Asianet News MalayalamAsianet News Malayalam

ഇന്ത്യൻ നാവികസേനയിൽ ഒഴിവുകൾ; പത്താം ക്ലാസും അംഗീകൃത ഐ.ടി.ഐ. സർട്ടിഫിക്കറ്റും യോ​ഗ്യത

വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിലുണ്ട്. ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

vacancies in Indian navy
Author
Delhi, First Published Mar 2, 2021, 10:23 AM IST

ദില്ലി: ഇന്ത്യൻ നാവികസേനയിലെ ട്രേഡ്സ്മാൻ മേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് തസ്തികകളാണ്. ആകെ ഒഴിവുകൾ 1159. ശമ്പള സ്കെയിൽ: 18000-56900 രൂപ. വിജ്ഞാപന നമ്പർ-INCET-TMM-01/2021.

18-25 വയസ്സ് ആണ് പ്രായപരിധി. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും വർഷത്തെ വയസ്സിളവുണ്ട്. ഭിന്നശേഷിക്കാരായ ജനറൽ വിഭാഗക്കാർക്ക് 10 വർഷത്തെയും ഭിന്നശേഷിക്കാരായ ഒ.ബി.സി. വിഭാഗക്കാർക്ക് 13 വർഷത്തെയും ഭിന്നശേഷിക്കാരായ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 15 വർഷത്തെയും വയസ്സിളവ് അനുവദിക്കും. വിമുക്തഭടന്മാർക്ക് സൈനികസേവനത്തിന്റെ കാലയളവും അധികമായി മൂന്നുവർഷവും വയസ്സിളവിന് പരിഗണിക്കും. കായികതാരങ്ങൾക്കും വയസ്സിളവുണ്ട്.

അപേക്ഷകരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യം കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാകും. ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പായിരിക്കും. ഭാഷ ഇംഗ്ലീഷോ ഹിന്ദിയോ തിരഞ്ഞെടുക്കാം. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ന്യൂമറിക്കൽ ആപ്റ്റിറ്റിയൂഡ്/ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറൽ ഇംഗ്ലീഷ് ആൻഡ് കോംപ്രിഹെൻഷൻ, ജനറൽ അവെയർനസ് എന്നിങ്ങനെ നാല് വിഷയങ്ങളിലായിട്ടായിരിക്കും പരീക്ഷ. ഓരോ വിഷയത്തിനും 25 മാർക്ക് വീതമാണുണ്ടാകുക. ആകെ മാർക്ക് 100. പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രേഖാപരിശോധനയും ആരോഗ്യപരിശോധനയുമുണ്ടാകും.

വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിലുണ്ട്. ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകന്റെയും മാതാപിതാക്കളുടെയും പേര് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലേതുപോലെ തന്നെ രേഖപ്പെടുത്തണം. ഈസ്റ്റേൺ, വെസ്റ്റേൺ, സതേൺ എന്നീ മൂന്ന് നേവൽ കമാൻഡുകളിലായിട്ടായിരിക്കും നിയമനം. അതിനാൽ ഇവയുടെ പരിഗണന നൽകുന്ന ക്രമം അപേക്ഷയിൽ രേഖപ്പെടുത്തണം.

പാസ്പോർട്ട് സൈസ് ഫോട്ടോ(2050 കെ.ബി.), വെളുത്ത കടലാസിൽ കറുത്ത മഷികൊണ്ട് രേഖപ്പെടുത്തിയ ഒപ്പിന്റെ സ്കാൻചെയ്ത കോപ്പി (1020 കെ.ബി.), ആവശ്യമെങ്കിൽ സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവ അപ്ലോഡ് ചെയ്യേണ്ടിവരും.
മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കണം.

205 രൂപ അപേക്ഷാഫീസ് (ബാങ്കിങ് നിരക്കുകൾ പുറമേ). വനിതകൾ, എസ്.സി./എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 7. പത്താം ക്ലാസും അംഗീകൃത ഐ.ടി.ഐ. സർട്ടിഫിക്കറ്റുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
 

Follow Us:
Download App:
  • android
  • ios