാന യോഗ്യതയായി പരി​ഗണിക്കും. കാസര്‍കോട് ജില്ലയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസ്തുത ജില്ലയിലെ സഹകരണസംഘം/ബാങ്കുകളിലെ നിയമനത്തിന് കര്‍ണാടക സംസ്ഥാന സഹകരണ ഫെഡറേഷന്‍ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയന്റെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന് (ജെ.ഡി.സി) തുല്യമായി പരിഗണിക്കും.

ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി. ആന്‍ഡ് ബി.എം, അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.എം),  സഹകരണം ഐച്ഛികവിഷയമായി എടുത്ത ബി. കോം ബിരുദവും കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്‌സി (സഹകരണം & ബാങ്കിങ്) ഉള്ളവര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷയുടെ മാതൃക www.csebkerala.org എന്ന വെബ്‌സൈറ്റില്‍നിന്ന് ലഭ്യമാണ്. അപേക്ഷ മാര്‍ച്ച് 31ന് വൈകീട്ട് അഞ്ച് മണിക്കുമുന്‍പായി സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡില്‍ ലഭിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക്: 04712468690.