ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ചില ബാറ്റ്സ്മാന്‍മാര്‍ മാത്രം ചിപ്പ് ഘടിപ്പിച്ച ഹൈടെക് ബാറ്റുമായായിരിക്കും ക്രീസിലിറങ്ങുക. ഇന്ത്യയുടെ മൂന്ന് താരങ്ങളാണ് ഇത്തരത്തില്‍ ഹൈടെക് ബാറ്റുമായി ക്രീസിലിറങ്ങുന്നത്. രോഹിത് ശര്‍മ, അജിങ്ക്യാ രഹാനെ, ആര്‍ അശ്വിന്‍ എന്നിവരുടെ ബാറ്റിന്റെ ഹാന്‍ഡിലിലാണ് ഇന്റല്‍ പ്രത്യേകം രൂപകല്‍പന ചെയ്ത ചിപ്പ് ഘടിപ്പിക്കുന്നത്. മറ്റ് ടീമുകളിലെയും തിരഞ്ഞെടുത്ത ബാറ്റ്സ്മാന്‍മാരുടെ ബാറ്റില്‍ ഇത്തരത്തില്‍ ചിപ്പ് ഘടിപ്പിക്കും.
ബാറ്റില്‍ ചിപ്പ് എന്തിന് ?
ബാറ്റ്സ്മാന്റെ പ്രകടനം, ക്രീസിലെ ചലനം, ഷോട്ടുകളിലെ കൃത്യത, ബാറ്റ് സ്വിംഗ് എന്നിവയെല്ലാം വിലയിരുത്തുന്നതിനായാണ് ബാറ്റിനറെ ഹാന്‍ഡിലില്‍ ചിപ്പ് ഘടിപ്പിക്കുന്നത്. ചിപ്പിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് ബാറ്റ്സ്മാന്റെ പോരായ്മകള്‍ വിലയിരുത്താന്‍ പരിശീലകര്‍ക്കാവും. ഐസിസിയും ഇന്റല്‍ കോര്‍പറേഷനും സഹകരിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്ത ബാറ്റ്സ്മാന്‍മാരുടെ ബാറ്റിന്റെ ഹാന്‍ഡിലില്‍ മാത്രം ഇത്തരത്തില്‍ ചിപ്പ് ഘടിപ്പിക്കുന്നത്.
നിലവില്‍ കളിയുടെ നിലവാരം ഉയര്‍ത്താനും അമ്പയര്‍മാരെ സഹായിക്കാനുമായി നിരവധി സാങ്കേതികവിദ്യകള്‍ ഐസിസി ഉപയോഗിക്കുന്നുണ്ട്. ഡിആര്‍എസ്, ബോള്‍ ട്രാക്കര്‍, ഇന്‍ഫ്രാ റെഡ് ഹോട്ട് സ്പോട്ട്, സ്പൈഡര്‍ ക്യാം, ഹോക്ക് ഐ, അള്‍ട്രാ എഡ്ജ് എന്നിവ അവയില്‍ ചിലതാണ്. ഇതിന് പിന്നാലെയാണ് ചിപ്പ് ഘടിപ്പിച്ച ബാറ്റുകളും വരുന്നത്.
