ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന് അരങ്ങുണര്‍ന്നു കഴിഞ്ഞു. കളിത്തട്ടുണര്‍ന്നപ്പോള്‍ത്തന്നെ ഇത്തവണയും ബാറ്റ്‌സ്‌മാന്‍മാരുടെ സര്‍വ്വാധിപത്യമായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ ചാംപ്യന്‍സ് ട്രോഫിയില്‍ എതിരാളികള്‍ ഏറ്റവുമധികം ഭയപ്പെടുന്ന ഏഴ് ബാറ്റ്‌സ്‌മാന്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം...
7, ജോ റൂട്ട്
ആദ്യ മല്‍സരത്തില്‍ത്തന്നെ ബംഗ്ലാദേശിനെതിരെ സെഞ്ച്വറിയുമായാണ് ജോ റൂട്ട് തുടങ്ങിയത്. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ആവോളം ലഭിക്കുന്ന താരമാണ് ഇംഗ്ലണ്ടിന്റെ നായകന്‍ കൂടിയായ റൂട്ട്. നിലയുറപ്പിച്ചാല്‍ വമ്പന്‍ സ്‌കോറുകള്‍ നേടാനാകുമെന്നതും ഇന്‍ഫോം ബാറ്റ്‌സ്‌മാന്‍ ആണെന്നതുമാണ് റൂട്ടിന്റെ സവിശേഷത.
6, എം എസ് ധോണി
ഒരുകാലത്ത് എതിരാളികള്‍ ഏറെ ഭയപ്പെട്ടിരുന്ന ക്രിക്കറ്റിലെ ഏറ്റവും തികവുള്ള ഫിനിഷര്‍ ആയിരുന്നു ധോണി. പ്രായംതളര്‍ത്താത് പോരാളിയാണ് ധോണിയെന്നതിന് ഐപിഎല്‍ തന്നെയാണ് ഏറ്റവും വലിയ തെളിവ്. പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷകനായി അവതരിക്കുന്ന ധോണിയെ ഇപ്പോഴും എതിര്‍ ബൗളര്‍മാര്‍ ഭയപ്പെടുന്നുണ്ട്.
5, ഹാഷിം ആംല
സമീപകാലത്ത് ഏകദിന ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്ന ടീമാണ് ദക്ഷിണാഫ്രിക്ക. ഹാംഷിം ആംലയെപ്പോലെയുള്ള ഇന്‍ഫോം ബാറ്റ്‌സ്‌മാന്‍മാരുടെ മികവാണ് ദക്ഷിണാഫ്രിക്കയുടെ കുതിപ്പിന് ബലമേകുന്നത്. കിരീടപോരാട്ടത്തില്‍ ഏറ്റവും മുന്നിലുള്ള ദക്ഷിണാഫ്രിക്കയുടെ തുറുപ്പുചീട്ടുകളിലൊരാളാണ് ആംല. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയ്‌ക്ക് സ്ഥിരത സമ്മാനിക്കുന്നതില്‍ ആംലയ്‌ക്കുള്ള പങ്ക് ഏറ്റവും പ്രധാനമാണ്.
4, സ്റ്റീവ് സ്‌മിത്ത്
ഐപിഎല്ലില്‍ മിന്നുംപ്രകടനം നടത്തിയാണ് സ്‌മിത്ത് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. വിരാട് കോലിയെയും ജോ റൂട്ടിനെയുംപോലെ സ്വന്തം ടീമിനെ മുന്നില്‍നിന്ന് നയിക്കുന്ന ക്യാപ്റ്റനാണ് സ്‌മിത്ത്. സ്‌മിത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലാണ് ഓസ്‌ട്രേലിയയുടെ കിരീട പ്രതീക്ഷകള്‍ക്ക് ജീവന്‍വെക്കുന്നത്.
3, ഡേവിഡ് വാര്‍ണര്‍
ശരിക്കുമൊരു ഡൈനാമിറ്റാണ് വാര്‍ണര്‍. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം. പൊട്ടിത്തെറിക്കാന്‍ തുടങ്ങിയാല്‍ എതിരാളികളൊക്കെ നിഷ്‌പ്രഭമായിത്തീരും. ഈ ഐപിഎല്ലിലെ റണ്‍വേട്ടയില്‍ മുന്നിലെത്തി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ വാര്‍ണര്‍ ചാംപ്യന്‍സ് ട്രോഫിയിലും ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരിക്കും. വാര്‍ണറില്‍നിന്ന് ലഭിക്കുന്ന സ്‌ഫോടനാത്മകമായ തുടക്കമായിരിക്കും ഓസ്‌ട്രേലിയയുടെ പ്രകടനത്തില്‍ നിര്‍ണായകമാകുക.
2, എബി ഡിവില്ലിയേഴ്‌സ്
ഐപിഎല്ലില്‍ സ്വന്തം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് തോറ്റമ്പിയെങ്കിലും, ഒമ്പത് കളികളില്‍ 216 റണ്‍സുമായി മിന്നിത്തിളങ്ങിയ താരമാണ് എബിഡിവില്ലിയേഴ്‌സ്. ഡിവില്ലിയേഴ്‌സിന്റെ ബാറ്റിന് തീ പിടിക്കുമ്പോള്‍ എതിരാള്‍ക്ക് നോക്കിനില്‍ക്കാനെ തരമുള്ളു. അടുത്തകാലത്തായി ഫോമിലും കായികക്ഷമതയിലും മങ്ങലേറ്റിട്ടുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും ആളിക്കത്താന്‍ ഡിവില്ലിയേഴ്‌സിന് സാധിക്കുമെന്ന് ഐപിഎല്‍ തെളിയിച്ചു. ക്രിക്കറ്റിന്റെ എല്ലാം ഫോര്‍മാറ്റിലും അടിച്ചുതകര്‍ക്കാനുള്ള കഴിവ് ഡിവില്ലിയേഴ്‌സിനുണ്ട്.
1, വിരാട് കോലി
ഈ ചാംപ്യന്‍സ് ട്രോഫിയില്‍ എതിരാളികള്‍ ഏറെ ഭയപ്പാടോടെയും ബഹുമാനത്തോടെയും സമീപിക്കുന്ന ബാറ്റ്‌സ്‌മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആയിരിക്കും. ഐപിഎല്ലില്‍ തിളങ്ങാനായില്ലെങ്കിലും കോലിയെ അങ്ങനെയെങ്ങ് എഴുതിത്തള്ളാന്‍ സമീപകാലത്തെ ക്രിക്കറ്റ് അറിയുന്ന ഒരാള്‍ക്കും സാധിക്കില്ല. എത്ര മോശം ഫോമില്‍നിന്നും അതിവേഗം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സാധിക്കുമെന്ന് നിരവധി തവണ കോലി കാട്ടിത്തന്നിട്ടുണ്ട്. 179 മല്‍സരങ്ങളില്‍നിന്ന് 27 സെഞ്ച്വറികളുള്ള കോലിയുടെ ബാറ്റിംഗ് ശരാശരി 53.11 ആണ്. ഈ കണക്ക് തന്നെയാണ് കോലിയെ ഏറ്റവും ഭയപ്പെടേണ്ട ബാറ്റ്‌സ്‌മാന്‍മാരുടെ കൂട്ടത്തില്‍ അഗ്രഗണ്യനാക്കുന്നത്.
