ലണ്ടന്‍: ഇന്ത്യന്‍ കോച്ച് സ്ഥാനത്ത് ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം കുംബ്ലെ ഉണ്ടാവുമോ എന്നകാര്യം ഇപ്പോഴും ഉറപ്പില്ല. എന്നാല്‍ പരിശീലകനെന്ന നിലയില്‍ തന്റെ തന്ത്രങ്ങള്‍ ടീം ഇന്ത്യയുടെ മുന്നേറ്റത്തില്‍ എത്രമാത്രം നിര്‍ണായകമാണെന്ന് പാക്കിസ്ഥാനെതിരായ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ കുംബ്ലെ തെളിയിച്ചു. കോലിയും യുവിയും കൂടി അടിച്ചുപറത്തിയപ്പോള്‍ തന്നെ പാക്കിസ്ഥാന്റെ വിജയപ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നുവെങ്കിലും ഇന്ത്യയെ 300ന് ഉള്ളില്‍ ഒതുക്കിയാല്‍ ഒരു കൈ നോക്കാമെന്ന് പാക്കിസ്ഥാന്‍ കരുതിയരുന്നു. അതിനുള്ള സാധ്യതയും ഉണ്ടായിരുന്നു. നാല്‍പത്തിയാറാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ 285ല്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അവിടെയാണ് കുംബ്ലെയുടെ ഇടപെടല്‍ നിര്‍ണായകമായത്.
സ്വാഭാവികമായും അഞ്ചാം നമ്പറില്‍ ഇറങ്ങേണ്ടിയിരുന്നത് എംഎസ് ധോണിയായിരുന്നു. ബെസ്റ്റ് ഫിനിഷറായ ധോണിയെ മാറ്റി ഹര്‍ദ്ദീക് പാണ്ഡ്യയെ അഞ്ചാം നമ്പറില്‍ ഇറക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത് കുംബ്ലെ ആയിരുന്നു. ഇതിനെക്കുറിച്ച് പാണ്ഡ്യ പറയുന്നത് ഇങ്ങനെയാണ്.
46-ാം ഓവര്‍ വരെ അടുത്തത് ഞാനാണ് ബാറ്റിംഗിന് ഇറങ്ങാന്‍ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. 46-ാം ഓവറിലാണ് കോച്ച് അനില്‍ കുംബ്ലെ എന്നോട് പറയുന്നത് പോയി, പാഡണിയൂ, അടുത്തത് നീയാണ് ബാറ്റിംഗിനറങ്ങേണ്ടതെന്ന്, അതുകേട്ട് ഞാന്‍ ഉടന്‍ പാഡ് കെട്ടി. ഗ്ലൗസ് ധരിക്കുമ്പോഴേക്കും യുവി പുറത്തായി. ഞാന്‍ നേരെ ക്രീസിലേക്ക് പോകുകയായിരുന്നു.
ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ഹര്‍ദ്ദീക് പാണ്ഡ്യ പറഞ്ഞു.
സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ മറ്റേതൊരു കളിപോലെ തന്നെയാണിതെന്നും സമ്മര്‍ദ്ദത്തിനടിപ്പെടരുതെന്നും ഞാനെന്റെ മനസിനോട് പറയുന്നുണ്ടായിരുന്നു. സമ്മര്‍ദ്ദത്തിനടിപ്പെട്ടാല്‍ നമ്മള്‍ അരുതാത്ത പലതും ചെയ്തുപോവും. അതുകൊണ്ടുതന്നെ കൂളായി കളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. വലിയ മത്സരമാണിതെന്നും നിര്‍ണായക മത്സരമാണെന്നുമുള്ള സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ കളിക്കാന്‍ ശ്രമിച്ചു. അതിന് ഫലമുണ്ടായെന്നും ഹര്‍ദ്ദീക് പാണ്ഡ്യ പറഞ്ഞു.
പാണ്ഡ്യയുടെ ബാറ്റിംഗിനെ കളിക്കുശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും വാനോളം പുകഴ്ത്തിയിരുന്നു. പാണ്ഡ്യയ്ക്ക് 10ല്‍ 10 മാര്‍ക്ക് നല്‍കുന്നുവെന്നായിരുന്നു കോലിയുടെ കമന്റ്.
