ചാമ്പ്യന്‍സ് ട്രോഫിയില്‍ മഴ വീണ്ടും വില്ലനായി. ഓസ്‍ട്രേലിയ-ബംഗ്ലാദേശ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇരുടീമിനും രണ്ട് പോയിന്റ് വീതം കിട്ടി.

കൈപ്പിടിലായെന്ന് കരുതിയ ഓസ്‍ട്രേലിയന്‍ ജയം മഴയെടുത്തു. തുടര്‍ച്ചയായ രണ്ടാം കളിയിലും മഴ വില്ലനായതോടെ ലോക ചാമ്പ്യന്‍മാരായ ഓസ്‍ട്രേലിയയുടെ സെമി പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. നാല് ഓവര്‍കൂടി കളി നടന്നിരുന്നെങ്കില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസീസ് ജയിച്ചേനേ. ഓസീസ് 16 ഓവറില്‍ ഒരു വിക്കറ്റിന് 83 റണ്‍സ് എന്ന നിലയില്‍ ബാറ്റ് ചെയ്യവേയാണ് കനത്ത മഴയെത്തിയത്. ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ഓസീസ് 182 റണ്‍സില്‍ ബംഗ്ലാദേശിനെ പിടിച്ചുകെട്ടി. 95 റണ്‍സെടുത്ത തമീം ഇഖ്ബാലാണ് ടോപ് സ്കോറര്‍. തമീമിനെ സെഞ്ച്വറിക്ക് അഞ്ചു റണ്‍സകലെ മിച്ചല്‍ സ്റ്റാര്‍ക്ക് വീഴ്ത്തി. മറ്റുള്ളവര്‍ക്ക് ഓസീസ് ബൗളിംഗിനെ ചെറുക്കനായില്ല.

സ്റ്റാര്‍ക്ക് നാലും ആഡം സാംപ രണ്ടും വിക്കറ്റ് വീഴ്ത്തി. ഓസീസിനായ 183 റണ്‍സിലേക്ക് ബാറ്റെടുത്തത് വാര്‍ണറും ഫിഞ്ചും. ഫിഞ്ച് 19ല്‍ വീണു. വാര്‍ണര്‍ നാല്‍പത് റണ്‍സുമായും ക്യാപ്റ്റന്‍ സ്മിത്ത് 22 റണ്‍സുമായും പുറത്താവാതെ നിന്നെങ്കിലും മഴ കളിയെടുത്തപ്പോള്‍ ഓസ്‍ട്രേലിയയുടെ ജയപ്രതീക്ഷയും മുങ്ങി. ഗ്രൂപ്പ് എ യില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച ഇംഗ്ലണ്ട് 2 പോയിന്‍റുമായി മുന്നില്‍. രണ്ട് കളിയില്‍ രണ്ട് പോയിന്‍റാണ് ഓസീസിന്റെ സമ്പാദ്യം. കിവീസിനും ഒരുപോയിന്റുണ്ട്.