ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ജൂണ്‍ നാലിന് ഇന്ത്യ പാക്കിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ആര് ജയിക്കുമെന്ന കാര്യത്തില്‍ സംശയമൊട്ടുമില്ലാത്ത ആരു ആരാധകനുണ്ട് പാക്കിസ്ഥാനില്‍. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആരാധകരിലൊരാളായ ചാച്ചാ ചിക്കാഗോ എന്നറിയപ്പെടുന്ന മുഹമ്മദ് ബാഷിര്‍. ബാഷിറിന്റ അഭിപ്രായത്തില്‍ നാലിന് നടക്കുന്ന പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് ഒരു എതിരാളിയേ ആയിരിക്കില്ല. ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ ഇപ്പോള്‍ പഴയപോലെയല്ലെന്നും കളിയുടെ എല്ലാ മേഖലകളിലും പാക്കിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യയെന്നും ചാച്ച പറഞ്ഞു.
കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടങ്ങളൊന്നുപോലും ബാഷിര്‍ നേരിട്ട് കാണാതിരുന്നിട്ടില്ല. എന്നാല്‍ ജൂണ്‍ നാലിന് നടക്കുന്ന ഇന്ത്യാ-പാക് പോരാട്ടം കാണാന്‍ ബാഷിര്‍ ഇഗ്ലണ്ടിലേക്ക് പോകുന്നില്ല. ധോണി, കോലി, യുവരാജ് തുടങ്ങിയ വമ്പന്‍ കളിക്കാര്‍ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്ത് അങ്ങനെ എടുത്തുപറയാവുന്ന വലിയതാരങ്ങളാരുമില്ലെന്ന് ബാഷിര്‍ പറയുന്നു.
വസീം അക്രമും വഖാര്‍ യൂനിസും ജാവേദ് മിയാന്‍ദാദുമെല്ലാം പാക്കിസ്ഥാനുവേണ്ടി കളിച്ചൊരു കാലമുണ്ടായിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പാക്കിസ്ഥാന്‍ ടാമിലുള്ള പലരുടെയും പേരുപോലും തനിക്കറിയില്ലെന്നും ചാച്ച പറഞ്ഞു. അതുകൊണ്ടെല്ലാം തന്നെ നാലിന് നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ അനായാസം ജയിക്കുമെന്നും ബാഷിര്‍ പറഞ്ഞു. പാക്കിസ്ഥാനോട് എനിക്കിപ്പോഴും സ്നേഹമുണ്ട്. എന്നാല്‍ അതിനേക്കാളേറെ താന്‍ ഇപ്പോള്‍ ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെന്നും ധോണിയുടെ കടുത്ത ആരാധകന്‍ കൂടിയായ ബാഷിര്‍ പറഞ്ഞു.
