ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ന്യുസീലന്‍ഡ്-ഓസ്‍ട്രേലിയ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇരുടീമിനും ഓരോ പോയിന്റ് വീതം കിട്ടി. ആദ്യം ബാറ്റ് ചെയ്ത കിവീസ് 291 റണ്‍സിന് പുറത്തായി. 97 പന്തില്‍ 100 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വില്യംസണ്‍ ആണ് ടോപ് സ്കോറര്‍. റോങ്കി 65 ഉം ടെയ്‌ലര്‍ 46ഉം റണ്‍സ്
നേടി. ഹെയ്സല്‍വുഡ് ആറ് വിക്കറ്റ് വീഴ്ത്തി.

മഴമൂലം ഓസ്‍ട്രേലിയയുടെ ലക്ഷ്യം 33 ഓവറില്‍ 235 റണ്‍സായി പുനര്‍നിശ്ചയിച്ചു. ഓസീസ് 3 വിക്കറ്റിന് 53 റണ്‍സില്‍ നില്‍ക്കേ വീണ്ടും മഴയെത്തിയതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. കീവീസിനായി ആദം മില്‍നെ രണ്ട് വിക്കറ്റ് വീഴ്‌ത്തി. വാര്‍ണര്‍(18), ഫിഞ്ച്(8), ഹെന്‍റിക്കസ്( 18) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്‌ടമായത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കീവീസിനായി ലൂക്ക് റോങ്കിയും മാര്‍ട്ടിന്‍ ഗപ്ടിലും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 40 റണ്‍സടിച്ചു. ഗപ്ടിലിനെ(26) ഹേസല്‍വുഡ് വീഴ്‌ത്തിയശേഷം ക്രീസിലെത്തിയ വില്യാംസണ്‍ റോങ്കിയുമൊത്ത് മികച്ച കൂട്ടുകെട്ടുയര്‍ത്തിയതോടെ കീവീസ് സ്കോര്‍ കുതിച്ചു. 43 പന്തില്‍ 65 റണ്‍സെടുത്ത റോങ്കിയെ ഹേസ്റ്റിംഗ്സ് വീഴ്‌ത്തിയശേഷം ക്രീസിലെത്തിയ ടെയ്‌ലറും വില്യാംസണുമൊത്ത് മികച്ച കൂട്ടുകെട്ടുയര്‍ത്തി. 46 റണ്‍സെടുത്ത ടെയ്‌ലര്‍ പുറത്തായശേഷം കീവീസിന് മികച്ച കൂട്ടുക്കെട്ടുകള്‍ ഉയര്‍ത്താനാവാഞ്ഞത് തിരിച്ചടിയായി.

സെഞ്ചുറി തികച്ചതിന് തൊട്ടുപിന്നാലെ നാല്‍പതാം ഓവറില്‍ വില്യാംസണ്‍(97 പന്തില്‍ 100)റണ്ണൗട്ടായതോടെ കീവീസ് കൂട്ടത്തകര്‍ച്ച നേരിട്ടു. ഹേസല്‍വുഡ് എറിഞ്ഞ 45-ാം ഓവറില്‍ മില്‍നെ(11), സാന്റ്നര്‍(8), ബൗള്‍ട്ട്(0) എന്നിവര്‍ കൂടി വീണതോടെ കീവീസ് 45 ഓവറില്‍ ഓള്‍ ഔട്ടായി. 52 റണ്‍സ് വഴങ്ങിയാണ് ഹേസല്‍വുഡ് ആറ് വിക്കറ്റെടുത്തത്. ഹേസ്റ്റിംഗ്സ് രണ്ട് വിക്കറ്റെടുത്തു.