ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങും മുമ്പ് ഇന്ത്യയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്സ്. പാക്കിസ്ഥാനെതിരെ കരിയറിലെ ആദ്യ ഗോള്‍ഡന്‍ ഡക്കായ ഡിവില്ലിയേഴ്സ് മങ്ങിയ ഫോമിലാണെന്ന ചര്‍ച്ചകള്‍ക്കിടിയെണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ രംഗത്തെത്തിയത്.

നോക്കു, ഞാനിപ്പോഴും മികച്ച ഫോമിലാണ്. എപ്പോഴത്തെയുപോലെ ഇപ്പോഴും പന്തുകള്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. ഏതാനും സമയം ക്രീസില്‍ ചെലവഴിച്ചാല്‍ തിരിച്ചുവരാവുന്നതേയുള്ളൂ ഫോമെന്നും ഡിവില്ലിയേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ എങ്ങനെ ബാറ്റ് ചെയ്യുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെങ്കിലും എന്റെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. എനിക്ക് അതിന് കഴിയുമെന്ന് വിശ്വാസമുണ്ട്, ഞാനത് തെളിയിക്കും. ഡിവില്ലിയേഴ്സ് പറഞ്ഞതു ചെയ്താല്‍ പിന്നെ ഇന്ത്യക്ക് കാര്യമായ പ്രതീക്ഷ വെയ്ക്കേണ്ടതില്ല.

ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പൂജ്യനായി പുറത്തായിരുന്നു. എന്നാല്‍ കോലി ലോകോത്തര കളിക്കാരാനാണെന്നും അദ്ദേഹം ഫോമിലായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ലെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. കോലിയെ നേരത്തെ പുറത്താക്കാനായില്ലെങ്കില്‍ അത് ദോഷം ചെയ്യും. കാരണം കോലിക്ക് എതിരാളികളുടെ ബൗളിംഗിനെ കാഴ്ചക്കാരാക്കി മത്സരം തട്ടിയെടുക്കാന്‍ കഴിയുമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.