ജീവലോകവും മനുഷ്യനും തമ്മിലെ ബന്ധം ഒരു എഴുത്തുകാരൻ്റെ ജീവിതത്തിലെ മൂന്ന് കാലഘട്ടത്തിലൂടെ പറയുകയാണ് സംവിധായകൻ..

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഈ വർഷം മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണ് ഷെറി ഗോവിന്ദൻ്റെ 'സമസ്ത ലോകാ'. മൂന്ന് സാഹിത്യ രചനകളെ അടിസ്ഥാനമാക്കി ഒരു എഴുത്തുകാരൻ്റെ മൂന്ന് കാലഘട്ടത്തിലൂടെ കഥപറയുകയാണ് സംവിധായകൻ. 2011ൽ നടന്ന പതിനാറാമത് ഐഎഫ്എഫ്കെയിലാണ് ഷെറിയുടെ ആദ്യ ചലച്ചിത്രം ആദിമധ്യാന്തം എത്തിയത്. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സംവിധായകൻ്റെ അഞ്ചാം ചിത്രം മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാകുമ്പോൾ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് സംസാരിക്കുന്നു.

പ്രകൃതിയും ജീവനും

പ്രകൃതിയും ജീവനുമാണ് സമസ്താ ലോകയുടെ പ്രമേയം. ജീവലോകവും മനുഷ്യനും തമ്മിലെ ബന്ധം ഒരു എഴുത്തുകാരൻ്റെ മൂന്ന് കാലഘട്ടത്തിലൂടെ പറയുകയാണ്. ടി പത്മനാഭൻ്റെ 'നായ്ക്കുട്ടികളും മനുഷ്യനും', 'പൂച്ചക്കുട്ടികളുടെ വീട്', ഫ്രഞ്ച് എഴുത്തുകാരൻ റെനെ ബാസിൻ്റെ 'ദി ബേഡ്സ് ഇൻ ദി ലെറ്റർ ബോക്സ്(തപാൽ പെട്ടിയിലെ കുരുവികൾ)' എന്നീ കഥകളെ അടിസ്ഥാനമാക്കിയാണ് സമസ്താ ലോക ഒരുക്കിയിരിക്കുന്നത്.

കഥാകൃത്തിൻ്റെ ജീവിതത്തിലെ മൂന്ന് പ്രായത്തിലാണ് സമസ്താ ലോക കഥപറയുന്നത്. എഴുത്തുകാരനും ഭാര്യയും വളർത്തിയ പൂച്ചകൾ മുഴുവനും ഒരു പകർച്ചവ്യാധിവന്ന് ചത്തുപോകുന്നു. അവർക്ക് ആ സംഭവമേല്പിച്ച ആഘാതത്തെ അതിജീവിക്കാൻ കഴിയുന്നില്ല. എഴുത്തുകാരൻ്റെ വീടിനു മുൻപിൽ ആരോ പൂച്ചക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുകയാണ് പിന്നീട്. അവയെ എടുക്കണോ ഉപേക്ഷിക്കണോ എന്ന് തീരുമാനിക്കാനാകുന്നില്ല. അവരെ സ്വീകരിച്ച് പിന്നീട് എന്തെങ്കിലും അപകടമുണ്ടായാൽ ഇവർക്കത് താങ്ങാനാകുന്നതിനും അപ്പുറമാകുമെന്ന പ്രതിസന്ധിയും, അതാണ് പൂച്ചക്കുട്ടികളുടെ വീട്. തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ ജീവിക്കുന്ന കഥാകൃത്ത്. നാട്ടുകാർ മുഴുവൻ സംഘടിച്ച് നിങ്ങൾ ഭക്ഷണം കൊടുക്കുന്നതുകൊണ്ടാണ് ഇവ പെരുകുന്നതെന്നും അവരെ കൊല്ലാം പോകുന്നുവെന്ന് പറയുമ്പൊഴുള്ള ജീവിതത്തിലെ പ്രതിസന്ധിയുമാണ് നായ്ക്കുട്ടികളും മനുഷ്യനും.

റെന ബാസിൻ നമ്മുടെ ടാഗോറിനെയൊക്കെ പോലെ അവരുടെ പ്രധാനപ്പെട്ട എഴുത്തുകാരനാണ്. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട, അയാൾ ഉത്തരം പറയേണ്ടുന്ന ഒരു കത്ത് തപാൽപ്പെട്ടിയിൽ കിടക്കുന്നു. ഒരു യാത്രകഴിഞ്ഞ് അയാൾ ഈ കത്തിനായി ഓടിയെത്തുമ്പോഴേയ്ക്കും ഒരു കുരുവി അതിൽ കൂടുകെട്ടി മുട്ടയിട്ടിട്ടുണ്ടാകും. അയാൾ അത് തുറക്കാൻ ശ്രമിക്കുമ്പോൾ കുരുവി പ്രശ്നമുണ്ടാക്കും. മുട്ട പൊട്ടിപ്പോയാലോ എന്ന് പേടിച്ച് അതു വിരിഞ്ഞിട്ടേ കത്ത് തുറക്കൂ എന്ന് കുരുവിക്ക് അയാൾ ഉറപ്പ് നൽകും. എന്നാൽ അത് തുറക്കുമ്പോഴേയ്ക്ക് അയാൾക്ക് ഹാജരാകേണ്ട ദിവസം കഴിയുന്നു അയാളുടെ ജീവിതം തന്നെ നഷ്ടമാകുന്നു. കഥകളുടെ ദൃശ്യാവിഷ്കാരം എന്ന രീതിയിലല്ല സമസ്താ ലോകയുള്ളത്, കഥയുടെ എലമെൻ്റുകൾ ഉപയോഗിച്ചിരിക്കുകയാണ്.

ടി പത്മനാഭൻ്റെ ആത്മാംശമുള്ള കഥാപാത്രം

ടി പത്മനാഭൻ്റെ ഏറ്റവും നല്ല, എന്നാൽ അധികം ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത, അദ്ദേഹത്തിൻ്റെ ആത്മാംശമുള്ള കഥകളാണ് 'നായ്ക്കുട്ടികളും മനുഷ്യനും', 'പൂച്ചക്കുട്ടികളുടെ വീട്' എന്നിവ. എഴുത്തുകാരൻ തന്നെയാണ് കഥാപാത്രം. 'ഞാൻ' എന്ന രീതിയിലാണ് അദ്ദേഹം കഥപറയുന്നത്.- ടി പത്മനാഭൻ്റെ ലോകത്തിലും എഴുത്തിലും പൂച്ച, പട്ടി, പ്രകൃതി, ജീവൻ എന്നീ വിഷയങ്ങളൊക്കെ ജൈവീകമായി തന്നെ വരാറുണ്ട്. ഈ രണ്ട് കഥകളിൽ അത് പ്രധാന വിഷയമായിരിക്കുന്നു. ഇർഷാദ്, കുക്കു പരമേശ്വരൻ, ഡോ. ബിജു എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഇർഷാദിൻ്റെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. കുക്കുവും ചെയ്തിട്ടുള്ളതിൽ ഏറ്റവും മികച്ച ഒരു കഥാപാത്രമായിരിക്കും ഇത്. ടി പത്മനാഭൻ്റെ ആത്മാംശമുള്ള കഥാപാത്രമാണ്, ഇർഷാദിന് അദ്ദേഹവുമായി രൂപസാദൃശ്യം പോലുമുണ്ട്. മലയാളത്തിൽ വേണ്ടവിധം ഉപയോഗിക്കാത്ത അഭിനയപ്രതിഭയാണ് കുക്കു.

സിനിമാക്കാരനാക്കിയത് IFFK

നമ്മുടെ സിനിമാ അവബോധത്തെ രൂപപ്പെടുത്തിയത് ഐഎഫ്എഫ്കെയാണ്. ലോക സിനിമയിൽ എന്ത് സംഭവിക്കുന്നുവെന്ന് അറിയാൻ IFFK മാത്രമായിരുന്നു മാർഗം. മൂന്ന് എഡിഷനുകൾക്കൊക്കെ ശേഷം സ്ഥിരമായി മേളയിൽ പങ്കെടുത്തിട്ടുണ്ട്. അങ്ങനെ സിനിമകൾ കാണാൻ വേണ്ടി മാത്രം ജീവിച്ച ഒരു കാലമുണ്ടായിരുന്നു. പതിനാറാമത് മേളയിലാണ് വലിയ വിവാദങ്ങൾക്ക് ശേഷം എൻ്റെ ആദ്യ ചിത്രം ആദിമധ്യാന്തം പ്രദർശിപ്പിക്കുന്നത്. മത്സരവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രം പിന്നീട് പുറത്താക്കുകയും വലിയ സമരം ഉണ്ടാവുകയും ചെയ്തു. ഒരുപക്ഷേ IFFKയുടെ ചരിത്രത്തിൽ ഒരു സിനിമയ്ക്ക് വേണ്ടി ഏറ്റവും വലിയ സമരം നടന്നത് ആവർഷമാകും, പിന്നീട് ആദിമധ്യാന്തത്തിന് ദേശീയപുരസ്കാരം ലഭിച്ചു.

മെയിൻ സ്ട്രീം മലയാള സിനിമയിലെയും സമാന്തര സിനിമയിലെയും ഏറ്റവും പുതിയ തലമുറയിൽപ്പെട്ട സംവിധായകരെപ്പോലും രൂപപ്പെടുത്തിയതിൽ ഐഎഫ്എഫ്കെയ്ക്ക് പങ്കുണ്ട്. ഈ കാലത്ത് ഐഎഫ്എഫ്കെ ഇല്ലെങ്കിലും ലോക സിനിമ കാണാൻ ഒരുപാട് അവസരങ്ങൾ ഉണ്ട്. ഇതൊന്നുമില്ലാതിരുന്ന കാലത്ത് എല്ലാ ഫിലിം മേക്കേഴ്സിനെയും രൂപപ്പെടുത്തിയത് മേളയാണ്.

സിനിമയുടെ രാഷ്ട്രീയം

കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള രാഷ്ട്രീയപ്രവർത്തനമാണ് സിനിമ. ലോകത്തുണ്ടാകുന്ന ഏറ്റവും പുതിയ ചലങ്ങൾ, മുന്നേറ്റങ്ങൾ ഒക്കെ സൂക്ഷ്മത്തിൽ സിനിമകളുടെ ഭാഗമാകും. ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും ഉണ്ടാകേണ്ട തുല്യാവകാശങ്ങളെ കുറിച്ചാണ് സമസ്താ ലോക. ഒന്നും ഒന്നിനെയും ചൂഷണം ചെയ്യാത്ത, ആരും ആരെയും കീഴടക്കാത്തെ വിശാലമായ ലോകത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.