ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാത്രമേ ഒഴിവുകൾ പ്രസിദ്ധീകരിക്കൂവെന്ന് വി എസ് എസ് സി അറിയിച്ചു.
തിരുവനന്തപുരം: കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വിക്രം സാരാഭായി സ്പേസ് സെൻറ്ററിൽ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴിൽ റാക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വി എസ് എസ് സി മുന്നറിയിപ്പ് നൽകി. വി എസ് സി സിയിൽ നിയമനത്തിനായി ഏതെങ്കിലും ഏജൻറ്റുമാരെയോ ഏജൻസികളെയോ അധികാരപ്പെടുത്തിയിട്ടില്ല. ഒഴിവുകൾ വി എസ് സി സിയുടെയോ ഐ എസ് ആർ ഒയുടെയോ ഔദ്യോഗിക വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തുന്നതാണെന്ന് വി എസ് സി സി അറിയിച്ചു.
വിജ്ഞാപനം ചെയ്തിരിക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നത് ഡിപ്പാർട്ട്മെൻറ്റ് ഓഫ് സ്പേസ് തയ്യാറാക്കിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മാത്രമാണ്. ഒഴിവുകൾ തികച്ചും മെറിറ്റ് അനുസൃതമായാണ് നികത്തുന്നത്. കൂടാതെ ചില വ്യാജ വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാജ നിയമന വാർത്തകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ നിയമന വാർത്തകൾക്കെതിരെ ഉദ്യോഗാർത്ഥികൾ ജാഗരൂകരാകണം. വി എസ് എസ് സി പരസ്യപ്പെടുത്തുന്ന തൊഴിൽ അവസരങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വി എസ് സി സിയുടെയും ഐഎസ്ആർഒയുടെയും ഔദ്യോഗിക വെബ്സൈറ്റുകൾ (www.vssc.gov.in) / (www.isro.gov.in) പതിവായി സന്ദർശിക്കാനും വി എസ് സി സി നിർദ്ദേശിച്ചു.
