തിയറ്ററുകളില്ലാത്ത ഗൂഡല്ലൂരില്‍ നിന്ന് ക്യാമറയ്ക്ക് പിന്നിലേക്ക് എത്തിയതിനെക്കുറിച്ചും കുറഞ്ഞ ബജറ്റില്‍ സിനിമ ചെയ്യുമ്പോള്‍ നേരിടുന്ന വെല്ലുവിളികളും ഐഎഫ്എഫ്കെ കരിയറില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും റിനോഷന്‍ സംസാരിക്കുന്നു

ഐഎഫ്എഫ്കെ പ്രേക്ഷകര്‍ക്ക് സുപരിചിതമായ പേരാണ് റിനോഷന്‍റേത്. ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, വെളിച്ചം തേടി എന്നീ ചിത്രങ്ങളുമായി മുന്‍ വര്‍ഷങ്ങളില്‍ എത്തിയ സംവിധായകന്‍ ഇക്കുറി എത്തിയിരിക്കുന്നത് ശവപ്പെട്ടി എന്ന ഏറ്റവും പുതിയ ചിത്രവുമായാണ്. ചിത്രത്തിന്‍റെ പ്രീമിയര്‍ ആണ് ഐഎഫ്എഫ്കെയില്‍. മലയാളം ഇന്‍ഡിപെന്‍ഡന്‍റ് സിനിമയുടെ പുതുശബ്ദമാണ് റിനോഷന്‍റേത്. തിയറ്ററുകള്‍ ഇല്ലാത്ത ഗൂഡല്ലൂരില്‍ ജനിച്ച് സംവിധായകനായി മാറിയ യാത്രയെക്കുറിച്ച് പറയുന്നു റിനോഷന്‍, ഒപ്പം ഇന്‍ഡിപെന്‍ഡന്‍റ് സംവിധായകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും. ഐഎഫ്എഫ്കെയുടെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് റിനോഷന്‍.

എന്താണ് ശവപ്പെട്ടി? സിനിമയെക്കുറിച്ച് പറയാമോ?

റെഡിറ്റിൽ ഞാൻ വായിച്ച ഒരു ചെറുകഥയിൽ നിന്നാണ് ഈ സിനിമയുടെ ആശയം കിട്ടുന്നത്. അതിന്‍റെ പ്ലോട്ട് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അത് സുഹൃത്തുക്കളുമായി പങ്കുവച്ചു. ആദ്യം തിരക്കഥയില്ലാതെ, ഒരു സിനോപ്സിസ് മാത്രം വച്ച് ചിത്രീകരണം നടത്താനാണ് ആലോചിച്ചിരുന്നത്. മുൻ സിനിമകളൊക്കെ പൂർണ്ണമായ തിരക്കഥകളിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇത്തവണ അത് ഒഴിവാക്കി ഒരു പരീക്ഷണം നടത്താൻ ആദ്യം ആലോചിച്ചു. പക്ഷേ ഷൂട്ട് അടുത്തപ്പോൾ പേടി തോന്നി. അങ്ങനെ പ്ലാൻ മാറ്റി, തിരക്കഥ എഴുതി. പിന്നീടാണ് ഷൂട്ട് ചെയ്തത്.

സിനിമയ്ക്ക് പുറത്തുള്ള പ്രവർത്തന മേഖല എന്താണ്?

മാർക്കറ്റിംഗ് മേഖലയാണ്. കോണ്ടെൻറ് ലീഡ് ആയാണ് ജോലി ചെയ്യുന്നത്.

പുതിയ സിനിമയുടെ ഛായാഗ്രഹണവും റിനോഷൻ തന്നെയാണ്. സംവിധായകൻ തന്നെ ഛായാഗ്രാഹകനുമാവുന്നത് വെല്ലുവിളിയല്ലേ?

സംവിധാനം ചെയ്തിട്ടുള്ള എല്ലാ സിനിമകളുടെയും ഛായാഗ്രഹണവും ഞാൻ തന്നെയാണ് നിർവ്വഹിച്ചിട്ടുള്ളത്. ലഭ്യമായ ചെറിയ ബജറ്റിൽ നിന്നാണ് പ്രധാനമായും അത്തരം തീരുമാനങ്ങളൊക്കെ വരുന്നത്. ഐഎഫ്എഫ്കെയിലേക്ക് ഇതുവരെ ഞങ്ങളുടെ മൂന്ന് സിനിമകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2023 ൽ ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, 2024 ൽ വെളിച്ചം തേടി, ഇത്തവണ ശവപ്പെട്ടി. ഈ മൂന്ന് സിനിമകളും വളരെ ചെറിയ മുതൽമുടക്കിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളവയാണ്. അതിനാൽത്തന്നെ ആറോ ഏഴോ ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കേണ്ടിവരും. മറ്റൊരാൾ സിനിമാറ്റോഗ്രാഫറായി വന്നാൽ എനിക്ക് നന്നായി അറിയാവുന്ന, നന്നായി കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്ന ഒരാൾ ആയിരിക്കണം. വേഗത്തിൽ ചെയ്യാനും സാധിക്കണം. പിന്നെ ആ സിനിമാറ്റോഗ്രാഫറുടെ പ്രതിഫലം. അതിനുള്ള ബജറ്റ് ഞങ്ങൾക്കില്ല. അങ്ങനെയാണ് ഞാൻ സിനിമാറ്റോഗ്രഫിയും ചെയ്യുന്നത്. യുട്യൂബ് നോക്കിയാണ് സിനിമാറ്റോഗ്രാഫി പഠിച്ചത്. ഫീച്ചർ ഫിലിം ചെയ്യുന്നതിന് മുൻപ് 13 ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. അതിൽ ചിലതിൻറെ ഛായാഗ്രഹണവും ചിലതിൻറെ എഡിറ്റിംഗും സ്വയം നിർവ്വഹിച്ചു. അങ്ങനെയും പഠനം നടന്നിട്ടുണ്ട്.

ഗൂഡല്ലൂരിലാണ് ജനിച്ചതും വളർന്നതും. സംവിധാനം എന്ന ആഗ്രഹത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

പത്താം ക്ലാസ് കാലം വരെയാണ് ഗൂഡല്ലൂരിൽ ഉണ്ടായിരുന്നത്. അവിടെ സിനിമാ തിയറ്ററുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അച്ഛന് സിനിമ വലിയ ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് സിനിമകളും ഞങ്ങൾ അങ്ങനെ കാണുമായിരുന്നു. ഒരുപാട് സിനിമകൾ അച്ഛൻ എനിക്ക് റെക്കമെൻറ് ചെയ്തിട്ടുണ്ട്. അപോകലിപ്റ്റോയും പെർസ്യൂട്ട് ഓഫ് ഹാപ്പിനെസുമൊക്കെ ഞാൻ അങ്ങനെ കണ്ടതാണ്. തിയറ്റർ ഇല്ലാത്തതുകൊണ്ട് പൈറേറ്റഡ് വിസിഡികൾ വഴിയാണ് സിനിമകൾ കണ്ടിരുന്നത്. അച്ഛനിലൂടെ കുട്ടിക്കാലം മുതലേ സിനിമകൾ കാണാനുള്ള അവസരം എനിക്ക് കിട്ടി. പ്ലസ് ടു പഠിച്ചത് കോയമ്പത്തൂർ ആയിരുന്നു. അവിടെവച്ചാണ് സിനിമ ചെയ്യണം എന്ന ആഗ്രഹം വന്നത്. പിന്നീട് ബെംഗളൂരുവിലേക്ക് എത്തിയപ്പോൾ ഷോർട്ട് ഫിലിമുകൾ ചെയ്ത് തുടങ്ങി.

ഐഎഫ്എഫ്കെയിൽ എത്തുന്ന മൂന്നാമത്തെ സിനിമയാണ് ശവപ്പെട്ടി. ഐഎഫ്എഫ്കെയുടെ മുപ്പതാം വർഷമാണ് ഇത്. ഈ ഫെസ്റ്റിവൽ കരിയറിൽ ഉണ്ടാക്കിയ ഇൻഫ്ലുവൻസ് ഉണ്ടോ?

ഉറപ്പായും. വലിയ സ്വാധീനമാണ് ഐഎഫ്എഫ്കെ ഉണ്ടാക്കിയിട്ടുള്ളത്. ഫൈവ് ഫസ്റ്റ് ഡേറ്റ്സ് മുൻപ് ഒരു സിനിമ ഞാൻ സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷേ അത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ചെയ്തപ്പോൾ ചിത്രം ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. കാരണം എന്നെ സംബന്ധിച്ച് ഒരു വലിയ ഫെസ്റ്റിവലാണ് ഇത്. അത് എനിക്ക് വലിയ ആത്മവിശ്വാസം പകർന്നു. ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെങ്കിൽ സിനിമാ സംവിധാനം ഇപ്പോഴത്തേതുപോലെ പോസിറ്റീവ് ആയി ഞാൻ തുടരുമായിരുന്നില്ല. കാരണം അതുവരെ എൻറെ സിനിമകൾക്ക് റീച്ച് ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളല്ലാതെ മറ്റാരും അവ കാണുമായിരുന്നില്ല. ഐഎഫ്എഫ്കെയിൽ നമ്മുടെ സിനിമകൾ പ്രേക്ഷകർ കാണുന്നു, അവരുടെ പ്രതികരണങ്ങൾ കേൾക്കുന്നു, ഒപ്പം മറ്റ് സംവിധായകരെ കാണാൻ സാധിക്കുന്നു. എന്നെ സംബന്ധിച്ച് ജീവിതത്തിലെ വലിയ സ്വാധീനങ്ങളിലൊന്നുതന്നെയാണ് ഐഎഫ്എഫ്കെ.

സിനിമ ഡിജിറ്റൽ ആയത് ഇൻഡസ്ട്രിക്ക് പുറത്തുനിന്ന് സിനിമ ചെയ്യുന്നവർക്ക് വലിയ സാധ്യതകളല്ലേ ഉണ്ടാക്കിയത്?

ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ഷൂട്ട് ചെയ്തത് പ്രധാനമായും മൊബൈൽ ക്യാമറയിൽ ആയിരുന്നു. 1.5 ലക്ഷം ആയിരുന്നു അതിൻറെ ബജറ്റ്. ഡിജിറ്റൽ അല്ലാതെ അത്തരം ശ്രമങ്ങൾ നടത്താൻ കഴിയുമായിരുന്നില്ല. ഡിജിറ്റലിൻറെ ഗുണം ഉപകരണങ്ങൾ എളുപ്പത്തിൽ കൊണ്ടുനടക്കാം എന്നതാണ്. ഫൈവ് ഫസ്റ്റ് ഡേറ്റ്സ് അനുമതി നേടാതെ റോഡിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. മൊബൈൽ ക്യാമറ ആയതുകൊണ്ടാണ് അത് സാധിച്ചത്. ഫിലിം ക്യാമറ ആയിരുന്നങ്കിൽ പെർമിഷൻ ഇല്ലാതെ അത്തരം ഷൂട്ടുകൾ നടക്കില്ല. ഞങ്ങളെപ്പോലെ മിനിമം ബജറ്റിൽ ചിത്രങ്ങൾ എടുക്കുന്നവരെ സംബന്ധിച്ച് അതൊക്കെ അധിക ചെലവുകളാണ്. പിന്നീട് ഫിലിം പ്രോസസ് ചെയ്യാനുള്ള ചെലവ്. സിനിമ ഡിജിറ്റൽ ആയിരുന്നില്ലെങ്കിൽ പുതുതായി ഇത്രയധികം സംവിധായകർ ഉണ്ടാവുമായിരുന്നില്ല.

പുതുകാലത്ത് ഇൻഡിപെൻഡൻറ് സിനിമാ സംവിധായകർ നേരിടുന്ന വെല്ലുവിളി എന്തൊക്കെയാണ്?

വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. എനിക്ക് തന്നെ ഫണ്ട് ചെയ്യാൻ പറ്റുന്ന സിനിമകളുമാണ് അവ. വലിയ ബജറ്റ് ആവശ്യപ്പെടുന്ന കഥകളുണ്ട്. അത്തരം സിനിമകൾ ചെയ്യണമെങ്കിൽ നിർമ്മാതാക്കളെ കണ്ടെത്തേണ്ടിവരും. ഇൻഡിപെൻഡൻറ് സംവിധായകർക്ക് മാത്രമായി ഫണ്ട് കണ്ടെത്താനും മറ്റും പ്രതിസന്ധികൾ ഉണ്ടെന്ന് തോന്നുന്നില്ല. ഇൻഡിപെൻഡൻറ് സിനിമ ആയാലും സ്റ്റുഡിയോ സിനിമ ആയാലും അത് ചെയ്യാൻ ഒരുങ്ങുമ്പോൾ സംവിധായകർ നേരിടേണ്ടിവരുന്ന നിരവധി പ്രതിസന്ധികൾ ഉണ്ട്. ഏത് ബജറ്റിൽ ഒരുങ്ങുന്ന സിനിമയാണെങ്കിലും ഓരോ സിനിമയ്ക്കും അതിൻറേതായ വെല്ലുവിളി ഉണ്ടായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. പണം ഉണ്ട് എന്നതുകൊണ്ട് മാത്രം നിങ്ങൾക്ക് ഒരു സിനിമ എടുക്കാൻ സാധിക്കില്ല. ഒരു സിനിമ എടുക്കണം എന്നതുകൊണ്ട് മാത്രം അതിന് സാധിക്കുകയുമില്ല. അതിന് ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചേരേണ്ടതുണ്ട്. എൻറെ സിനിമകളിൽ എനിക്കൊപ്പം പ്രവർത്തിക്കുന്നത് സുഹൃത്തുക്കൾ ആണ്. അഭിനയിക്കുന്നതൊക്കെ. അവരൊന്നും ശമ്പളം ചോദിക്കാറില്ല. സിനിമയോട് ആവേശമുള്ളവരാണ് എല്ലാവരും. അവസാന മൂന്ന് ചിത്രങ്ങളിലും ഒരേ ആളുകൾക്കൊപ്പമാണ് ഞാൻ പ്രവർത്തിച്ചത്. ഫണ്ട് കണ്ടെത്തൽ എപ്പോഴും വെല്ലുവിളിയാണ്.

മലയാള സിനിമയുടെ കാര്യമെടുത്താൽ ആർട്ട്ഹൗസ്, കമേഴ്സ്യൽ സിനിമകൾക്കിടയിലുള്ള അകലം സമീപകാലത്ത് കുറഞ്ഞതായി തോന്നിയിട്ടുണ്ട്. അതേക്കുറിച്ച് എന്താണ് അഭിപ്രായം?

തമിഴ് സാഹചര്യമാണ് എനിക്ക് കുറച്ചുകൂടി അറിയാവുന്നത്. തമിഴിൽ ആർട്ട്ഹൗസ് സിനിമകളുടെ മറ്റൊരു സ്ട്രീം ഇല്ല. കേരളത്തിലോ ബംഗാളിലോ ഉള്ളതുപോലെ തമിഴ്നാട്ടിൽ അത് ഇല്ല. കേരളത്തിലെ കാര്യമെടുത്താലും മുഖ്യധാരാ സിനിമയും ആർട്ട്ഹൗസ് സിനിമയും തമ്മിലുള്ള അകലം ഇപ്പോഴും വലുതാണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. സിനിമയെടുക്കാൻ ഇവിടെ സാധിക്കും. പക്ഷേ അത് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അവസരങ്ങൾ കുറവാണ്. അവസാന രണ്ട് വർഷങ്ങളിലെ ഐഎഫ്എഫ്കെയിൽ മലയാളത്തിൽ നിന്നുള്ള ചില ഗംഭീര സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ വർഷം ഉണ്ടായിരുന്ന മിഥുൻ മുരളിയുടെ കിസ് വാഗൺ. അതിഗംഭീര സിനിമയാണ് അത്. ഒരു മാസ്റ്റർപീസ് എന്ന് ഞാൻ പറയും. പക്ഷേ അത്തരത്തിലൊരു ചിത്രം എങ്ങനെ മറ്റ് പ്രേക്ഷകരിലേക്ക് എത്തിക്കും എന്നത് ഒരു ചോദ്യമാണ്. ഐഎഫ്എഫ്കെ അടക്കം ഇത്തരം സിനിമകൾ നിർമ്മിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. പക്ഷേ വിതരണക്കാരിലേക്കും അങ്ങനെ തിയറ്ററുകളിലേക്കുമൊക്കെ അത്തരം സിനിമകൾ എത്തിക്കുക ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ഒടിടി പ്ലാറ്റ്‍ഫോമുകൾ ഒരു വിപ്ലവം സൃഷ്ടിക്കുന്നുവെന്ന പ്രതീതിയാണ് വന്നപ്പോൾ ഉണ്ടാക്കിയത്. പക്ഷേ ഇപ്പോൾ അവർ ഇൻഡിപെൻഡൻറ് സിനിമകളോ വ്യത്യാസപ്പെട്ട സിനിമകളോ എടുക്കുന്നില്ല.

എന്‍റെ കാര്യം പറഞ്ഞാൽ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് വിതരണക്കാരുമായും നിർമ്മാതാക്കളുമായൊക്കെ സംസാരിച്ചിട്ടുണ്ട്. പക്ഷേ താരസാന്നിധ്യമില്ലാതെ ഒടിടിയിലേക്ക് ചിത്രം എത്തിക്കാനാവില്ലെന്നാണ് അവരൊക്കെയും പറഞ്ഞത്. ഫൈവ് ഫസ്റ്റ് ഡേറ്റ്സ് യുട്യൂബിൽ ഉണ്ട്. ശവപ്പെട്ടി, വെളിച്ചം തേടി എന്നീ സിനിമകളുടെ കാര്യത്തിൽ ഞാൻ ഇപ്പോഴും ശ്രമങ്ങൾ നടത്തുന്നുണ്ട്.

സിനിമകൾ മറ്റ് ഫെസ്റ്റിവലുകളിലേക്ക് പോയിട്ടുണ്ടോ?

ബെംഗളൂരുവിൽ സ്ക്രീനിംഗ് ലഭിച്ചിട്ടുണ്ട്. വെളിച്ചം തേടി ഷിംലയിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടിരുന്നു. ശവപ്പെട്ടിയും ചില ഫെസ്റ്റിവലുകളിലേക്ക് അയച്ചിട്ടുണ്ട്. പ്രതികരണം കാത്തിരിക്കുകയാണ്.

സിനിമകൾക്ക് സ്വയമാണ് ഫണ്ട് കണ്ടെത്തുന്നതെന്ന് പറഞ്ഞല്ലോ. ഫെസ്റ്റിവൽ സർക്യൂട്ടുകളിൽ നിന്ന് മുടക്കുമുതൽ തിരിച്ച് പിടിക്കാനുള്ള സാഹചര്യമുണ്ടോ?

വളരെ ബുദ്ധിമുട്ടാണ്. ഐഎഫ്എഫ്കെയിൽ തെര‍ഞ്ഞെടുക്കപ്പെടുന്ന മലയാള സിനിമകൾക്ക് രണ്ട് ലക്ഷം ലഭിക്കും. സർക്കാർ ഫണ്ട് ചെയ്യുന്ന ഫെസ്റ്റിവൽ ആണല്ലോ ഇത്. പക്ഷേ മറ്റ് ഫെസ്റ്റിവലുകളിൽ അത് ഉണ്ടാവില്ല. വിജയിക്കുന്ന ചിത്രങ്ങൾക്ക് മാത്രമായിരിക്കും ക്യാഷ് അവാർഡ്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് പണം എന്നത് രണ്ടാമത്തെ കാര്യമാണ്. ഞങ്ങൾ ഇഷ്ടമുള്ളത് ചെയ്യുന്നു എന്നേ ഉള്ളൂ. ജോലിയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് മാറ്റിവെക്കുന്ന പൈസയാണ് ഞാൻ സിനിമാ നിർമ്മാണത്തിനായി ചെലവാക്കുന്നത്.

അടുത്ത സിനിമ?

അടുത്ത് ചെയ്യുന്നത് ഒരു തമിഴ് സിനിമയാണ്. ജനുവരിയിലോ ഫെബ്രുവരിയിലോ ചിത്രീകരണം തുടങ്ങണം. തമിഴിൽ നേരത്തെ ഒരു സിനിമ ചെയ്തിട്ടുണ്ട്. പക്ഷേ അത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചിരുന്നില്ല.

Asianet News Live | Malayalam News Live | Live Breaking News l Kerala News | Live News Streaming