രണ്ടാഴ്ചത്തെ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാൻ-യുഎസ് യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നു. ഇറാനെതിരെ ശക്തമായ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു, ഇത് ഹോർമുസ് കടലിടുക്കിൽ നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിവെച്ചേക്കാം.
വാഷിംഗ്ടൺ: രണ്ടാഴ്ചത്തെ വെടിനിർത്തലും ഇസ്ലാമാബാദിൽ നടന്ന 20 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകളും ഫലം കാണാതെ പിരിഞ്ഞതോടെ ഇറാൻ-യുഎസ് യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുന്നു. ശനിയാഴ്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ഞായറാഴ്ച രാവിലെ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരെ ശക്തമായ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്റെ തുറമുഖങ്ങളിലേക്കോ അവിടെ നിന്നോ ഉള്ള ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന് നിയമവിരുദ്ധമായ ടോൾ നൽകുന്ന ഒരു കപ്പലിനും സുരക്ഷിത പാത നൽകില്ലെന്നാണ് ട്രംപിന്റെ കർശന നിലപാട്.
ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നത് യുഎസ് തുടരും. ഇതിനായി അമേരിക്കൻ നാവികസേന നേരിട്ട് രംഗത്തിറങ്ങും. ഇത് ഇറാൻ കപ്പലുകളുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിവെച്ചേക്കാം. അമേരിക്കൻ സൈന്യം ഏത് നിമിഷവും ആക്രമണത്തിന് തയ്യാറായി 'ലോക്ക്ഡ് ആൻഡ് ലോഡഡ്' ആണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ തങ്ങളുടെ ആണവ മോഹങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകാത്തതാണ് ചർച്ചകൾ അലസാൻ കാരണമെന്ന് ട്രംപ് പറയുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം, ഹൂതി-ഹിസ്ബുള്ള തുടങ്ങിയ സംഘടനകൾക്കുള്ള പിന്തുണ തുടങ്ങിയ വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ വലിയ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കയ്ക്കുള്ളിലും ട്രംപിനെതിരെ സമ്മർദ്ദം ഏറുകയാണ്. തിരിച്ചടി: സിബിഎസ് പോൾ പ്രകാരം 59 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നത് യുദ്ധം അമേരിക്കയ്ക്ക് ഗുണകരമല്ലെന്നാണ്.എണ്ണവില കുതിച്ചുയരുന്നത് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ബാധിക്കുമോ എന്ന ഭയം ശക്തമാണ്. എന്നാൽ സമ്പദ്വ്യവസ്ഥ ഇതിനെ മറികടക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയേക്കാം. ശനിയാഴ്ച രാത്രി വൈസ് പ്രസിഡന്റ് ചർച്ചകൾ നടത്തുമ്പോൾ ട്രംപ് മിയാമിയിൽ യുഎഫ്സി കേജ് മത്സരങ്ങൾ കാണുകയായിരുന്നു. ചോര ചിതറുന്ന റിംഗിന് സമീപമിരുന്ന് സെക്രെട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോയുമായി യുദ്ധതന്ത്രങ്ങൾ ചർച്ച ചെയ്ത ട്രംപിന്റെ നടപടിയെ മാധ്യമങ്ങൾ 'വിചിത്രമായ കാഴ്ച' എന്നാണ് വിശേഷിപ്പിച്ചത്.


