ലണ്ടന്‍: ഇന്ത്യക്കെതിരെ മികച്ച രീതിയില്‍ മുന്നോട്ടുപോയ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത് രണ്ട് റണ്ണൗട്ടുകളായിരുന്നു. ആദ്യം ഡിവില്ലിയേഴ്സിന്റെയും പിന്നീട് ഡേവിഡ് മില്ലറുടെയും. രണ്ടിനും കാരണക്കാരനായകതാകട്ടെ ഫാഫ് ഡൂപ്ലെസിയും. ഡിവില്ലിയേഴ്സിന്റെ റണ്ണൗട്ട് ഹര്‍ദ്ദീക് പാണ്ഡ്യയുടെ ഫീല്‍ഡിംഗ് മികവിന്റേതു കൂടിയായിരുന്നു. കവറിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളെടുക്കാനുള്ള ഡൂപ്ലെസിയുടെ ശ്രമമാണ് പാണ്ഡ്യയുടെ അതിവേഗ ത്രോയില്‍ സ്റ്റമ്പിളക്കി ധോണി തകര്‍ത്തത്. 12 പന്തില്‍ 16 റണ്‍സെടുത്ത ഡിവില്ലിയേഴ്സ് അപകടകാരിയാവുന്നതിന് മുമ്പെ പുറത്താക്കാന്‍ കഴിഞ്ഞത് ഇന്ത്യക്ക് നേട്ടമായി.

Scroll to load tweet…

എന്നാല്‍ രണ്ടാമത്തെ റണ്ണൗട്ട് തികച്ചും ഡൂപ്ലെസിയുടെ പിഴവായിരുന്നു. തന്നെ റണ്ണൗട്ടാക്കിയതിനെ ഡൂപ്ലെസി ചതിച്ചാശാനേ എന്ന് മില്ലര്‍ പറഞ്ഞാല്‍പോലും കുറ്റം പറയാനാവില്ല. അശ്വിന്റെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ് മാനിലേക്ക് പന്ത് തട്ടിയിട്ട് ഓടാനുള്ള ഡൂപ്ലെസിയുടെ ശ്രമമാണ് റണ്ണൗട്ടില്‍ കലാശിച്ചത്. നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുള്ള മില്ലറുടെ കോളായിരുന്നു അത്. മില്ലര്‍ അതിവേഗം അപകടകരമായ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് ഓടിയടുക്കുന്നതിനിടെ രണ്ടുപേരും നേര്‍ക്കുനേര്‍വന്നത് ആശയക്കുഴപ്പത്തിനിടയാക്കി. ഇതിനിടെ പകുതിക്ക് എത്തിയ ഡൂപ്ലെസി ബാറ്റിംഗ് ക്രീസിലേക്ക് തിരിച്ചോടുകയും ചെയ്തു.