ശ്രീലങ്കയ്ക്കെതിരെ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഹാഷിം ആംലയ്‌ക്ക് റെക്കോര്‍ഡ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേരില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡാണ് ആംല തിരുത്തിക്കുറിച്ചത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗം ഇരുപത്തിയഞ്ചാമത്തെ സെഞ്ച്വറി തികച്ച റെക്കോര്‍ഡാണ് ആംല സ്വന്തം പേരിലാക്കിയത്. നൂറ്റിയമ്പത്തിയൊന്നാമത്തെ ഇന്നിംഗ്സില്‍നിന്നാണ് ആംല ഇരുപത്തിയഞ്ചാം സെഞ്ച്വറി തികച്ചത്. നൂറ്റിയറുപത്തിരണ്ടാമത്തെ ഇന്നിംഗ്സിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് 25 സെഞ്ച്വറി തികയ്‌ക്കാന്‍ 234 ഇന്നിംഗ്സുകള്‍ വേണ്ടിവന്നപ്പോള്‍ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് 279 ഇന്നിംഗ്സുകളില്‍നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. നേരത്തെ ഏറ്റവും വേഗം 7000 റണ്‍സ് തികയ്‌ക്കുന്ന റെക്കോര്‍ഡും കോലിയെ മറികടന്ന് ആംല സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ അതിവേഗം 2000, 3000, 4000, 5000, 6000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡും ആംലയുടെ പേരിലാണ്. ശ്രീലങ്കയ്ക്കെതിരെ 115 പന്ത് നേരിട്ട ആംല 103 റണ്‍സാണ് നേടിയത്. ആംലയുടെ മികച്ച ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ഭേദപ്പെട്ട സ്‌കോറും വിജയവും സമ്മാനിച്ചതും.
Latest Videos
