'മാതേട്ടൻ പോയി, ഇനി മാതേട്ടന്‍റെ ചിത്രങ്ങളേ ഉള്ളൂ. ഞാൻ ആ സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അപ്പോള്‍, എന്‍റെ കുട്ടികൾക്ക് ഞാൻ മരിച്ചാലും എന്നെ ചെറുപ്പക്കാരനായിട്ട് സിനിമയിൽ കാണാം. അപ്പൊ ശരിക്കും പറഞ്ഞാൽ നമ്മൾ ആരും മരിക്കുന്നില്ല'
മുപ്പത് വയസ് തികയുകയാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്. 30-ാം ഐഎഫ്എഫ്കെയിൽ രണ്ട് മലയാള സിനിമകളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. അതിലൊന്ന് ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത 'തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്' എന്ന സിനിമയാണ്. ഈ സിനിമയെക്കുറിച്ചും സിനിമ ജീവിതത്തെക്കുറിച്ചും സംവിധായകൻ ഉണ്ണികൃഷ്‌ണൻ ആവള ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുന്നു.

ആദ്യ സിനിമ ഉടലാഴം
എന്‍റെ ആദ്യത്തെ ഫീച്ചർ ലെങ്ത് സിനിമയാണ് ഉടലാഴം. ഉടലാഴം ഏകദേശം എട്ട് വർഷങ്ങൾക്ക് മുമ്പ് മനസിലുണ്ടായ ഒരു സിനിമയാണ്. ഒരു ട്രൈബൽ ട്രാൻസ്ജെൻഡറിന്‍റെ ആത്മകഥ പോലെയാണ് ആ സിനിമ. ഉടലാഴം പറഞ്ഞ ഒരു പശ്ചാത്തലത്തിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് രണ്ടാമത്തെ സിനിമയിൽ എത്തുമ്പോൾ ഞാൻ അതിനെ കാണുന്നത്. എങ്ങനെയാണ് ശരീരം നമ്മുടെ സമൂഹത്തിൽ ഒരു ചതിയുടെ കോലായി മാറുക, അല്ലെങ്കിൽ ചതിക്കപ്പെടാനുള്ള വസ്തുവായിട്ട് ഒരു ശരീരം മാറുന്നത് എങ്ങനെയാണെന്നുള്ളതായിരുന്നു ഉടലാഴത്തിലൂടെ നമ്മൾ അന്വേഷിച്ചത്. മാമി ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു അതിന്റെ വേൾഡ് പ്രീമിയർ. കേരളത്തിലെ കേരളത്തിൽ ആദ്യത്തെ സ്ക്രീനിങ് ഐഎഫ്എഫ്കെയിൽ ആയിരുന്നു. ഐഎഫ്എഫ്കെയിൽ ഉടലാഴം മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ആ വിഷയവും സിനിമയും അതേ രീതിയിൽ തന്നെ പരിഗണിക്കപ്പെട്ടു എന്നുള്ളതിൽ വളരെ സന്തോഷം. ഐഎഫ്എഫ്കെയിലെ സിനിമാ യാത്രയുടെ തുടക്കമായിരുന്നു അത്. ഉടലാഴം കഴിഞ്ഞ് ആറ് വർഷത്തിനുശേഷമാണ് 'തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്' എന്ന അടുത്ത സിനിമയുമായി ഐഎഫ്എഫ്കെയിലേക്ക് വരുന്നത്. അന്ന് കേരള ടുഡേയിൽ ആയിരുന്നു ഉടലാഴം പ്രദർശിപ്പിച്ചതെങ്കിൽ ഇന്ന് നമ്മുടെ രണ്ടാമത്തെ സിനിമ കാണിക്കുന്നത് രാജ്യാന്തര മത്സര വിഭാഗത്തിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സിനിമ അക്കാദമിക്കായി പഠിച്ചിട്ടില്ലാത്ത, എന്നാൽ അതിയായ പാഷൻ ഉള്ളതുകൊണ്ട് സിനിമ ചെയ്യുന്ന ഒരാൾ എന്ന രീതിയിൽ അതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.
‘തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്’
തന്തപ്പേര് എന്നാൽ അച്ഛന്‍റെ പേര്, അതു തന്നെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ലൈഫ് ഓഫ് എ ഫാലസ് എന്ന് പറയുന്ന അതിന്‍റെ ടാഗ് ലൈനിന്‍റെ അർഥം, 'ഉദ്ധരിക്കപ്പെട്ട പുരുഷ ജനനേന്ദ്രിയത്തിന്‍റെ ജീവിതം' എന്നാണ്. 'തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്' എന്ന സിനിമയെ രണ്ട് രീതിയിലാണ് നമ്മൾ സമീപിച്ചത്. ഒന്ന്, അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട്- ഇന്ത്യയിലെ ഗോത്രവിഭാഗങ്ങളിൽ, ഇന്ത്യൻ ആദിവാസി വിഭാഗങ്ങളിൽ എങ്ങനെയാണ് അടിയന്തരാവസ്ഥ പ്രവർത്തിച്ചത് എന്നുള്ള ഒരു അന്വേഷണം. രണ്ടാമത്തേത്, വംശഹത്യക്ക് വിധേയരായ അല്ലെങ്കിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഗോത്രവിഭാഗങ്ങൾ കേരളത്തിലുമുണ്ട്, അവരുടെ വംശനാശത്തിന് കാരണം എന്തായിരുന്നു എന്ന അന്വേഷണത്തിലൂടെ അവരുടെ ക്രൈസിസുകളെ കുറിച്ചുള്ള ശ്രദ്ധക്ഷണിക്കൽ. എന്‍റെ 'ലാസ്റ്റ് പേജ്' എന്ന ഡോക്യുമെന്‍ററി പുറത്തിറങ്ങിയിട്ട 15 വർഷമായി. അതായത്, 16 വർഷം മുമ്പ് നമ്മൾ തുടങ്ങിയ ഒരു ഗവേഷണത്തിന്‍റെ തുടർച്ചയാണ് 'തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്' എന്ന സിനിമ വരെ എത്തിനിൽക്കുന്നത്.
ചോലനായ്‌കർക്കുള്ള സമർപ്പണം
ഒരു വിഷയം ആരിലൂടെ പറയണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉടലാഴം കഴിഞ്ഞ് ഞാൻ നിൽക്കുന്ന സമയത്ത് എന്‍റെ മുന്നിൽ ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്നു. എനിക്ക് വേണമെങ്കിൽ ഇത് കുറച്ചുംകൂടി വാണിജ്യപരമായ സിനിമകൾ സംവിധാനം ചെയ്യാമായിരുന്നു. ഒന്നുരണ്ട് പ്രൊജക്റ്റുകൾ മുന്നിൽ വരികയും ചെയ്തു. എന്നാൽ ആ സിനിമകളിലൊന്നും എനിക്കൊരു തൃപ്തി വരാതിരുന്ന സമയത്താണ് ഉടലാഴമാണ് ഞാന്‍ ഇനി ചെയ്യേണ്ടത് എന്ന് ഞാൻ ഉറപ്പിക്കുന്നത്. എങ്ങനെ കാസ്റ്റ് ചെയ്യണം എന്ന ചോദ്യമായി അടുത്തത്. നമുക്കറിയാം, നമ്മൾ പറയുന്ന പ്രമേയത്തിന് ശക്തി എത്രയുണ്ടായിട്ടും സിനിമ എത്രമാത്രം ഉഷാറായിട്ടൊന്നും കാര്യമില്ല. ഇവിടെ സിനിമ തിയേറ്ററുകളിൽ ആളുകൾ കാണണമെങ്കിൽ അതിന് ചില പൊടിക്കൈകൾ കൂടെ നമ്മൾ ചേർക്കേണ്ടതുണ്ട്. ആ പൊടിക്കൈകളിലൂടെ ഈ സിനിമ ചെയ്യാൻ എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. പ്രൊഫഷണൽ ആയിട്ടുള്ള ആർട്ടിസ്റ്റുകളെ കാസ്റ്റ് ചെയ്താൽ നന്നാകുമോ എന്ന് ആകെ കൺഫ്യൂഷനായിരുന്നു. ഒരു ഗോത്രസമൂഹത്തിലെ ഒരാളുടെ കണ്ണ്, അവരുടെ സ്‌കിന്നിന്‍റെ ടോൺ ഇതൊക്കെ സിനിമയുടെ പരിചരണത്തിൽ വളരെ പ്രധാന്യമർഹിക്കുന്നതാണ്. കഥാപാത്രങ്ങളുടെ സൂക്ഷ്‌മത നമ്മൾ കാത്തുസൂക്ഷിക്കണം. അങ്ങനെയാണ്, ഗോത്രവിഭാഗത്തിൽ നിന്നുള്ള ആളുകൾ തന്നെയാണ് ഈ സിനിമയിൽ അഭിനയിക്കേണ്ടത് എന്ന് ഉറപ്പിക്കുന്നത്.

ഇപ്പോഴും ഗുഹകളിൽ അധിവസിക്കുന്ന ചോലനായ്ക്കരാണ് 'തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്' സിനിമയിലെ കഥാപാത്രങ്ങൾ. അവർക്ക് കഥയിൽ വളരെയധികം പ്രാധാന്യമുണ്ട്. ചോലനായ്ക്ക സമൂഹത്തിലുള്ള ആളുകളുടെ ഭാഷ വളരെ പ്രധാനപ്പെട്ടതാണ്. കാരണം എന്താണെന്ന് വെച്ചാൽ, 200-ൽ താഴെ ആളുകൾ മാത്രമാണ് ഈ ചോലനായ്ക്ക വിഭാഗത്തിൽ അവശേഷിക്കുന്നത്. ഏഷ്യയിൽ അവശേഷിക്കുന്ന ഏക ഗുഹ മനുഷ്യരാണ് അവർ. അത്രമാത്രം ആന്ത്രോപോളജിക്കലി പ്രാധാന്യമുള്ള ഒരു ജനസമൂഹമാണ് അത്.
ചോലനായ്ക്കരുടെ ഭാഷ, വിനോദ് ചെല്ലൻ എന്ന ചാലകശക്തി
ചോലനായ്ക്കരുടെ ഭാഷ ഞാനേറെ ശ്രദ്ധിച്ചിരുന്നു. പല വാക്കുകളും ഇവർ പറയുന്നത് മലയാളത്തിലാണ്. അതായത്, മലയാളമേ സംസാരിച്ചിട്ടില്ലാത്ത ഒരു വിഭാഗം എങ്ങനെയാണ് മലയാളം സംസാരിക്കുന്നത് എന്നൊരു ചോദ്യം എപ്പോഴും മനസിലേക്ക് വരും. ആ പദങ്ങൾക്ക് പകരം ചോലനായ്ക്കരുടെ ഭാഷയിലെ വാക്കുകൾ എവിടെ? എന്നൊരു സംശയം എനിക്ക് ആദ്യമേ ഉണ്ടായിരുന്നു. അപ്പോ അങ്ങനെ അന്വേഷിക്കുമ്പോഴാണ് ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ഗവേഷകനായ വിനോദ് ചെല്ലൻ എന്ന സുഹൃത്തിന്‍റെ സഹായം ഞാൻ തേടുന്നത്. ഉടലാഴം മുതലുള്ള സൗഹൃദമാണ് അദേഹവുമായി. വിനോദ് ഞാനും കൂടി തിരക്കഥ ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്‌തു. കാരണം, ഗോത്രത്തിന് പുറത്തുനിന്നുള്ള ഒരാൾ ഒരു സിനിമ ചെയ്യുമ്പോൾ എപ്പോഴും അയാളൊരു അന്യൻ ആണ്. അങ്ങനെയൊരാൾ ഒരു സിനിമ ചെയ്യുമ്പോൾ അതിൽ ആ ഗോത്രത്തിന്റെ തന്നെ ഒരു സെൻസറിങ് ആവശ്യമുണ്ട്. കാരണം, എന്റെ കാഴ്ചക്കപ്പുറത്തേക്ക് എങ്ങനെയാണ് അവർ ഈ വിഷയത്തെ കാണുന്നത് എന്ന സന്ദേഹം വളരെ നിർണായകമാണ്. വിനോദും കൂടി വന്നതോടെ സ്ക്രിപ്റ്റ് ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞു. ഒന്നര വർഷം കൊണ്ട് സ്ക്രിപ്റ്റ് പൂർത്തിയാക്കിയതിനു ശേഷമാണ് ഞങ്ങൾ ഷൂട്ടിംഗിലേക്ക് കടക്കുന്നത്. പക്ഷേ, സിനിമ പൂര്‍ത്തിയാക്കുക വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല.
കിംഗ് ഓഫ് ദി ഫോറസ്റ്റ്
ചോലനായ്ക്ക ഗോത്രവിഭാഗം 'കിംഗ് ഓഫ് ദി ഫോറസ്റ്റ്' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്തുകൊണ്ടാണ് അവരെ കിംഗ് ഓഫ് ദി ഫോറസ്റ്റ് എന്ന് വിളിക്കാൻ കാരണം എന്ന കൗതുകം എനിക്കും ഉണ്ടായിരുന്നു. ഗ്രാമാതിർത്തിയിൽ നിന്ന് അകലെ അകക്കാട്ടിൽ 35 കിലോമീറ്റർ ഉള്ളിലാണ് ഇപ്പോഴും ഇവരുടെ വാസസ്ഥലം. പ്രത്യേക അനുമതികൾ വാങ്ങി സർക്കാർ ഏജൻസികൾ അല്ലാത്ത ആരും കരിമ്പുഴ സാങ്ച്വറിയിൽ അവരുടെ അടുത്തേക്ക് പോകാറില്ല. അപ്പോ അങ്ങോട്ട് പോകുന്നില്ല. അതിനാൽതന്നെ അവിടം അവരുടേതായ രീതിയിൽ ഒരു 'രാജ്യമാണ്'. ചോലനായ്ക്കർ സമൂഹം താമസിക്കുന്ന സ്ഥലങ്ങളെ ചോലക്കാരി എന്നാണ് വിളിക്കുന്നത്. അവിടെ അവർ ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ പരമാധികാര സ്വതന്ത്ര വ്യവസ്ഥയിലാണ് ഇവർ ജീവിക്കുന്നത്.
നാല് മാസത്തക്കാലത്തെ ട്രെയിനിംഗ്
'ഇത് നിങ്ങളുമായിട്ടുള്ള ബന്ധം ആയതുകൊണ്ടാണ് ഇല്ലെങ്കിൽ ഞാൻ ഈ സാധനം ഒക്കെ വലിച്ചെറിഞ്ഞു പോയിട്ടുണ്ടായിരുന്നു'... മുഖ്യവേഷത്തിൽ അഭിനയിച്ച വെള്ളക്കരയൻ ഷൂട്ടിംഗിനിടയിൽ വന്നിട്ട് എന്നോട് പറയും. എപ്പോഴും സ്വയം തീരുമാനിച്ച്, അവനവന്റെ ഇഷ്ടത്തിന് ജീവിക്കുന്ന മനുഷ്യരാണല്ലോ അവർ. സ്വന്തം അച്ഛനോ അമ്മയോ പോലും കാര്യങ്ങളിൽ ഇടപെടാത്ത, അത്രയേറെ സ്വാതന്ത്ര്യബോധം ഉള്ളിൽ സൂക്ഷിക്കുന്ന കുറേ മനുഷ്യരെ, സുഹൃത്തുക്കളെ, ഇങ്ങനെ ഒരു കഥാപാത്രമാക്കി ക്യാമറയ്ക്ക് മുന്നിൽ നിർത്തുക എന്നുള്ളത് വലിയ ബുദ്ധിമുട്ടായിരുന്നു. അഭിനയിപ്പിക്കൽ ആയിരുന്നില്ല പ്രശ്നം. അവരുടെ മനസ്സിനെ ഒരു കഥാപാത്രത്തിലേക്ക് മെരുക്കി കൊണ്ടുവരിക എന്നുള്ളതായിരുന്നു ആദ്യത്തെ ബുദ്ധിമുട്ട്. ക്യാമറയിൽ നോക്കാനും അഭിനയിക്കാനും നാല് മാസത്തോളം പരിശീലിപ്പിച്ചപ്പോൾ എനിക്ക് മനസിലായി, ഞാൻ വിചാരിച്ചതിനേക്കാളും ഗംഭീരമായിട്ട് അവർ അഭിനയിക്കുന്നുണ്ട്.

രാത്രി വന്ന ഒരു ഫോൺ കോളിന്‍റെ മായാത്ത ഉലച്ചിൽ
അതൊരു തേൻ സീസണായിരുന്നു. ഈ സിനിമയുടെ ആറ് വർഷം കഴിഞ്ഞുള്ള പാക്കപ്പ് വരികയാണ്. രണ്ട് സീനേ ബാക്കിയുള്ളൂ. എന്തെങ്കിലും ഷൂട്ട് ചെയ്യാൻ വിട്ടുപോയോ എന്നറിയാൻ ഓരോ സീനും ക്രോസ് ചെക്ക് ചെയ്ത് വെച്ച് ഇങ്ങനെ ഇരിക്കുന്ന സമയത്താണ് പെട്ടെന്ന് വിനോദ് ചെല്ലൻ രാത്രി എന്നെ വിളിക്കുന്നത്. 'ഉണ്ണി, ഒരു പ്രശ്നമുണ്ട്, ആന ആക്രമിച്ചു'. ഞാൻ അപ്പോൾ 3 മണിക്കൂർ ദൂരത്തിൽ ഇങ്ങ് മലപ്പുറത്തായിരുന്നു. ആകെപ്പാടെ സ്‌തംഭിച്ചുപോയ നിമിഷങ്ങൾ. അപ്പോ അവിടെ അകത്തുള്ള അവരുടെ ഒരു അവസ്ഥ എന്തായിരിക്കും? അത് ശരിക്കും പറഞ്ഞാൽ പൂച്ചപ്പാറ മണിയുടെ മരണം അവരെ ഭീകരമായി അവരെ ഉലച്ചുകളഞ്ഞു. ഇപ്പോഴും നമ്മുടെ നായകൻ ഉൾപ്പെടെയുള്ള ആളുകൾ അവർ ആദ്യം താമസിച്ചിരുന്ന സ്ഥലത്തേക്ക് പോകുന്നില്ല. ടീമിൽ മണി ആരായിരുന്നു എന്ന് നമുക്കറിയാമല്ലോ. അവിടെ തേനെടുക്കാനും മറ്റും ചെറുപ്പക്കാരുടെ ഒരു സ്ട്രോങ്ങ് ഗ്യാങ് ഉണ്ട്. അതിന്‍റെ ക്യാപ്റ്റൻ മണിയാണ്. അതിന് മുമ്പ്, മാതൻ എന്ന ശാന്തനായൊരു മനുഷ്യനും കൊല്ലപ്പെട്ടിരുന്നു. ഷൂട്ട് ഒക്കെ പ്ലാൻ ചെയ്‌ത് സ്ക്രിപ്റ്റ് ലോക്ക് ചെയ്തിരുന്ന സമയത്താണ് അദേഹത്തിനെ ആദ്യം ആന ചവിട്ടിക്കൊന്നത്.
അതുകഴിഞ്ഞ് മണിക്ക് ഇത് സംഭവിക്കുമ്പോൾ, ഇതുവരെ നമുക്കിത് പുറത്തുള്ള ഒരു കഥയായിരുന്നു എങ്കിൽ ഇതിപ്പോ ഞങ്ങളുടെ കുടുംബത്തിനകത്തുള്ള കഥയായി മാറി. മരണം എപ്പോഴാണ് സംഭവിക്കുക എന്ന് അറിയില്ലെന്നാണ് ചോലനായ്ക്കർ പറയാറ്. 'പുലിയാണോ, ആനയാണോ എന്ന് അറിയില്ല' എന്നാണ് പറയുക. ഒരുവശത്ത് മരണങ്ങൾ സംഭവിക്കുമ്പോഴും പടം മുന്നോട്ട് പോകുകയായിരുന്നു എന്ന യാഥാർഥ്യം നമ്മൾ പിന്നെയാണ് തിരിച്ചറിഞ്ഞത്.
ഈ സിനിമ പൂർത്തിയാവാൻ ഏറ്റവുമധികം ആഗ്രഹിച്ചത് മണി
പൂച്ചപ്പാറ മണിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് 'തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്' പൂർത്തിയാക്കുക എന്നുള്ളതായിരുന്നു. എത്രയും പെട്ടെന്ന് പടം പൂർത്തിയാക്കണം എന്ന് മണി കൂട്ടുകാരോട് ഒക്കെ പറയുമായിരുന്നു. 'മാതേട്ടൻ പോയി, ഇനി മാതേട്ടന്‍റെ ചിത്രങ്ങളേ ഉള്ളൂ. അപ്പൊ ഞാനൊന്നും വെറുതെയായി പോവില്ല. കാരണം ഞാൻ ആ സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അപ്പൊ എന്റെ കുട്ടികൾക്ക് ഞാൻ മരിച്ചാലും ഞാനിങ്ങനെ ചെറുപ്പക്കാരനായിട്ട് സിനിമയിൽ കാണാം. നിങ്ങളെയൊക്കെ സിനിമയിൽ കാണാം. അപ്പൊ ശരിക്കും പറഞ്ഞാൽ നമ്മൾ ആരും മരിക്കുന്നില്ല'- മണി തമാശയ്ക്ക് പലവട്ടം പറഞ്ഞത് അറംപറ്റിയ പോലെയായി. അവർ കുറച്ചുപേർ പോകുംവഴി അവിടെ ആനയുണ്ട് എന്ന് ആദ്യം തിരിച്ചറിഞ്ഞത് മണിയായിരുന്നു. പൊടുന്നനേ ആന ആക്രമിക്കാൻ തുനിഞ്ഞപ്പോൾ കൂടെയുള്ളവരെ രക്ഷിക്കാൻ വേണ്ടി മുന്നിലേക്ക് സ്വയം കയറിക്കൊടുക്കുകയായിരുന്നു മണി. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത രീതിയിലാണ് ചോലനായ്ക്കരുടെ സ്നേഹവും പരസ്പരമുള്ള കരുതലുകൾ. ബാക്കിയുള്ള ആളുകൾ ചിതറിയോടി, കുട്ടിയെ മണി ദൂരേക്ക് എറിയുകയും ചെയ്തു. അവിടുന്ന് ഏകദേശം 100, 200 മീറ്റർ നിരങ്ങി നിരങ്ങിയാണ് ആനയിൽ നിന്ന് മണി രക്ഷപ്പെടുന്നത്. പക്ഷേ, അപ്പോഴും തലയ്ക്കോ മറ്റോ ഏറ്റ വലിയ ആഘാതം മണിയെ കീഴ്പ്പെടുത്തിയിരുന്നു.
കാസ്റ്റിംഗിലെ സാഹസികത, കൃത്യമായ ഇടപെടൽ
തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസിൽ ഉടലാഴത്തിനേക്കാൾ കൂടുതൽ ആളുകളെ വേണമെങ്കിൽ എനിക്ക് കാസ്റ്റ് ചെയ്യാമായിരുന്നു. പക്ഷേ, ഞാൻ നേരത്തെ പറഞ്ഞപോലെ കഥാപാത്രങ്ങളുടെ സവിശേഷത അതേ കൃത്യമായിൽ വേണം എന്നുള്ളതുകൊണ്ട് ചോലനായ്ക്കരെ തന്നെ കാസ്റ്റ് ചെയ്യാം എന്നുള്ളതായി തീരുമാനം. കാരണം, അവർ സംസാരിക്കുന്ന ഭാഷ തമിഴ്, തെലുഗു, കന്നട, തുളു ഈ നാല് ഭാഷകൾ ഉൾപ്പടെയുള്ള സങ്കര ഭാഷയാണ് ഇവർ സംസാരിക്കുന്നത്. മലയാളികളുടെ മാതൃഭാഷ മലയാളമാണ്. പക്ഷേ, മാതൃഭാഷയായ മലയാളത്തിന് പുറത്ത് മുപ്പതോളം ഭാഷകൾ കേരളത്തിലുണ്ട്. അതിൽ എണ്ണം പറഞ്ഞ ഒരു ഭാഷയാണ് ചോലനായ്ക്കർ വിഭാഗത്തിന്റേത്. അതിനാൽ, ചോലനായ്ക്കർ സംസാരിക്കുന്ന ഈ ഭാഷയിൽ ഈ ഭാഷ പകർത്തുക എന്നുള്ളത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു. അത് മറ്റൊരാളെ പറഞ്ഞു പഠിപ്പിച്ച് പകർത്തുക എന്നതിനേക്കാൾ അവര് തന്നെ സംസാരിക്കുക എന്ന് പറയുന്നത് അത്രയും കൃത്യമായിരിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്. പിന്നെ മാത്രമല്ല, നിങ്ങൾ അവരുടെ അഭിനയം ഒന്ന് കണ്ടുനോക്കണം. അപ്പോ നിങ്ങൾക്ക് മനസ്സിലാകും എന്റെ തീരുമാനം എത്ര കൃത്യമായിരുന്നു എന്ന്.

ഒരു നഴ‌്‌സ് തന്നെ സൂചനയിൽ നിന്ന് സിനിമയിലേക്ക്
അറനാടരുടെ ഡോക്യുമെന്‍ററി ചെയ്യുന്ന സമയത്ത് അറനാടറിലെ പ്രായമായ രണ്ടുമൂന്ന് മനുഷ്യരുമായി ഞാൻ കുറേ സമയം സംസാരിക്കാനിടയുണ്ടായി. അതിൽ നിന്നാണ് തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസിന്‍റെ വിഷയം എനിക്ക് കിട്ടുന്നത്. അടിയന്താരവസ്ഥക്കാലത്ത് വന്ധ്യംകരണം ഗോത്ര വിഭാഗങ്ങളിലും നടന്നിരുന്നു എന്ന വിവരം ലഭിച്ചത് അങ്ങനെയാണ്. എന്നാലത് സ്ഥിരീകരിക്കണമല്ലോ. അങ്ങനെ അന്വേഷിച്ചപ്പോൾ, അടിയന്തരാവസ്ഥക്കാലത്ത് നടന്ന ഒരു വന്ധ്യംകരണ ക്യാമ്പിലെ ജീവനക്കാരനായിരുന്ന ഒരാളെ പരിചയപ്പെടാൻ കഴിഞ്ഞു. എന്‍റെ പ്രിയപ്പെട്ട ഒരാളുടെ അമ്മയാണ് അയാളിലേക്ക് എനിക്ക് വഴി കാണിക്കുന്നത്. പിന്നീട് ഇതുപോലുള്ള പല ക്യാമ്പുകളിലും പങ്കെടുത്ത ആളുകളുമായി സംസാരിക്കുകയും വിഷയത്തിന്റെ ധാരണ ഉറപ്പിക്കുകയും ചെയ്‌തു. അങ്ങനെയാണ് 'തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്' എന്ന സിനിമയിലേക്ക് കടക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് മുഖ്യധാരാ സമൂഹത്തിൽ എന്തൊക്കെ സംഭവിച്ചു എന്ന കണക്കുകൾ നമുക്കറിയാം. അരിക്വൽക്കരിക്കപ്പെട്ട മനുഷ്യർ ആ സമയത്ത് എങ്ങനെ ജീവിച്ചു എന്ന് നമ്മൾ അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്?
സിനിമ ലേബൽ ചെയ്യപ്പെടുമോ? ആ പേടിയില്ല
'അടുത്തതും ആദിവാസി സിനിമയാണ്'. ചില മാധ്യമ സുഹൃത്തുക്കളടക്കം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഞാനിതിനെ അങ്ങനെയല്ല കാണുന്നത്. ആദിവാസി സിനിമ എന്ന് ആരാണ് ഇതിനെ പേരിട്ട് വിളിക്കുന്നത്? ഒരു ഗോത്രവിഭാഗത്തിന്‍റെ ജീവിതം പറയുമ്പോൾ അതിനെ ആദിവാസി സിനിമ എന്ന് നിങ്ങൾ വിളിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് തിരികെയുള്ള എന്‍റെ ചോദ്യം. കാരണം, നായർ കേന്ദ്രീകൃത സിനിമയ്ക്ക് നിങ്ങൾ നായർ സിനിമ എന്ന് പറയുന്നില്ല, ഇസ്ലാം സിനിമ എന്ന് പറയുന്നില്ല, ക്രിസ്ത്യൻ സിനിമ എന്ന് പറയുന്നില്ല. പിന്നെ ഒരു ഗോത്ര വിഭാഗത്തിന്റെ കഥ പറയുമ്പോൾ അതെങ്ങനെയാണ് ഈ പറയുന്ന ആദിവാസി സിനിമയാക്കി ചുരുക്കി കളയുന്നത്? ഇതൊരു പൊതുബോധത്തിന്‍റെയും കൂടെ പ്രശ്‌നമാണ്. ഞാൻ പറയുന്നത് മനുഷ്യരുടെ കഥയാണ്. നിങ്ങൾ നായരെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ഒക്കെ കണ്ടതുപോലെ തന്നെ നമ്മൾ ഇവരെയും കാണേണ്ടതുണ്ട്. കാരണം, നിങ്ങൾ അല്ലെങ്കിൽ നമ്മൾ കണ്ടിട്ടും കാണാത്തതായി നടിക്കുന്ന മനുഷ്യരുടെ കഥയാണത്.
ഒരു കഥ മുഖ്യധാരയ്ക്ക് മുന്നിലേക്ക് വെക്കുമ്പോൾ അത് എന്‍റേതല്ലല്ലോ എന്നുള്ള തോന്നലിൽ നിന്നാണ് ഈ മാറ്റി നിർത്തൽ സംഭവിക്കുന്നത്.
'സൈഡ്-ലൈൻ ചെയ്യപ്പെട്ടാലും സന്തോഷം'
ഐഎഫ്എഫ്കെയിൽ കലാമൂല്യമുള്ള സിനിമകൾ ഇഷ്ടപ്പെടുന്ന ആളുകൾ ഏറെ വരുന്നതുകൊണ്ടായിരിക്കും അവിടെ അത്രയും ഉന്തും തള്ളും ഉണ്ടാകുന്നത്. എന്നാൽ അതിന്‍റെ എത്രയോ ഇരട്ടിയിലധികം ആളുകൾ പുറത്തുണ്ട്. ഇവരൊന്നും ഈ സിനിമ തിയേറ്ററിൽ വന്നാൽ കാണില്ല. അതുകൊണ്ടാണ് ഇതൊരു ആദിവാസി സിനിമ അല്ലെങ്കിൽ അക്കാദമിക് സിനിമ എന്നൊക്കെ പറഞ്ഞ് മാറ്റിനിർത്തപ്പെടുന്നത്. ഈ സിനിമയൊന്നും ടിക്കറ്റ് എടുത്ത് കാണേണ്ട സിനിമയല്ല എന്ന് പലരും കരുതുന്നു. കഴിഞ്ഞ ദിവസം ഒരാളോട് ഞാൻ ചോദിച്ചപ്പോ അയാൾ പറഞ്ഞു, ഇതിനൊന്നും എന്‍റർടെയ്ൻമെന്‍റ് വാല്യൂ ഇല്ലെന്ന്. എന്താണ് സിനിമ എന്ന വിനോദം? 'തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്' ഒന്ന് കണ്ടുനോക്കണം. 'ഉടലാഴം' കണ്ടിട്ട് രണ്ട് മണിക്കൂർ ബോറടിച്ചു എന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. വെറുതെ ഇരുന്ന് ചിരിപ്പിക്കാൻ വേണ്ടിയുള്ള കൃത്രിമ ഉപാധികൾ ഒന്നും നമ്മുടെ കയ്യിലില്ല, പക്ഷേ സിനിമ നിങ്ങളെ എൻഗേജ് ചെയ്യിക്കും. രണ്ട് മണിക്കൂർ തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസും കാഴ്ചക്കാരെ എൻഗേജ് ചെയ്യിപ്പിക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്. അതിന്‍റെയൊക്കെ പേരിൽ സൈഡ്-ലൈൻ ചെയ്യപ്പെടുന്ന സിനിമക്കാരനാണ് എങ്കിൽ ഞാൻ അതിൽ സന്തോഷിക്കുന്നു. നാളെ മറ്റൊരു തലത്തിലുള്ള സിനിമയായിട്ട് ഞാൻ വരില്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഇത്തരം അക്കാദമിക് സിനിമകൾ എടുക്കാനും നമുക്കിവിടെ ആളുകൾ വേണ്ടേ?
പിആറിന് കോടികളൊഴുക്കുന്ന സിനിമകൾ
ഇന്ന് കോടിക്കണക്കിന് രൂപയാണ് സിനിമകളുടെ മാർക്കറ്റിംഗിനായി ചിലവഴിക്കപ്പെടുന്നത്. പരസ്യ പ്രചരണ പരിപാടികൾ മാറി. കൊമേഴ്സ്യൽ സിനിമകൾ അങ്ങനെയാണ്, പിആർ വർക്കിലൂടെ കൃത്രിമമായി സിനിമയെ ശ്രദ്ധിക്കാനുള്ള അറ്റൻഷൻ പോയിന്‍റികൾ നിർമ്മിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. എന്നാൽ നമ്മുടെ പോലുള്ള സിനിമകൾ അത്രയും വലിയ മുതൽമുടക്കിൽ അല്ല നിർമ്മിക്കുന്നത്. ഇതിന് ആവശ്യമുള്ള മുതൽമുടക്ക് മാത്രമാണ് നമ്മൾ ചിലവഴിക്കുന്നത്. അപ്പോൾ അത്രയും വലിയ ഒരു പിആർ വർക്ക് നടത്താനോ നിങ്ങളുടെ ശ്രദ്ധയിലേക്ക് ഇതിന്റെ ടൈറ്റിലുകൾ എത്തിക്കാനോ അല്ലെങ്കിൽ ജനപ്രിയ ചേരുവകളുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കാനൊന്നും നമുക്ക് കഴിയില്ല. 'നമ്മൾ ആകെ നിങ്ങളോട് പറയുന്നത് സിനിമ ചെയ്തിട്ടുണ്ട്, ആ സിനിമ ഒന്ന് കാണണം'- എന്ന് മാത്രമാണ്. സിനിമ സത്യസന്ധമായിട്ടാണ് നമ്മൾക്ക് ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. സിനിമ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് എന്നാണ് ഞാൻ കരുതുന്നത്.

രണ്ടുതരം സിനിമകൾ, രണ്ടിലും പെടാതെ നമ്മൾ!
തിയേറ്ററിൽ വന്ന ആട്ടം നമുക്ക് ഓർമ്മ കാണും, ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയായിരുന്നു അത്. എനിക്ക് എന്‍റെ ഉള്ളിലുള്ള ആണഹന്തയെ മനസിലാക്കി തന്ന ഒരു ടെക്സ്റ്റ് ആണ് ശരിക്കും ആ സിനിമ. എന്നാൽ, ഞാൻ കാണുമ്പോൾ തിയേറ്ററിൽ എട്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ഈ ആഴ്ച തിയേറ്ററിൽ ഉണ്ടായിരുന്ന വിക്ടോറിയ വരെ അതായിരുന്നു അവസ്ഥ. അതിനിടയിൽ വന്ന ഫെമിനിച്ചി ഫാത്തിമ, തടവ് എന്നിങ്ങനെയുള്ള സിനിമകളൊക്കെ വന്നു. ഈ സിനിമകളൊന്നും മോശം സിനിമകളോ ബോറടിക്കുന്ന സിനിമകളോ അല്ല. ഇതൊക്കെ നമുക്ക് അനായാസം കണ്ടിരിക്കാൻ പറ്റും. പക്ഷേ, തിയേറ്ററിൽ പോയിരുന്നു ടിക്കറ്റ് എടുത്ത് കാണാൻ പറ്റുന്ന സിനിമകളല്ല ഇവയെന്ന ധാരണ പലർക്കുമുണ്ട്. തടവും വിക്ടോറിയയും മുന്നോട്ട് വെക്കുന്നത് ടെക്സ്റ്റുകളാണ്, വലിയ ക്ലാസ്സാണ്. എന്നിട്ടും കാണാൻ ആളില്ല. തിയേറ്ററുകളിൽ വിജയിക്കാത്ത സിനിമകൾക്ക് ഇനി ഒടിടി പ്ലാറ്റ്‌ഫോമിലും സാധ്യതയില്ല എന്നാണ് പറയുന്നത്. അങ്ങനെയാണെങ്കിൽ ഇത്തരം സിനിമകൾ പുറത്തിറങ്ങാനുള്ള സാധ്യത വിരളമാകും.
രണ്ട് തരത്തിലുള്ള സിനിമകളാണ് ഇനിയുണ്ടാവുക. ഒന്ന്, ഇൻഡസ്ട്രിയൽ ഹിറ്റ് ആവുന്ന, 100 കോടി ഉണ്ടാക്കാൻ ശ്രമിക്കുന്ന സിനിമകൾ. രണ്ട്, ഇന്‍റര്‍നാഷണൽ ഫെസ്റ്റിവലുകൾക്ക് അയച്ചിട്ട് ഫെസ്റ്റിവൽ അവാർഡ് വാങ്ങുന്ന സിനിമകളും. ഇത് രണ്ടിനുമിടയിൽ ജെനുവിൻ ആയിട്ട് ഉണ്ടാകുന്ന സിനിമകൾ അല്ലെങ്കിൽ ഒരു സിനിമ ചെയ്യുക എന്ന ഉദ്ദേശത്തിൽ മാത്രം ചെയ്യുന്ന സിനിമകൾ അനാഥമായി പോകും. അത്തരം സിനിമകളുടെ മുന്നോട്ടുപോക്ക് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യം മാറിവരും. സിനിമ എല്ലാ കാലത്തും ഒരുപോലെ അല്ലല്ലോ. സമൂഹത്തിന്‍റെ കാഴ്ചപ്പാട് മാറുന്നതിനനുസരിച്ച് ഈ സിനിമകളും സ്വീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. നമ്മളൊക്കെ നേരത്തെ പറഞ്ഞതുപോലെയുള്ള ഫെസ്റ്റിവലിൽ സിനിമ അയക്കാത്ത ആളുകളല്ല. ഫെസ്റ്റിവലിൽ നമ്മൾ അയക്കുന്നുണ്ട്. ഞാൻ ആഗ്രഹിക്കുന്നത് യഥാർഥത്തിൽ സിനിമയെ പ്രേക്ഷകൻ ഏറ്റെടുക്കുക എന്നതാണ്.
മേളയിലെ മലയാള മത്സരം ആവേശകരം
ഐഎഫ്എഫ്കെയുടെ മുപ്പതാം എഡിഷനിൽ രണ്ട് മലയാള സിനിമകളാണ് രാജ്യാന്തര മത്സര വിഭാഗത്തിൽ ഉള്ളത്. 'ഖിഡ്‌കി ഗാവും', പിന്നെ നമ്മുടെ 'തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്' സിനിമയും. അതിൽ വളരെ സന്തോഷമുണ്ട്. കാരണം ഞാൻ സിനിമ കാണാൻ തുടങ്ങുന്ന കാലം തൊട്ട് സഞ്ജു സുരേന്ദ്രന്‍റെ ഡോക്യുമെന്‍ററികൾ ഇഷ്ടപ്പെടുന്നയാളാണ്. പിന്നീട് ഏദൻ കണ്ടിട്ടുണ്ട്. ഖിഡ്‌കി ഗാവിനെ കുറിച്ച് മുമ്പ് കേട്ടിരുന്നു. ബുസാനിൽ പുരസ്‌കാരം കിട്ടിയ സിനിമയാണത്. സിനിമ അക്കാദിനികായി പഠിച്ച സഞ്ജു സുരേന്ദ്രനെ പോലൊരു ഡയറക്‌ടറുടെ മുന്നിൽ അതേ ഇടത്തേക്ക് എന്‍റെ സിനിമ വരുന്നു എന്ന് പറയുമ്പോൾ എനിക്ക് സന്തോഷമും അഭിമാനവും ഉണ്ട്. അപ്പോൾ ഈ രണ്ട് സിനിമകളും കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിൽ ഒരേ സ്ക്രീനിൽ വരുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാനും.
മുഹമ്മദിന്‍റെ ക്യാമറ, ബിജിപാലിന്‍റെ സംഗീതം, ജാനകി ഈശ്വറിന്‍റെ ബിജിഎം
അക്കാദമിക് ആയി സിനിമകൾ എടുക്കുന്ന ഡയറക്ടർമാരെ ചിലപ്പോൾ ആളുകൾക്ക് അറിയാമായിരിക്കും. അപ്പോഴും, അത്തരം സിനിമയ്ക്ക് പുറകിലും വലിയ ക്രൂ ഉണ്ട്, ഒരു ടെക്നീഷ്യൻ സംഘം ഉണ്ട് എന്നുള്ള കാര്യമൊന്നും ആളുകൾ ചിലപ്പോ മനസിലാക്കണമെന്നില്ല. എന്റെ സിനിമാക്കാലത്തെ ജീവിതപങ്കാളി എന്ന് പറയാവുന്ന മുഹമ്മദാണ് തന്തപ്പേരിന്‍റെയും ക്യാമറ ചെയ്തിരിക്കുന്നത്. ഞാൻ ആഗ്രഹിക്കുന്നത് അതേ രീതിയിൽ പകർത്തിത്തരുന്ന ആളാണ് ഉടലാഴം മുതൽ മുഹമ്മദ്. മുഹമ്മദ് മൂപ്പരുടെ സർഗ്ഗശേഷിയും കൂടെ ഇട്ടിട്ടാണ് എനിക്ക് വിഷ്വൽ തരിക. അതിന്റെ ഒരു റിസൾട്ട് തന്തപ്പേരിലും ഉണ്ട്. ഉൾക്കാട്ടിലാണെങ്കിലും ഈ സിനിമയിൽ നമ്മൾ കാണിക്കുന്നത് വരണ്ട പാറപ്പുറമാണ്. കഥാനായകന്‍റെ മനസ് പോലെ വരണ്ടുണങ്ങിയ പാറപ്പുറങ്ങളാണ് അത്. ഈ പാറപ്പുറങ്ങളിൽ ഷൂട്ട് ചെയ്യുക പിടിപ്പത് പണിയാണ്. വലിയ ഉരുളൻകല്ല് ചാടി വേണം അപ്പുറത്തെത്താൻ. നമുക്ക് ചാടി ചാടി പോകാം. പക്ഷെ ക്യാമറയും ഉപകരണങ്ങളും ഷിഫ്റ്റ് ചെയ്യുക വലിയ വെല്ലുവിളിയാണ്. അധികം ലൈറ്റും നമുക്ക് ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. പ്രകൃതിദത്തമായ വെളിച്ചത്തിലൂടെ അതിമനോഹരമായി സിനിമ ചെയ്യാൻ കഴിയുന്നു എന്നുള്ളതാണ് ഞാനും മുഹമ്മദും കൂടിച്ചേരുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന വലിയ സന്തോഷം. ആ വിഷ്വൽ ട്രീറ്റ് തന്തപ്പേരിൽ നിങ്ങൾക്ക് കാണാനാകും.

ക്യാമറ കഴിഞ്ഞാൽ ഞാൻ ശ്രദ്ധിക്കുന്ന കാര്യം സിനിമയുടെ ഓഡിയോഗ്രാഫി ആണ്. ശബ്‌ദ സംവിധാനത്തിന് സിങ്ക് സൗണ്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഉടലാഴത്തിലും അങ്ങനെയായിരുന്നു. കഴിഞ്ഞ പ്രാവശ്യം സിങ്ക് സൗണ്ടിംഗിന് നാഷണൽ അവാർഡ് നേടിയ അരുണും സോനുവാണ് തന്തപ്പേരിന്‍റെയും സൗണ്ട് റെക്കോർഡിംഗിന് പിന്നിൽ. അത്ര നല്ല സഹകരണമായിരുന്നു അവർ ഞങ്ങൾക്ക് തന്നത്. അരുൺ വർമ്മയാണ് സൗണ്ട് ഡിസൈൻ ചെയ്‌തത്. ഇന്തോ- ഓസ്ട്രേലിയൻ സംഗീതജ്ഞയായിട്ടുള്ള ജാനകി ഈശ്വര്‍ വരികയും ഋതു വൈശാഖിനൊപ്പം പശ്ചാത്തല സംഗീതം ചെയ്യുകയും ചെയ്‌തു. ബിജിപാലാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.
അമ്പിളി മൈഥിലിയുടെ ആർട്ട്
കരിമ്പുഴ പോലെയുള്ള ഒരു സ്ഥലത്തേക്ക് പ്രത്യേക അനുമതി വാങ്ങി നമ്മൾ രണ്ട് മൂന്ന് ദിവസം പോകുമ്പോൾ കാലിന്റെ തൊലിയൊക്കെ ഉരഞ്ഞു മുറിഞ്ഞ് വയ്യാതാവും. മുറിവുകളിൽ നിന്ന് ചോര വരുമ്പോൾ പോലും അതല്ലായിരുന്നു ഞങ്ങളെ അലട്ടിയിരുന്ന പ്രശ്നം. എത്രത്തോളം കൃത്യമായി ദൃശ്യങ്ങൾ പകർത്താനാകും എന്ന ചോദ്യം മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. ഉച്ച കഴിഞ്ഞ് മൂന്ന് മണി ഒക്കെ ആകുമ്പോഴേക്കും എല്ലാവരും തളർന്ന് പാറപ്പുറത്ത് ഇരിക്കും. ഒരു 15 മിനിറ്റ് ബ്രേക്ക് എടുത്ത് ഞങ്ങൾ വീണ്ടും ഷൂട്ടിംഗ് തുടങ്ങും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഭാഗങ്ങൾ ഷൂട്ട് ചെയ്ത് തീർക്കണം എന്നാണ് മനസിലുള്ള ടാർഗറ്റ്. അതിന് പറ്റിയ ടീം കൂടെയുണ്ടായി എന്നത് സന്തോഷം. ജിനുവാണ് എഡിറ്റർ, ജിനുവിന്റെ ക്ഷമയും കഴിവും ഈ സിനിമയിലെ എടുത്തു പറയാം. വളരെ കുറവ് സ്ത്രീകളെ സിനിമയിൽ ആർട്ട് മേഖലയിലുള്ളൂ. അമ്പിളി മൈഥിലി ആ ചുമതല മനോഹരമായി നിർവഹിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു വലിയ നിര ആളുകൾ നമ്മൾക്കൊപ്പം ഉണ്ടായിരുന്നതുകൊണ്ടാണ് ക്ഷമയോടെ 'തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്' ആറ് വർഷം ഒക്കെ കാത്തിരുന്ന് പൂർത്തിയാക്കാനായത്.
ബ്ലഷ് പ്രൊഡക്ഷൻസ് എന്ന ഭാഗ്യം
'തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്' നിർമ്മിച്ചിരിക്കുന്നത് ബ്ലഷ് പ്രൊഡക്ഷൻസ് ആണ്. ഇത്തരം സിനിമകൾ നിർമ്മിക്കാൻ തയ്യാറാകുന്നവർ വളരെ കുറവാണ്. സിനിമയോടുള്ള പാഷനോടുകൂടി നിർമ്മാണ സഹകരണം ഏറ്റെടുത്ത ബ്ലഷ് പ്രൊഡക്ഷൻസിനും നന്ദിയേറെ പറയാനുണ്ട്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ചന്തു മേപ്പയ്യൂർ



