ലണ്ടന്‍: ഇന്ത്യന്‍ പരീശീലക സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ അനില്‍ കുബ്ലെ ബിസിസിഐയെ നിലപാട് അറിയിച്ചതായി സൂചന. ഇന്ന് കുംബ്ലെയുമായി പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ബിസിസിഐ ഉപദേശകസമിതി അംഗം സൗരവ് ഗാംഗുലി കൂടിക്കാഴ്ച നടത്തിയിരുന്നു. വീരേന്ദര്‍ സെവാഗ് കൂടി പരിശീലകനാവാനുള്ള അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് കുംബ്ലെ ഗാംഗുലിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പ്രശ്നം താനും കോലിയും തമ്മിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തില്‍ പരിശീലക സ്ഥാനത്ത് തുടരാനില്ലെന്ന് കുംബ്ലെ വ്യക്തമാക്കി.

കുംബ്ലെയുടെ കരാര്‍ നീട്ടാത്തപക്ഷം വീരേന്ദര്‍ സെവാഗിനെ പരിശീലകനായി നിയമിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതിന് മുന്നോടിയായി സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി കുംബ്ലെയെ കണ്ട് ചര്‍ച്ച നടത്തും. ലണ്ടനിലുള്ള ഗാംഗുലി കുംബ്ലെയുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇന്ത്യന്‍ ടീം അംഗങ്ങളെയും കണ്ടിരുന്നു. ഇതിന് മുമ്പ് ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയും ബിസിസിഐ ജനറല്‍ മാനേജര്‍ എം.വി ശ്രീധറും കളിക്കാരുമായി ചര്‍ച്ച നടത്തി.

ഞായറാഴ്ച പാക്കിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്നതിന് മുമ്പ് കുംബ്ലെയുടെ കാര്യത്തില്‍ അന്തിമ ധാരണയിലെത്താനാണ് ചൗധരിയും ശ്രീധറും ഗാംഗുലിയും അടങ്ങുന്ന ബിസിസിഐ പ്രതിനിധിസംഘം ശ്രമിക്കുന്നത്.