ഓര്‍മ്മയില്ലേ, 2002ല്‍ ലോര്‍ഡ്സില്‍ നാറ്റ്‌വെസ്റ്റ് ടൂര്‍ണമെന്റ് ഫൈനല്‍ ജയിച്ചയുടന്‍ ഇന്ത്യന്‍ നായകനായിരുന്ന സൗരവ് ഗാംഗുലി ഷര്‍ട്ട് ഊരി വീശിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ അവിസ്‌മരണീയമായ ആ സംഭവം നടന്നിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. അന്ന് ആന്‍ഡ്രൂ ഫ്ലിന്റോഫിനോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് ഗാംഗുലിയുടെ ഷര്‍ട്ടൂരി വീശല്‍. ഇന്ത്യയില്‍ ഒരു ഏകദിന മല്‍സരം ജയിച്ചപ്പോള്‍ ഫ്ലിന്റോഫ് ഷര്‍ട്ടൂരി വീശിയിരുന്നു. ഇപ്പോള്‍ ചാംപ്യന്‍സ് ട്രോഫിക്കിടെ കമന്റേറ്റര്‍ ബോക്‌സിലുണ്ടായിരുന്ന മൈക്ക് അതേര്‍ട്ടണ്‍ ഗ്രൗണ്ടില്‍ ഫ്ലിന്റോഫിനെ കണ്ടപ്പോള്‍, സമീപത്തുണ്ടായിരുന്ന ഗാംഗുലിയെ ഈ സംഭവം ഓര്‍മ്മിപ്പിച്ചു. അതാ ഫ്ലിന്റോഫ്, നിങ്ങള്‍ ഷര്‍ട്ട് ഊരരുത്- അതേര്‍ട്ടണ്‍ ഗാംഗുലിയെ നോക്കി പറഞ്ഞു. അങ്ങനെ ചെയ്യുമെന്ന് കരുതുമോയെന്ന് ചോദിച്ച് ഗാംഗുലി തടിതപ്പുകയായിരുന്നു. ശരിക്കും ഗാംഗുലിയെ ട്രോളുകയാണ് അതേര്‍ട്ടണ്‍ ചെയ്‌തത്. തന്റെ നാട്ടില്‍ ഒരു ക്രിക്കറ്റ് മല്‍സരത്തിനിടെ നടന്ന ഏറ്റവും മോശം കാര്യങ്ങളിലൊന്നാണ് അതെന്നുകൂടി അതേര്‍ട്ടണ്‍ പറഞ്ഞതോടെ ഗാംഗുലി എന്തു പറയണമെന്ന് അറിയാതെ കുഴങ്ങിപ്പോയി.