ലണ്ടന്‍: ഇന്ത്യന്‍ പരീശീലക സ്ഥാനത്ത് അനില്‍ കുംബ്ലെയുടെ കരാര്‍ നീട്ടരുതെന്ന് ഇന്ത്യന്‍ ടീമിലെ 10 അംഗങ്ങള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കര്‍ക്കശമായ കുംബ്ലെയുടെ പരീശിലന രീതികളോട് എതിര്‍പ്പുള്ളവരാണ് ടീമിലെ ഭൂരിഭാഗം പേരെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കുംബ്ലെയുടെ കഠിനമായ പരിശീലന രീതികളോടും മനുഷ്യത്വരഹിതമായ നടപടികളോടും ടീമിലെ ഭൂരിഭാഗം പേര്‍ക്കും എതിര്‍പ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയും ബിസിസിഐ ജനറല്‍ മാനേജര്‍ എംവി ശേഖറും അടുത്തിടെ ലണ്ടനിലെത്തി ടീം അംഗങ്ങളുമായി സാസാരിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും ടീം അംഗങ്ങളെയും കുംബ്ലെയും കണ്ട് ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഗാംഗുലി ഇത് നിഷേധിച്ചിരുന്നു. ഈ കൂടിക്കാഴ്ചകളിലാണ് ടീം അംഗങ്ങള്‍ മനസുതുറന്നതെന്നാണ് സൂചന.
അതിനിടെ, പുതിയ ഇന്ത്യന്‍ പരിശീലകനെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നടക്കുന്ന ജൂണ്‍ 18ന് മുമ്പ് തന്നെ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍, ഗംഗുലി, ലക്ഷ്മണ്‍ എന്നിവര്‍ ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട് ലണ്ടനിലുണ്ട്. ലണ്ടനില്‍വെച്ചുതന്നെ അവര്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരുടെ അഭിമുഖം നടത്തുമെന്നാണ് സൂചന.
