ലണ്ടന്‍: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തിയ ഇന്ത്യയുടെ രോഹിത് ശര്‍മ-ശീഖര്‍ ധവാന്‍ സഖ്യത്തിന് ചാമ്പ്യന്‍സ് ട്രോഫി റെക്കോര്‍ഡ‍്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച സഖ്യമെന്ന റെക്കോര്‍ഡാണ് ശ്രീലങ്കയ്ക്കെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ 138 റണ്‍സടിച്ച ധവാന്‍-രോഹിത് സഖ്യം സ്വന്തമാക്കിയത്.

2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യമായിരുന്നു ധവാനും രോഹിത്തും. 2002-2006 കാലയളവില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ 635 റണ്‍സടിച്ചിട്ടുള്ള ശിവ്നാരായന്‍ ചന്ദര്‍പോള്‍-ക്രിസ് ഗെയ്ല്‍ സഖ്യത്തിന്റെ റെക്കോര്‍ഡാണ് ധവാന്‍-രോഹിത് സഖ്യം ഇന്ന് മറികടന്നത്. ഏഴ് ഇന്നിംഗ്സുകളില്‍ 93.71 റണ്‍സ് ശരാശരിയില്‍ 656 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇതുവരെ അടിച്ചുകൂട്ടിയത്. ഇതില്‍ നാല് സെഞ്ചുറി കൂട്ടുക്കെട്ടുകളും രണ്ട് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളും ഉള്‍പ്പെട്ടുന്നു.

ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്നാണ് ചന്ദര്‍പോള്‍-ഗെയ്ല്‍ സഖ്യം 635 റണ്‍സടിച്ചത്. ശ്രീലങ്കയ്ക്കെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ 24.5 ഓവറില്‍ 138 റണ്‍സാണ് ധവാന്‍-രോഹിത് സഖ്യം അടിച്ചുകൂട്ടിയത്. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലും ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുക്കെട്ട് ഉയര്‍ത്തിയിരുന്നു.