ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ശീഖര്‍ ധവാന്റെ മീശ പിരിയ്ക്കല്‍ തുടരുന്നു. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പരമ്പരയുടെ താരമായ ധവാന്‍ ഇത്തവണയും സ്വപ്ന കുതിപ്പ് തുടരുകയാണ്. ശ്രീലങ്കയ്ക്കെതിരെ പത്താം ഏകദിന സെഞ്ചുറി പിന്നിട്ട ധവാന്‍ മറ്റൊരു അപൂര്‍വ നേട്ടം കൂടി കൈവരിച്ചു. ഇംഗ്ലണ്ടിലെ ബാറ്റിംഗ് ശരാശരിയില്‍ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്സിനെ ധവാന്‍ ഇന്ന് മറികടന്നു.
11 ഇന്നിംഗ്സുകളില്‍ നിന്ന് 79 റണ്‍സ് ശരാശരിയില്‍ 711 റണ്‍സാണ് ഇംഗ്ലണ്ടില്‍ ഇതുവരെ ധവാന്റെ സമ്പാദ്യം. 31 ഇന്നിംഗ്സുകളില്‍ 64.04 റണ്‍സ് ശരാശരിയില്‍ 1345 റണ്‍സെടുത്തിട്ടുള്ള വിവിയന്‍ റിച്ചാര്‍ഡ്സിനെയാണ് ധവാന്‍ ഇന്ന് മറികടന്നത്. 13 ഇന്നിംഗ്സുകളില്‍ നിന്ന് 63.16 റണ്‍സ് ശരാശരിയില്‍ 758 റണ്‍സെടുത്തിട്ടുള്ള ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണാണ് പട്ടികയില്‍ മൂന്നാമത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതുവരെ 114, 102, 48, 68, 31, 68, 125 എന്നിങ്ങനെയാണ് ധവാന്റെ സ്കോര്‍. ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറിയോടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂന്ന് സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും ധവാന്‍ സ്വന്തം പേരിലാക്കി. സൗരവ് ഗാംഗുലി, ഹെര്‍ഷല്‍ ഗിബ്സ്, ഹെര്‍ഷെര്‍ ഗിബ്സ് എന്നിവരാണ് ധവാന് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റ് ബാറ്റ്സ്മാന്‍മാര്‍.
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ ധവാനെ ഉള്‍പ്പെടുത്തിയതിനെച്ചൊല്ലിപ്പോലും വിമര്‍ശനമുയര്‍ന്നിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ധവാന്‍ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് വഴിതുറന്നത്. എന്നാല്‍ മികച്ച രണ്ട് ഇന്നിംഗ്സുകളോടെ ധവാന്‍ വിമര്ഡശകരുടെ വായടപ്പിക്കുകയും ചെയ്തു.
