കാതലിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ‘എബ്ബ്’ എന്ന ചിത്രം ഇത്തവണത്തെ ഐഎഫ്എഫ്കെയില്‍ പ്രീമിയര്‍ ചെയ്യുകയാണ്. ചിത്രത്തെക്കുറിച്ചും ഐഎഫ്എഫ്കെ കരിയറില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍

മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാതലിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ഐഎഫ്എഫ്കെയില്‍ പ്രീമിയര്‍ ആയാണ് എത്തിയിരിക്കുന്നത്. എബ്ബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിവ്യ പ്രഭയ്ക്കും ജിതിന്‍ പുത്തഞ്ചേരിക്കുമൊപ്പം ജിയോ ബേബി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. ചിത്രത്തെക്കുറിച്ചും സിനിമാ ജീവിതത്തില്‍ ഐഎഫ്എഫ്കെ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ ഈ അഭിമുഖത്തില്‍ അദ്ദേഹം. ഒപ്പം അടുത്തൊരു ചിത്രത്തിനായി മമ്മൂട്ടിക്കൊപ്പം നടത്തുന്ന ആലോചനകളെക്കുറിച്ചും അദ്ദേഹം പറയുന്നു.

എന്താണ് എബ്ബ് എന്ന ചിത്രം? അതിനെക്കുറിച്ച് പറയാമോ?

പരസ്പരമുള്ള സ്നേഹബന്ധങ്ങൾ വ്യക്തികളെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതിന്റെ അന്വേഷണമാണ് എബ്ബ്.

ഷൂട്ടിന് എത്ര സമയമെടുത്തു?

ഇതൊരു പരീക്ഷണ സിനിമയാണ്. ആറ് ദിവസമാണ് സിനിമ ഷൂട്ട് ചെയ്യാൻ എടുത്തത്. ഈ സിനിമ ഷൂട്ട് ചെയ്യാൻ എടുത്തത്.

കരിയറിൽ ആദ്യമായാണ് സംവിധാനം ചെയ്ത ഒരു ചിത്രം ഐഎഫ്എഫ്കെയിൽ പ്രീമിയർ ചെയ്യുന്നത്. അങ്ങനെ തന്നെ പ്ലാൻ ചെയ്ത ചിത്രമാണോ?

ഐഎഫ്എഫ്കെയിൽ ആദ്യമായി പ്രീമിയർ ചെയ്യപ്പെടുന്ന എൻറെ സിനിമയാണ്. പക്ഷേ അതിനുവേണ്ട് പ്ലാൻ ചെയ്ത് ചെയ്ത സിനിമയല്ല. വേറെയും ഫെസ്റ്റിവലുകളിലേക്കൊക്കെ അയയ്ക്കുന്നുണ്ട്. ഐഎഫ്എഫ്കെയിൽ സെലക്റ്റ് ചെയ്യപ്പെടുന്നത് സന്തോഷം. അല്ലാതെ ഐഎഫ്എഫ്കെയ്ക്ക് വേണ്ടി മാത്രം സിനിമ എടുക്കാറില്ല.

അഭിനയത്തിൻറെ തിരക്കുകൾ സംവിധായകൻ എന്ന നിലയിലുള്ള പ്രവർത്തനത്തിന് തടസമാവുന്നുണ്ടോ?

ഏയ്, ഒരിക്കലുമില്ല. സിനിമ സംവിധാനം ചെയ്യാനുള്ള ഒരു ഗ്യാപ്പ് വേണമല്ലോ. അഭിനയം സിനിമാ സംവിധാനത്തെ ഇതുവരെയും ബാധിച്ചിട്ടില്ല. ബാധിക്കരുതെന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നതും. അങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല.

അഭിനയത്തിലേക്ക് എത്തിയത് യാദൃശ്ചികം ആയിരുന്നോ?

കുറച്ചൊക്കെ യാദൃശ്ചികമാണ്. കുറച്ചൊക്കെ ഞാൻ അതിനെ ഇഷ്ടപ്പെടുന്നുണ്ട്. പൂർണ്ണമായി യാദൃശ്ചികമായി എത്തിപ്പെട്ടു എന്നൊന്നും പറയുന്നത് ശരിയല്ല. പക്ഷേ എന്റെ ഒരു തുടക്ക സമയത്ത് ഞാൻ അഭിനയത്തിന്റെ ഭാഗമായി മാറിയത് വളരെ യാദൃശ്ചികമായിട്ടായിരുന്നു. ഞാൻ എന്റെ തന്നെ സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. ഒരു ആക്ടറുടെ അവൈലബിലിറ്റി ഇല്ലാതിരുന്നപ്പോൾ എന്നാൽ ഞാൻ ചെയ്യാമെന്ന് പറഞ്ഞ് തുടങ്ങി. പുറത്തുനിന്ന് എന്നെ ആദ്യം അഭിനയിക്കാൻ വിളിക്കുന്നത് സിദ്ധാർഥ ശിവയാണ്. നീ നന്നായി ചെയ്തല്ലോ, അപ്പോൾ നമ്മുടെ സിനിമയിൽ ഒന്ന് നോക്ക് എന്ന് പറഞ്ഞ്. അതിന്റെ ഒരു തുടർച്ചയാണ് ഇപ്പോൾ ഈ കണ്ടുകൊണ്ടിരിക്കുന്നത്. അതിനെ ഞാൻ സീരിയസ് ആയും കാണുന്നുണ്ട്. കാരണം ഒരു വരുമാനം എന്നുള്ള രീതിയിലും പിന്നെ നമുക്ക് ഈ സിനിമയുടെ ചുറ്റുവട്ടത്ത് തന്നെ നിൽക്കാൻ പറ്റുന്നുണ്ട്. അതൊക്കെ വലിയ സന്തോഷമുള്ള കാര്യങ്ങൾ തന്നെയാണ്.

ആറ് വർഷത്തിലധികം പതിനഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചു. ഒരു അഭിനേതാവ് ആയത് സംവിധാനം ചെയ്യുമ്പോൾ ഗുണമായി വന്നിട്ടുണ്ടോ?

അഭിനയിക്കാൻ പോകുമ്പോൾ വേറെ സംവിധായകരുടെ കൂടെ ജോലി ചെയ്യുകയാണ്. അപ്പോൾ നമുക്ക് ഓരോന്നും നല്ല നല്ല പഠനങ്ങൾ തന്നെയാണ്. ചിലത് എങ്ങനെ ആയിരിക്കരുത് എന്ന് നമ്മൾ പഠിക്കും. ചിലത് നമുക്ക് പുതിയതായി എന്തെങ്കിലും കണ്ടെത്താനും പഠിക്കാനും ഉണ്ടാവും. ഞാൻ ചെയ്തിട്ടുള്ള സിനിമകളൊക്കെ ബജറ്റ് നോക്കിയാൽ ഒരുപാട് വലിയ സിനിമകളല്ല. ഞാനിപ്പോ അഭിനയിക്കുന്ന പല സിനിമകളും വലിയ സിനിമകളാണ്. ഉദാഹരണത്തിന് അതിരടി എന്ന സിനിമ. അതിന്റെ ഭാഗമാകുന്ന സമയത്ത് എന്നെ സംബന്ധിച്ച് പലതരം ലേണിംഗുകൾ ഉണ്ടാകുന്നുണ്ട്. സെറ്റിൽ ഒരു 1000 പേരെ മാനേജ് ചെയ്യുക, അത്രയും ആർട്ടിസ്റ്റുകളെ മാനേജ് ചെയ്യുക, അത്രയും വലിപ്പത്തിലുള്ള ടേക്കിംഗുകളും, അതൊക്കെ ഞാൻ കാണുകയും പഠിക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

ഈ പഠനം അഭിനേതാക്കളെ ഡയറക്റ്റ് ചെയ്യുന്ന സമയത്ത് ​ഗുണകരമായി മാറിയിട്ടുണ്ടോ?

തീർച്ചയായിട്ടും. ആക്ടേഴ്സിന് കുറേക്കൂടെ സ്പേസ് വേണമെന്ന് എൻ്റെ അഭിനയ ജീവിതത്തിൽ എനിക്ക് മനസിലാവുന്നുണ്ട്. വലിയൊരു അഭിനയ ജീവിതം എന്നൊന്നും പറയാൻ പറ്റില്ലെങ്കിൽ പോലും നമ്മൾ ഒരു ആക്ടർ ആയിട്ട് ഒരു സിനിമാ സെറ്റിൽ, അല്ലെങ്കിൽ ഒരു സ്ഥലത്ത് നിൽക്കുമ്പോൾ ഒരു ആക്ടർക്ക് എത്രത്തോളം സ്പേസ് അവിടെ വേണം, എത്രത്തോളം പ്രധാനമാണ് അത് ഒരു സിനിമയിൽ. അതൊരു ചെറിയ ആക്ടർ ആണെങ്കിലും, ചെറിയ കഥാപാത്രം ചെയ്യുന്ന ആളാണെങ്കിലും സിനിമയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അഭിനേതാക്കളെ നമ്മൾ കുറേക്കൂടെ ഗൗനിക്കണം അവർക്ക് കുറേക്കൂടെ ഡീറ്റെയിൽസ് ഒക്കെ കൊടുക്കണം, അവർക്ക് അഭിനയിക്കുന്നതിനായിട്ടുള്ള ഒരു തയ്യാറെടുപ്പ് അവർക്ക് കൊടുക്കണം, അതിന് കുറച്ചുകൂടെ സമയം കണ്ടെത്തണം എന്നൊക്കെ ആലോചിക്കുന്നുണ്ട്.

ആദ്യമായി സ്വന്തം സിനിമയുടെ മ്യൂസിക് ഡയറക്ഷനും ചെയ്യുകയാണ്. അതിന്റെ അനുഭവം എന്തായിരുന്നു?

സിനിമയിൽ മ്യൂസിക് ചെയ്യുന്നത് ആദ്യമായിട്ടാണ്. കോളെജ് പഠനകാലത്തിനൊക്കെ ശേഷം സംഗീതത്തിൻറെ ലോകത്ത് കുറച്ചുകാലം ഞാൻ ഉണ്ടായിരുന്നു. സംഗീത ലോകം എന്ന് പറഞ്ഞാൽ അഡ്വർടൈസിം​ഗ് ഫിലിം ഇൻഡസ്ട്രിയിലെ സം​ഗീത മേഖലയിൽ. കുറച്ച് വർക്ക് ചെയ്തിട്ടുണ്ട്. അഭിനയത്തെക്കുറിച്ച് പറഞ്ഞതുപോലെയല്ല, പൂർണ്ണമായും അവിചാരിതമായി വന്നെത്തിപ്പെട്ട ഇടമാണ് സം​ഗീതത്തിൻറേത്. ഞാനൊരു മ്യൂസിഷ്യൻ അല്ല സത്യത്തിൽ. എനിക്ക് സംഗീതത്തിൽ ജ്ഞാനമില്ല സത്യത്തിൽ. അത്യാവശ്യം പാടും, താളബോധം ഉണ്ടെന്നൊക്കെ പറയുന്നു എന്നുള്ളതല്ലാതെ ഒരു ആർട്ട് ഫോം എന്ന രീതിയിൽ അതിനെക്കുറിച്ചുള്ള ധാരണ വളരെ കുറവാണ്. അറിവും വളരെ കുറവാണ്. പക്ഷേ ചില സാധനങ്ങൾ കമ്പോസ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നു. ഒരു വരുമാന മാർഗ്ഗം എന്നുള്ള രീതിയിൽ ഞാൻ ഈ പരസ്യ മേഖലയിലേക്ക് എത്തപ്പെടുകയാണ് ചെയ്തത്. ആ ഇൻഡസ്ട്രിയിൽ ഞാൻ കുറച്ചു നാൾ ഉണ്ടായിരുന്നു. ഇരുപത്തഞ്ചോ മുപ്പതോ ജിം​ഗിൾസ് ചെയ്തിട്ടുണ്ട്. പല ടെലിവിഷൻ ഷോകളുടെ ടൈറ്റിൽ സോം​ഗ് ഒക്കെ ചെയ്തിട്ടുള്ള ഒരു കാലമുണ്ട്, സിനിമയിലേക്ക് ഞാൻ വരുന്നതിന് മുൻപ്. എബ്ബിൻറെ കാര്യം പറഞ്ഞാൽ ഇതൊരു പരീക്ഷണ അടിസ്ഥാനത്തിലുള്ള സിനിമയാണ്. അതായത് ഇതിനൊരു പരീക്ഷണ സ്വഭാവമുണ്ട്, ഇതിന്റെ ടേക്കിം​ഗിനും കഥപറച്ചിലിനും ഒക്കെ മൊത്തത്തിൽ. എന്ന് ഞാൻ വിശ്വസിക്കുന്നു. അപ്പോ അതിന് കുറച്ചുകൂടി ഒരു പരീക്ഷണ സ്വഭാവം മ്യൂസിക്കിലും ആവാമല്ലോ. ഇനി അത് ചെയ്ത് ശരിയായില്ലെങ്കിലും നമുക്ക് പരീക്ഷണം എന്ന് പറഞ്ഞ് രക്ഷപെടാമല്ലോ എന്നൊക്കെ കരുതി (ചിരി). പ്രത്യേകതരം സംഗീതം എന്നൊന്നും പറയാനില്ല, എങ്കിലും സംഗീതത്തെ വേറൊരു തരത്തിൽ സമീപിക്കാൻ ശ്രമിച്ചിട്ടുണ്ട്. പാട്ടുകളൊന്നുമില്ല, ബാക്ക്ഗ്രൗണ്ട് സ്കോർ മാത്രം, അതും വളരെ കുറച്ചേ ഉള്ളൂ. സിനിമയിൽ ഒരു സമയത്ത് മാത്രമേ സംഗീതം ഉള്ളൂ. ബാക്കിയൊക്കെ ആംബിയൻസ് സൗണ്ടിലാണ്.

ഐഎഫ്എഫ്കെയുടെ മുപ്പതാം എഡിഷനാണ്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഐഎഫ്എഫ്കെ ഉണ്ടാക്കിയ ഇൻഫ്ലുവൻസ് ഉണ്ടോ?

തീർച്ചയായും. ഒരു ഉദാഹരണം പറഞ്ഞാൽ ഞാൻ എന്റെ ആദ്യ സിനിമയുടെ തിരക്കഥയൊക്കെ എഴുതി നിൽക്കുന്ന ഒരു സമയത്ത് 2003- 2004 ൽ ഒക്കെയാണ് ഞാൻ ആദ്യമായി ഐഎഫ്എഫ്കെയ്ക്ക് വരുന്നത്. അത് അറ്റൻഡ് ചെയ്തിട്ട് പൊടുന്നനെ നമ്മൾ തീരുമാനിച്ചത് എഴുതി വച്ചിരിക്കുന്ന തിരക്കഥകളൊക്കെ നശിപ്പിച്ച് കളയണം എന്നുള്ളതായിരുന്നു. കാരണം നമ്മൾ കുറേക്കൂടെ ക്വാളിറ്റി ഉള്ള സിനിമകൾ, പല രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ കാണുമ്പോൾ നമുക്ക് നമ്മുടെ ചിന്ത ഒട്ടും പോരല്ലോ എന്ന് തോന്നുന്നു. അതിപ്പോഴും തോന്നുന്നുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് ഐഎഫ്എഫ്കെ അറ്റൻഡ് ചെയ്യുകയും ലോകത്തിലുള്ള സിനിമകൾ കാണുകയും ചെയ്യുമ്പോൾ നമുക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് തോന്നും. അത് തന്നെയാണ് നടക്കുന്നത്. അത് മലയാള സിനിമയെ തന്നെ ബാധിച്ചിട്ടുണ്ട്, നല്ല പോസിറ്റീവ് ആയിട്ട്.

കോളെജ് കഴിഞ്ഞ സമയത്താണ് ആദ്യമായി ഐഎഫ്എഫ്കെ കാണുന്നത്. എന്നെയൊക്കെ സംബന്ധിച്ച് ഒരു അത്ഭുതമായിരുന്നു ആ സിനിമകൾ അന്ന് കാണുന്നത്. ഇപ്പൊ കിംഗ് ഡി ഡുക്കിന്റെ പടങ്ങൾ നമ്മൾ കാണുന്നത് ഐഎഫ്എഫ്കെയിൽ നിന്നാണ്. അപ്പോൾ നമ്മൾ ഞെട്ടി പോവുകയാണ്. ഒരു ഫിലിം മേക്കറുടെ സിനിമകൾ കണ്ടിട്ട്. പിന്നെ അദ്ദേഹത്തിന്റെ സിനിമകൾ നമ്മള് അന്വേഷിച്ച് കാണുകയുമൊക്കെ ചെയ്തിട്ടുണ്ട്.

സംവിധാനം ചെയ്യുന്ന അടുത്ത സിനിമകൾ?

അതിന്റെ ആലോചനകൾ നടക്കുന്നേയുള്ളൂ. ഒന്നും കൺഫേം ആയിട്ടില്ല.

ചെയ്ത സിനിമകളിൽ ഏറ്റവും മികച്ച പ്രതികരണങ്ങൾ വന്ന രണ്ട് ചിത്രങ്ങളായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണും കാതലും. കാതലിന് ശേഷം മറ്റൊരു ചിത്രം കൂടി ചെയ്യണമെന്ന് മമ്മൂട്ടി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടോ?

ഞങ്ങൾക്കിടയിൽ അങ്ങനെയുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതുവരെ ചെയ്തതുപോലെ അല്ലാത്ത ഒരു സിനിമ ഉണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കുറച്ച് ഒരു എന്റർടെയ്ൻ‍മെൻറ് സ്വഭാവമുള്ള സിനിമ ഉണ്ടാക്കണമെന്നാണ് ആ​ഗ്രഹിക്കുന്നത്.

Asianet News Live | Malayalam News Live | Live Breaking News l Kerala News | Live News Streaming