തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് കോളജ് പ്രവേശനവും ക്ലാസുകള്‍ ആരംഭിക്കുന്നതും പരീക്ഷകള്‍ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സമയബന്ധിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. ചില സമയങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സര്‍ട്ടിഫിക്കറ്റുകള്‍ സമയത്ത് ലഭിക്കേണ്ടത് ഓരോ വിദ്യാര്‍ത്ഥിയുടെയും അവകാശമാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ വരുത്തുന്ന മാറ്റം മൂലം ഇത്തരത്തിലുണ്ടാകുന്ന കാലതാമസം അവസാനിപ്പിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയുടെ ഭാഗമായി സര്‍വകലാശാലകളില്‍ സേവനാവകാശം നടപ്പാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും ചെയ്യാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്.എന്നാല്‍ കൊവിഡ് 19 മൂലം ഇത് നടപ്പാക്കാനായിട്ടില്ല. കൊവിഡാനന്തരകാലത്ത് ഇത് നടപ്പാക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ മൂല്യം സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണ്. ഇതിനുതകുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കും. വിദേശഭാഷാ പഠനത്തിന് സംവിധാനം ഒരുക്കിത്തുടങ്ങിയിട്ടുണ്ട്ഔഷധസസ്യ രംഗത്തെ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഈ രംഗത്ത് ഗവേഷണം ശക്തിപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. 

വിദ്യാഭ്യാസ രംഗത്തും ഗവേഷണം വര്‍ധിക്കേണ്ടതുണ്ട്. ഇത് നാടിന്റെ വികസനത്തിന് സഹായിക്കും. ഗവേഷണ കുതുകികളായ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാവണം. ഇത് നമ്മുടെ സമ്പദ്ഘടനയ്ക്ക് പുതിയ മാനം നല്‍കുന്നതിന് വഴിവയ്ക്കും. വിവിധ വിഷയങ്ങള്‍ ഏകോപിപ്പിച്ചുള്ള കോഴ്സുകളും തൊഴിലധിഷ്ഠിത കോഴ്സുകളും ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കണം. സര്‍വകലാശാലകളും കോളേജുകളും ഇത്തരത്തില്‍ മാറണം. ദേശീയതലത്തില്‍ പത്തിനുള്ളിലും അന്താരാഷ്ട്രതലത്തില്‍ നൂറിനുള്ളിലും സ്ഥാനം നേടാന്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാവണം. 

വിദ്യാര്‍ത്ഥികളില്‍ സംരംഭക താല്‍പര്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണം. സ്റ്റാര്‍ട്ട് അപ്പുകളും കൂടുതല്‍ ശക്തിപ്പെടുത്തും. ഉന്നത നിലവാരം പുലര്‍ത്തുന്ന അധ്യാപകരും കൂടുതല്‍ സ്റ്റാഫും വിദഗ്ധരും പണ്ഡിതരുമെല്ലാം സര്‍വകലാശാലകളില്‍ വേണം. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് സാധ്യമാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷത വഹിച്ചു. 41 വിദ്യാര്‍ത്ഥികള്‍ അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. അസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി.കെ രാമചന്ദ്രന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ വി.പി മഹാദേവന്‍ പിള്ള എന്നിവര്‍ സംബന്ധിച്ചു.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് മോഡറേറ്ററായിരുന്നു.