ലണ്ടന്‍: ശ്രീലങ്കയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് സ്കോര്‍ ബോര്‍ഡില്‍ 321 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ലങ്കന്‍ യുവനിരയുടെ അപ്രതീക്ഷിത അക്രമണം ഇന്ത്യയുടെ സാധ്യതകള്‍ അവസാനിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ ഗുണതിലകയും കുശാല്‍ മെന്‍ഡിസും തകര്‍ത്തതടിച്ചതോടെ മറുപടിയില്ലാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ കുഴങ്ങി. ഇതാ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച 5 കാരണങ്ങള്‍.

നിറം മങ്ങിയ ജഡേജയും പാണ്ഡ്യയും

ബാറ്റിംഗ് വിക്കറ്റില്‍ അഞ്ചാം ബൗളറായ രീവീന്ദ്ര ജഡേജയുടെയും ഹര്‍ദ്ദീക് പാണ്ഡ്യയുടെയും ബൗളിംഗ് ഇന്ത്യക്ക് തിരിച്ചടിയായി. ആറോവറില്‍ 52 റണ്‍സ് വഴങ്ങിയ ജഡേജയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. റണ്‍സ് വഴങ്ങിയതോടെ ജഡേജയുടെ ക്വാട്ട പൂര്‍ത്തിയാക്കാന്‍ പന്തെടുത്ത കോലിക്കും ജാദവിനും പന്തെടുക്കേണ്ടിവന്നു. ഏഴോവര്‍ എറിഞ്ഞ പാണ്ഡ്യ ഒരു മെയ്ഡന്‍ ഓവര്‍ എറിഞ്ഞെങ്കിലും 52 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചില്ല. ഇരുവരും ചേര്‍ന്ന് 13 ഓവറില്‍ 104 റണ്‍സാണ് വഴങ്ങിയത്.

പദ്ധതികള്‍ തകര്‍ത്ത ലങ്കന്‍ യുവനിര

ലങ്കയുടെ യുവ ബാറ്റ്സ്മാന്‍മാരായ കുശാല്‍ മെന്‍ഡിസിനുും ഗുണതിലയ്ക്കും എതിരെ പ്രത്യേക തന്ത്രങ്ങളൊന്നും ഇന്ത്യയുടെ കൈവശമില്ലായിരുന്നു. ബൗളര്‍മാര്‍ ലൈനും ലെംഗ്തും കാത്തു സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ഇരുവരും അടിച്ചുതകര്‍ക്കുകയും ചെയ്തു.

അമിത ആത്മവിശ്വാസം

പാക്കിസ്ഥാനെതിരായ ജയത്തോടെ ഇന്ത്യ ആത്മവിശ്വാസത്തിന്റെ നെറുകയിലായിരുന്നു. അതുകൊണ്ടുതന്നെ ശ്രീലങ്കയുടെ യുവനിരയെ ഇന്ത്യ കാര്യമായെടുത്തില്ല. 300ന് മുകളില്‍ സ്കോര്‍ ചെയ്യുക കൂടി ചെയ്തതോടെ ഇന്ത്യ അനായാസ ജയം പ്രതീക്ഷിച്ചു. എന്നാല്‍ ലങ്ക ഒത്തുപിടിച്ചതോടെ ജയം അവര്‍ക്കൊപ്പമായി.

ഓപ്പണിംഗിലെ മെല്ലെപ്പോക്ക്

ഇന്ത്യയുടെ ഓപ്പണര്‍മായ രോഹിത് ശര്‍മയും ശീഖര്‍ ധവാനും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തിയെങ്കിലും ഒരിക്കല്‍പോലും ശരാശരി 6 റണ്‍സിന് മുകളിലേക്ക് ഉയര്‍ത്താന്‍ ഇരുവര്‍ക്കുമായില്ല. പാക്കിസ്ഥാനെതിരെയും മെല്ലെയാണ് ഇരുവരും മുന്നേറിയതെങ്കിലും മഴയും ബൗളിംഗിന് സഹായകരമായ അന്തരീക്ഷവും അന്ന് ഇന്ത്യയുടെ തുണയ്ക്കെത്തി. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറെപ്പോലെയോ ന്യൂസിലന്‍ഡിന്റെ ലൂക്ക റോങ്കിയെപ്പോലെയോ അടിച്ചുതകര്‍ക്കാന്‍ അരുവര്‍ക്കുമാവുന്നില്ല. ഓപ്പണിംഗ് വിക്കറ്റില്‍ 25 ഓവറില്‍ 138 റണ്‍സടിച്ചുവെങ്കിലും അല്‍പം കൂടി വേഗത്തില്‍ സ്കോര്‍ ചെയ്യാന്‍ ഇരുവരും ശ്രമിച്ചിരുന്നെങ്കില്‍ ടീം ടോട്ടല്‍ 350 കടക്കുമായിരുന്നു.

കോലിയും യുവിയും പരാജയപ്പെട്ടത്

ധവാന്‍-രോഹിത് സഖ്യം ഒരുക്കിയ അടിത്തറയില്‍ അടിച്ചുതകര്‍ക്കാമെന്ന് കരുതിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോലിയെയയും യുവരാജ് സിംഗിനെയും നഷ്ടമായത് തിരിച്ചടിയായി. കോലി പൂജ്യത്തിനും യുവി ഏഴ് റണ്‍സെടുത്തും പുറത്തായി. ഇത് പിന്നീട് വന്നവരെ കരുതലോടെ കളിക്കാന്‍ പ്രേരിപ്പിച്ചു. ഒരറ്റത്ത് ധവാന്‍ അടിച്ചുതകര്‍ത്തപ്പോഴും വിക്കറ്റ് കളയാതെ കളിക്കാനാണ് ധോണി തുടക്കത്തില്‍ ശ്രമിച്ചത്.