ജയിക്കുന്നവർ സെമിയിലേക്ക് മുന്നേറും. തിരിച്ചുവരവിന് ഇനിയൊരു അവസരമില്ല. ശ്രീലങ്കയോട് തോറ്റ് ഇന്ത്യയും പാകിസ്ഥാനോട് തോറ്റ് ദക്ഷിണാഫ്രിക്കയും നേർക്കുനേർ നില്‍ക്കുകയാണ്. ജയം മാത്രമേ മുന്നോട്ട് നയിക്കൂ. തോറ്റാൽ സെമികാണാതെ നാട്ടിലേക്ക് മടങ്ങാം. പോരാട്ടം വൈകിട്ട് മൂന്ന് മുതൽ ഓവലിൽ.
ഗ്രൂപ്പിൽ എല്ലാവർക്കും മൂന്ന് പോയിന്‍റ് വീതം. റൺനിരക്കിൽ നേരിയ മുൻതൂക്കം ഇന്ത്യക്ക്. മഴമൂലം കളിയുപേക്ഷിച്ചാൽ റൺനിരക്കിന്‍റെ ആനുകൂല്യത്തിൽ ഇന്ത്യസെമിയിലെത്തും. ലങ്കയ്ക്കെതിരെ 321 റൺസിലെത്തിയിട്ടും കളികൈവിട്ടതിനാൽ ഇന്ത്യൻ ബൗളിംഗ് നിരയിൽ മാറ്റമുണ്ടാകും. അശ്വിൻ തിരിച്ചെത്തുമെന്നാണ് സൂചന.
എന്നാല്‍ മുന്‍മത്സരത്തില്‍ സംഭവിച്ച പിഴവുകളില്‍ നിന്നും ഇന്ത്യ പഠിക്കേണ്ടത് മൂന്ന് പാഠങ്ങളാണ്, അവ ഇവയാണ്..
ഒഴിവാക്കേണ്ട തര്‍ക്കങ്ങള്‍
- പുതിയ കോച്ച് എന്ന വിവാദം ടീമിന്‍റെ പ്രകടനത്തെ ബാധിക്കുന്നു
- ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ കോച്ച് കുംബ്ലെയും കോലിയും തമ്മിലുള്ള പോര് സജീവമാകും
- അത്തരം ആകുലതകള്‍ കളിക്കാരിലും സമ്മര്‍ദമുണ്ടാക്കുന്നുണ്ട്
- മത്സരത്തിന് മുമ്പുള്ള മണിക്കൂറുകളില്‍ ടൂര്‍ ടീം മാനേജുമെന്റിലെ അസ്വാരസ്യങ്ങള്‍ ലഘൂകരിക്കാനായാല്‍ സമ്മര്‍ദം കുറക്കാനാകും.
ബൗളിങ്ങിലെ പ്രശ്നം
ശ്രീലങ്കയ്‌ക്കെതിരെ മികച്ച സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാനായില്ല. ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബൂംമ്ര എന്നീ മികച്ച ബൗളര്‍മാരുണ്ടെങ്കിലും ശ്രീലങ്കയുടെ ധനുഷ്‌ക ഗുലതിലക, കുശല്‍ മെന്‍ഡീസ്, ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ അവരുടെ മുനയൊടിച്ചു. ഇവരേക്കാള്‍ പ്രതിഭ തെളിയച്ചവരോ ഒപ്പമുള്ളവരോ ആണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എബി ഡില്ലിയേഴ്‌സ്, ഹഷിം അംല, ക്വിന്റണ്‍ ഡികോക്ക് എന്നിവര്‍. ഇവരെ എങ്ങനെ കുരുക്കും എന്നതിനുള്ള ഗൃഹപാഠം ഇന്ത്യന്‍ ബൗളര്‍മാര്‍ ചെയ്യേണ്ടതുണ്ട്.
ഫീല്‍ഡിങ്ങിലെ പിഴവുകള്‍
2013 ല്‍ ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി സമ്മാനിച്ചതില്‍ ഫീല്‍ഡിംഗിന്‍റെ പങ്ക് വലുതാണ്. ബാറ്റിങില്‍ ഇന്ത്യ വലിയ പരുക്കില്ലാതെ നിലയുറപ്പിച്ചിട്ടുണ്ട്. ഫീല്‍ഡിങാണ് പിഴവ് കാട്ടിയത്. രണ്ട് ക്യാച്ചുകള്‍ കൈവിട്ടതായിരുന്നു വലിയ പിഴവ്. മെന്‍ഡിസ് 24ല്‍ എത്തിയപ്പോള്‍ വിട്ടുകളഞ്ഞു. 65 റണ്‍സ് കൂടിയാണ് പിന്നീട് മെന്‍ഡിസ് കൂട്ടിച്ചേര്‍ത്തത്. പാകിസ്താനെതിരായ മത്സരത്തില്‍ നാല് അവസരങ്ങള്‍ ഇന്ത്യ കളഞ്ഞിരുന്നു. രണ്ട് ക്യാച്ചുകളും രണ്ട് റണ്ണൗട്ട് അവസരങ്ങളും. നിര്‍ണായക മത്സരത്തില്‍ ഇത്തരം പിഴവുകള്‍ തോല്‍വിയിലേക്കുള്ള വേഗം കൂട്ടും. അതുകൊണ്ടുതന്നെ പിഴവുറ്റ ഫീല്‍ഡ് ഒരുക്കുക എന്നത് ഇന്ത്യയുടെ ഉത്തരവാദിത്വമാണ്.
