യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക് ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഴിവ് പ്രസിദ്ധീകരിച്ച തീയതി മുതല്‍ 21 ദിവസത്തിനുള്ളില്‍ അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോമും വിശദ വിവരങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തിലും പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലിലും (പാസ്‌പോര്‍ട്ട് ഓഫീസ്, തിരുവനന്തപുരം സര്‍ക്കുലറുകള്‍) ലഭിക്കും. വെബ്സൈറ്റ് ലിങ്കുകൾ ചുവടെ ചേർക്കുന്നു:
https://www.mea.gov.in/Images/CPV/young-professional.pdf
https://services1.passportindia.gov.in/AppOnlineProject/pdf/YP_TRV.pdf
ലക്ഷ്യം 5,000 വിദ്യാർത്ഥികൾക്കെങ്കിലും തൊഴിൽ; വിജ്ഞാന കേരളം സ്കിൽ സമ്മിറ്റ് നടന്നു
പാലക്കാട്: ജില്ലയിലെ വിജ്ഞാന കേരളം സ്കിൽ സമ്മിറ്റ് ഗവൺമെൻറ് വിക്ടോറിയ കോളേജിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്കിൽ സെൻററുകൾ ആരംഭിക്കുന്നതിനു മുന്നോടിയായാണ് സ്കിൽസമ്മിറ്റ് നടന്നത്. പഠനം പൂർത്തിയാകുന്നതനുസരിച്ച് വിദ്യാർത്ഥികളെ തൊഴിലുകളിലേക്ക് എത്തിക്കുന്നതിനുള്ള നൈപുണ്യ വികസനമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വിജ്ഞാന കേരളം അഡ് വൈസറും മുൻ മന്ത്രിയുമായ ഡോ. തോമസ് ഐസക് പറഞ്ഞു. സ്കിൽ സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026 മാർച്ച് 31നകം 12,200 അവസാന വർഷ വിദ്യാർത്ഥികളെ നൈപുണ്യ വികസന പദ്ധതിയിലൂടെ തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമാകും. ചുരുങ്ങിയത് 5,000 വിദ്യാർത്ഥികൾക്കെങ്കിലും തൊഴിൽ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾക്കായി മെൻ്റർമാരെ സജ്ജരാക്കും. നിലവിലുള്ള അധ്യാപകർ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, സന്നദ്ധരായ മറ്റു വിദഗ്ധർ എന്നിവരിൽ നിന്നും കണ്ടെത്തി ആവശ്യമായ ഓറിയന്റേഷൻ നൽകും. ജില്ലാ മിഷൻ കോർഡിനേറ്റർ വൈ കല്യാണ കൃഷ്ണൻ, ഗവ. വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് എൽ സിന്ധു, ഡോ. പി സരിൻ, ഡോ. എ പി സുനിത, റിച്ചാർഡ് സക്കറിയ, എം എം ഷറഫുദ്ദീൻ, എന്നിവരും ജില്ലയിലെ 62 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 95 പേരും പങ്കെടുത്തു.


