Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഇവർ നേടിയത് നൂറ്കണക്കിന് സർട്ടിഫിക്കറ്റുകൾ, റെക്കോർഡുകൾ...!

ആലുവ മാറംപിള്ളി എംഇഎസ് കോളേജിൽ പഠിക്കുന്ന ജ്യോതിസിനോടും ആരതിയോടും അസീനയോടും ഇതേ കാര്യം ചോദിച്ചു നോക്കൂ. അവർ ഒരു കൂട്ടം സർടിഫിക്കറ്റുകൾ കാണിച്ചു തരും. എല്ലാവരും വീട്ടിൽ അടച്ചിരുന്ന കാലത്ത് ഇവർ പഠിച്ച കോഴ്‌സുകളുടെ സർടിഫിക്കറ്റുകളാണ് അത്...

won at home during the lockdown Hundreds of certificates and records
Author
Trivandrum, First Published Oct 29, 2020, 8:29 AM IST

ലോക്ക് ഡൗൺ കാലത്ത് നിങ്ങളെന്ത് ചെയ്തു എന്നു ചോദിച്ചാൽ, ഓൺലൈൻ ക്ലാസിലിരുന്നുവെന്നോ ചുമ്മാ നടന്നുവെന്നോ ആയിരിക്കും പല വിദ്യാർതഥികളുടെയും ഉത്തരം. എന്നാൽ, ആലുവ മാറംപിള്ളി എംഇഎസ് കോളേജിൽ പഠിക്കുന്ന ജ്യോതിസിനോടും ആരതിയോടും അസീനയോടും ഇതേ കാര്യം ചോദിച്ചു നോക്കൂ. അവർ ഒരു കൂട്ടം സർടിഫിക്കറ്റുകൾ കാണിച്ചു തരും. എല്ലാവരും വീട്ടിൽ അടച്ചിരുന്ന കാലത്ത് ഇവർ പഠിച്ച കോഴ്‌സുകളുടെ സർടിഫിക്കറ്റുകളാണ് അത്. ഓൺലൈൻ പ്ലാറ്റ്‌ഫോമായ കോഴ്‌സിറ വഴി ഏറ്റവും കുറഞ്ഞ കാലയളവിൽ നൂറുകണക്കിന് കോഴ്‌സുകളാണ് ഇവർ പാസായത്. അത്രയും സർട്ടിഫിക്കറ്റുകൾക്കു പുറമേ അതിവേഗം കോഴ്‌സുകൾ പാസായതിനുള്ള റെക്കോർഡുകളും അവരിൽ ചിലർ നേടി.

എന്താണ് കോഴ്സിറ?
പ്രശസ്ത യൂണിവേഴ്സിറ്റികളിലെ കോഴ്സുകൾ വീട്ടിലിരുന്ന് പഠിച്ച് സർട്ടിഫിക്കറ്റ് നേടാൻ സഹായിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് കോഴ്സിറ. എറണാകുളം ജില്ലയിലെ ആലുവ മാറംപിള്ളി എംഇഎസ് കോളേജ് അധ്യാപകരാണ് കുട്ടികളുടെ ലോക്ക് ഡൗൺ ജീവിതത്തെ ഓൺലൈൻ കോഴ്‌സുകളിലേക്ക് തിരിച്ചുവിട്ടത്. കോളേജിൽ നിന്നാണ് കോഴ്‌സിറ ഓൺലൈൻ പ്ലാറ്റ്‌ഫോം വിദ്യാർത്ഥികൾക്കായി ഒരുക്കി കൊടുത്തത്. 'എംഇഎസ് കോളേജ് പ്രിൻസിപ്പൽ അജിംസ് പി മുഹമ്മ​ദിന്റെ നേതൃത്വത്തിലായിരുന്നു ഇത്തരമൊരു തീരുമാനം. 4100 കോഴ്സുകള്‍ ചെയ്യാനുള്ള അവസരമാണ് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ കുട്ടികള്‍ക്ക് ലഭിച്ചത്. പല കോളേജുകളിൽ നിന്നായി നിരവധി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കോഴ്സിറ വഴിയുള്ള ഓൺലൈൻ പഠനത്തിന് അവസരം ലഭിച്ചിരുന്നു. മൂന്നു മാസം കൊണ്ട് 25000 ത്തിലധികം കോഴ്സുകളാണ് കോഴ്സിറയിലൂടെ പാസ്സായത്. വിദ്യാര്‍ത്ഥികളും അല്ലാത്തവരും  അവസരം പ്രയോജനപ്പെടുത്തി എന്നതാണ് ശ്രദ്ധേയം.' എംഇഎസ് കോളേജ് കോഴ്സിറ കോർഡിനേറ്ററായ ഹനീഫ കെജി വ്യക്തമാക്കി

കോഴ്സിറയുടെ ഓദ്യോ​ഗിക വെബ്സൈറ്റിൽ കയറിയാൽ കോഴ്സുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമാകും. എംഇഎസ് കോളേജ് വഴി കോഴ്സുകൾ ചെയ്തവർക്ക് സൗജന്യ പഠനമാണ് ലഭിച്ചത്. അതേ സമയം കോളേജ്  വിദ്യാർത്ഥികളല്ലാത്ത മറ്റുള്ളവർക്ക് കോഴ്സുകൾ അനുസരിച്ച് ഫീസ് അടക്കേണ്ടി വരുമെന്നും ഹനീഫ സാർ കൂട്ടിച്ചർത്തു. ഇത്തരത്തില്‍ കോളേജ് നൽകിയ അവസരം റെക്കോർഡാക്കി മാറ്റിയ മൂന്ന് വിദ്യാർത്ഥിനികളുണ്ട് ഇവിടെ. എങ്ങനെയാണ് വീട്ടിലിരുന്ന് ഇത്രയും കോഴ്‌സുകൾ പാസായതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുകയാണ് ഈ മൂന്ന് മിടുക്കികൾ.

ജ്യോതിസ് മേരി ജോർജ്ജ്

കൗതുകത്തിന് വേണ്ടിയാണ് ആദ്യമായി കോഴ്‌സിറയിൽ കോഴ്‌സ് ചെയ്തു തുടങ്ങിയതെന്ന് ആലുവ സ്വദേശിനി ജ്യോതിസ് പറയുന്നു. എംഇഎസിലെ രണ്ടാം വർഷ എംകോം വിദ്യാർത്ഥിനിയാണ് ജ്യോതിസ്. ''ഇത്രയും കോഴ്‌സ് ചെയ്യാൻ സാധിക്കുമെന്നൊന്നും ആദ്യം കരുതിയില്ല. ഇങ്ങനെ പഠിച്ചാൽ റെക്കോർഡ് സ്ഥാപിക്കാൻ കഴിയുമെന്നും അറിയില്ലായിരുന്നു. ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കോഴ്‌സാണ് ആദ്യം ചെയ്തത്. വിദേശ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ വളരെ സന്തോഷം തോന്നി. കൂടുതൽ പഠിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം വന്നു. അങ്ങനെയാണ് ഓൺലൈൻ പഠനം തുടർന്നത്.'' ജ്യോതിസ് പറഞ്ഞു. ഓൺലൈൻ കോഴ്‌സുകൾ പഠിച്ചത് വഴി രണ്ട് റെക്കോർഡുകളാണ് ജ്യോതിസിന് ലഭിച്ചിരിക്കുന്നത്.

ഓൺലൈൻ ക്ലാസ് കഴിഞ്ഞാൽ ഇഷ്ടം പോലെ സമയം ലഭിച്ചിരുന്നെന്നും ജ്യോതിസ് വ്യക്തമാക്കി. ''പല കാലയളവിലുള്ള കോഴ്‌സുകളുണ്ട് കോഴ്‌സിറയിൽ. ഷോർട്ട് ടേം കോഴ്‌സുകളും നിരവധിയുണ്ട്. പഠിക്കാനുള്ള എല്ലാ സംവിധാനങ്ങളും വീഡിയോ ഉൾപ്പെടെയാണ് നമുക്ക് ലഭിക്കുന്നത്. ചില കോഴ്‌സുകൾക്ക് അസൈൻമെന്റുകളുമുണ്ടാകും. നിർദ്ദേശമനുസരിച്ചുള്ള സമയത്ത് തന്നെ കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്യണം.'' ജ്യോതിസ് പറയുന്നു. 90 ദിവസം കൊണ്ട് 510 കോഴ്‌സുകൾ ചെയ്താണ് ജ്യോതിസ് ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ചത്. യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം അംഗീകരിച്ച ഏഷ്യൻ റെക്കോർഡ് സർട്ടിഫിക്കറ്റാണ് ജ്യോതിസിന് ലഭിച്ചത്.

ആലുവ ചുണംങ്ങംവേലി പൊക്കത്ത് വീട്ടിൽ ഐസക്കിന്റെയും ഗ്രേസിയുടെയും മകളാണ് ജ്യോതിസ് മേരി ജോർജ്ജ്. എംകോമിന് ശേഷം അക്കൗണ്ടന്റ് കരിയർ തെരഞ്ഞെടുക്കാനാണ് താത്പര്യമെന്നും ജ്യോതിസ് പറയുന്നു. ഇതുവരെ 94 ദിവസം കൊണ്ട് 620 സർട്ടിഫിക്കറ്റുകളാണ് ജ്യോതിസിന് ലഭിച്ചിട്ടുള്ളത്. ഒപ്പം  ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിന്റെ വേൾഡ് റെക്കോർഡും യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ ഏഷ്യൻ റെക്കോർഡും

ആരതി രഘുനാഥ്

എംഇഎസ് കോളേജിലേക്ക് ആദ്യമായി ഓൺലൈൻ കോഴ്‌സ് റെക്കോർഡ് കൊണ്ടുവന്നത് ആരതി രഘുനാഥാണ്. ഓൺലൈൻ പഠനത്തിലൂടെ ആരതി സ്വന്തമാക്കിയത് ലോക റെക്കോർഡാണ്. 88 ദിവസം കൊണ്ട് 520 സർട്ടിഫിക്കറ്റുകൾ നേടിയ കൊച്ചി എളമക്കര പുതുക്കലവട്ടം സ്വദേശിയായ ആരതി രഘുനാഥ് എംഇഎസ് കോളേജിലെ എംഎസ്‌സി ബയോകെമിസ്ട്രി വിദ്യാർത്ഥിനിയാണ്. യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ ഏഷ്യൻ- വേൾഡ് റെക്കോർഡുകളാണ് ആരതി പഠിച്ച് പഠിച്ച് സ്വന്തമാക്കിയിരിക്കുന്നത്.

''ഞാൻ ബയോ കെമിസ്ട്രിയാണ് പഠിക്കുന്നത്. അങ്ങനെ പഠിച്ച വിഷയവുമായി ബന്ധപ്പെട്ട കോഴ്‌സുകളാണ് ആദ്യം ചെയ്തത്. ബയോളജിയുമായി ബന്ധപ്പെട്ട കോഴ്‌സുകളായിരുന്നു ആദ്യം. പിന്നീടാണ് മറ്റ് വിഷയങ്ങൾ പഠിക്കാൻ ആരംഭിച്ചത്. ആദ്യം ചെയ്ത കോഴ്‌സിന്റെ കാലാവധി രണ്ടാഴ്ചയായിരുന്നു. അത് പഠിച്ച് പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് ലഭിച്ചു. പഠിച്ചു വന്നപ്പോൾ തുടർന്നു പഠിക്കണമെന്ന് തോന്നി.'' ഇങ്ങനെ പഠിച്ചാൽ റെക്കോർഡ് ലഭിക്കുമെന്നൊന്നും അറിയില്ലായിരുന്നു എന്നും ആരതി കൂട്ടിച്ചേർത്തു.

350 കോഴ്‌സുകൾ പൂർത്തിയാക്കിയതിന് ശേഷമാണ് റെക്കോർഡിന് വേണ്ടി അപേക്ഷ നൽകിയത്. അധ്യാപകനായ ഹനീഫ സാറിന്റെ നിർദ്ദേശ പ്രകാരമാണ് അപേക്ഷ നൽകിയതെന്നും ആരതി പറയുന്നു. നിരവധി വിദേശ സർവ്വകലാശാലകളുടെ സർട്ടിഫിക്കറ്റാണ് ആരതി സ്വന്തമാക്കിയിരിക്കുന്നത്. ടീച്ചിംഗ് ഫീൽഡാണ് പ്രൊഫഷനായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതെന്ന് ആരതി പറയുന്നു. എളമക്കര മാളിക്കേല്‍ മഠത്തില്‍ എം.ആര്‍. രഘുനാഥിന്റെയും കലാദേവിയുടെയും മകളാണ്. 

അസീന നസീം

ആരതിയുടെയും ജ്യോതിസിന്റെയും വിജയനേട്ടങ്ങൾക്കൊപ്പം മറ്റൊരു മിടുക്കികൂടി എംഇഎസ് കോളേജിലുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പള്ളിപ്പടി സ്വദേശിയായ അസീന നസീം. ഇതേ കോളേജിലെ ബിവോക് സോഫ്റ്റ്‌വെയർ സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ ബിരുദ വിദ്യാർത്ഥിനിയാണ് അസീന. 452 കോഴ്‌സുകൾ പൂർത്തിയാക്കിയാണ് അസീന നാഷണൽ റെക്കോർഡിലെത്തിയിരിക്കുന്നത്.

കൊവിഡ് 19 നെക്കുറിച്ചുള്ള ഒരു ഷോർട് ടേം കോഴ്‌സാണ് ആദ്യം കോഴ്‌സിറ വഴി ചെയ്തതെന്ന് അസീന പറയുന്നു. ഓൺലൈൻ പഠനം വഴി റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ജ്യോതിസും ആരതിയുമാണ് പ്രചോദനം. ആദ്യം മൂന്ന് കോഴ്‌സുകളാണ് പൂർത്തിയാക്കിയത്. പിന്നീടാണ് തുടർന്ന് പഠിച്ചത്. ''കോളേജിൽ ക്ലാസുകൾ ഓൺലൈനാക്കിയ സമയത്ത് പഠിക്കാൻ ധാരാളം സമയം ലഭിച്ചിരുന്നു. നൂറ് കോഴ്‌സിന് ശേഷമാണ് റെക്കോർഡ് ലഭിക്കുന്നത്.'' അസീന പറയുന്നു.  

മൂന്നു മണിക്കൂർ സമയമുള്ള കോഴ്‌സുകളും കോഴ്‌സിറയിൽ ലഭ്യമാകുമെന്ന് അസീന പറയുന്നു. ഇതുവരെ 452 കോഴ്‌സുകളാണ് പൂർത്തിയാക്കിയത്. ഐടി പ്രൊഫഷണലാകാൻ ആഗ്രഹിക്കുന്ന അസീന പ്രത്യേകമായി നന്ദി പറയുന്നത് പ്രിയപ്പെട്ട അധ്യാപകനായ ഹനീഫ സാറിനാണ്. ഒപ്പം പ്രിൻസിപ്പാൾ അജിംസ് സാറിനും. റെക്കോർഡിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. വിദേശ സർവ്വകലാശാലകളുടെ സർട്ടിഫിക്കറ്റിന് അവസരം ലഭിച്ചപ്പോൾ അത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തോന്നി. അങ്ങനെ തുടർച്ചയായി പഠിക്കാൻ തീരുമാനിച്ചത്.  അസീന പറയുന്നു.   ഐടി പ്രൊഫഷണലാകാനാണ് അസീനയുടെ ആഗ്രഹം. നസീമിന്‍റെയും ആമിനയുടെയും മകളാണ് അസീന.

ലോക്ക് ഡൗൺ കാലത്ത് വീട്ടിനുള്ളിലിരുന്ന് ബോറടിച്ചെന്ന് പറയുന്നവരുടെ മുന്നിലാണ് ലോക്ക് ഡൗൺ റെക്കോർഡാക്കി മാറ്റി ഈ മൂന്നു വിദ്യാർത്ഥികൾ നിൽക്കുന്നത്. അവസരങ്ങൾ എങ്ങനെ വിനിയോഗിക്കാമെന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ്  ജ്യോതിസും ആരതിയും അസീനയും.  
 

Follow Us:
Download App:
  • android
  • ios