കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പ്ലസ് വണ്‍ പഠനത്തിന് യോഗ്യത നേടുന്ന മുഴുവന്‍ ആദിവാസി കുട്ടികള്‍ക്കും സീറ്റ് ലഭിക്കുന്നുണ്ടെന്നും മറിച്ചുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും സി കെ ശശീന്ദ്രന്‍ എംഎല്‍എ. 2019 ല്‍ പത്താംക്ലാസ് വിജയിച്ച വിജയിച്ചത് 1952 ആണ്. ഇതില്‍ 1604 കുട്ടികള്‍ക്ക് പ്ലസ് വണ്ണിനും ബാക്കിയുള്ളവര്‍ക്ക് വിഎച്ച്എസ്‌സിയിലും പ്രവേശനം ലഭിച്ചിട്ടുണ്ട്. ആദിവാസി സംവരണ സീറ്റ് 529 ആണെങ്കിലും സ്പോട്ട് അഡ്മിഷന്‍ വഴിയാണ് എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നത്. 1171 കുട്ടികള്‍ക്ക് ഇത്തരത്തില്‍ പ്രവേശനം നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം പത്താംക്ലാസ് വിജയിച്ചെത്തിയ കുട്ടികള്‍ 2009 ആണ്. രണ്ട് അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ 1067 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമായിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റിലും പിന്നെയും സീറ്റ് ലഭിക്കാത്ത ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അഡ്മിഷനിലൂടെയും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്നും എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം സയന്‍സ് വിഷയങ്ങളെക്കാളും ആദിവാസി വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം ഹ്യൂമാനിറ്റീസ് വിഷയത്തോടാണ്. ഈ വിഷയത്തില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ജില്ലയില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് മതിയായ സീറ്റില്ലെന്ന വാദത്തെ തുടര്‍ന്നാണ് എംഎല്‍എയുടെ വിശദീകരണം.