യുഎസ്: ഒരാഴ്ച മുമ്പാണ് വിൻസ്റ്റൺ ലീ എന്ന അധ്യാപകൻ ഫേസ്ബുക്കിൽ കൗതുകമുണർത്തുന്ന ഒരു ഉത്തരപേപ്പറും അതിലെ ഒരു ചോദ്യവും പങ്ക് വച്ചത്. അതിലെ ചോദ്യം ഇപ്രകാരമായിരുന്നു. 'സാധിക്കുമെങ്കിൽ, എനിക്ക് ലഭിക്കുന്ന ബോണസ് മാർക്ക് ഏറ്റവും കുറവ് മാർക്ക് ലഭിക്കുന്ന കുട്ടിക്ക് നൽകാമോ?' എന്നായിരുന്നു ചോദ്യം. 'ഇങ്ങനെയൊരു ആവശ്യം മുമ്പ് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത് ലോകമറിയണം' എന്ന കുറിപ്പോടെയാണ് വിൻസ്റ്റൺ ലീ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

''A+ കിട്ടിയ എന്റെയൊരു വിദ്യാര്‍ഥിയുടെ അവന് പരീക്ഷയില്‍ ലഭിച്ച ബോണസ് പോയിന്റ് ഏറ്റവും കുറവ് മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്ക് നല്‍കാന്‍ കഴിയുമോന്ന് ചോദിച്ചിരിക്കുകയാണ്. ആര്‍ക്ക് നല്‍കിയാലും അവന് അത് വിഷയമല്ല. സുഹൃത്താവണമെന്ന് അവന് നിര്‍ബന്ധമില്ല. പരീക്ഷയ്ക്ക് പഠിക്കാതെ ഉഴപ്പിയത് കൊണ്ടാണ് മാര്‍ക്ക് കുറഞ്ഞതെന്നോ അവന്‍ കാര്യമാക്കുന്നില്ല. കുറഞ്ഞ മാര്‍ക്ക് കിട്ടിയ കുട്ടിയെ സഹായിക്കണമെന്നത് മാത്രമാണ് അവന്റെ ലക്ഷ്യം. കുഞ്ഞുങ്ങളുടെ സ്‌നേഹപൂര്‍ണമായ ഇത്തരം പ്രവൃത്തികള്‍ പ്രതീക്ഷയുണര്‍ത്തുന്നവയാണ്. നമുക്കും ഈ കുട്ടികളെ പോലെ നന്മയുള്ളവരാകാം''. വിന്‍സ്റ്റന്‍ ലീ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സോഷ്യൽ മീഡിയ നിറഞ്ഞ കയ്യടികളോടെയാണ് ഈ ചിത്രവും കുറിപ്പും ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ 67000 ലധികം പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കുട്ടിയുടെ നല്ല മനസ്സിനെ അഭിനന്ദിച്ചാണ് മിക്കവരും രം​ഗത്തെത്തിയിരിക്കുന്നത്. 96000 പേരാണ് ലൈക്ക് നൽകിയിട്ടുള്ളത്.