ലണ്ടന്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍. താനുമായി ഒത്തുപോകില്ലെന്ന് ക്യാപ്റ്റന്‍ കോലി ബിസിസിഐയെ അറിയിച്ചതാണ് കുംബ്ലെയുടെ തീരുമാനത്തിന് പിന്നിലെന്നറിയുന്നു.പരിശീലകസ്ഥാനത്തേക്ക് കുംബ്ലെ പുതുതായി അപേക്ഷ നല്‍കിയില്ലെന്നും വിവരമുണ്ട്.
അതേസമയം, ഇന്ത്യന്‍ ടീമിലെ തര്‍ക്കം പരിഹരിക്കാന്‍ ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയും, സെക്രട്ടറി അമിതാഭ് ചൗധരിയും ഇടപെടുമെന്നാണ് സൂചന. തര്‍ക്കം പരിഹരിക്കാനാകില്ല ഉറപ്പായാല്‍ ജൂണ്‍ രണ്ടാം വാരം പുതിയ പരിശീലകനെ പ്രഖ്യാപിക്കും. അതിനിടെ, വീരേന്ദര്‍ സെവാഗിനോട് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ബിസിസിഐയിലും ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് തയാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കുംബ്ലെ-കോലി തര്‍ക്കത്തില്‍ സച്ചിന്‍-ഗാംഗുലി-ലക്ഷ്‌മണ്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതി എന്തു നിലപാടെടുക്കുമെന്നതും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. തങ്ങളുടെ സഹതാരമായിരുന്ന കുംബ്ലെയ്ക്കൊപ്പം ഇവര്‍ നില്‍ക്കുമോ അതോ കോലിയെ പിന്തുണയ്ക്കുമോ എന്നതാണ് വലിയ ചോദ്യം. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഓസ്‍ട്രേലിയന്‍ മുന്‍ താരവും, ഐപിഎല്‍ പരിശീലകനുമായ ടോം മൂഡി ഇന്ത്യന്‍ കോച്ചാകാനായി അപേക്ഷ നല്‍കിയിട്ടുണ്ട്.
