ലണ്ടന്‍: കരിയര്‍ അവസാനിക്കാറാവുമ്പോള്‍ ഏതൊരു ബാറ്റ്സ്മാനും നേരിടുന്നൊരു ചോദ്യമുണ്ട്. കരിയറില്‍ നേരിട്ടതില്‍ ഏറ്റവും കടുപ്പമേറിയ ബൗളര്‍ ആരാണെന്ന്. കഴിഞ്ഞ ദിവസം ലണ്ടനില്‍ വിരാട് കോലി ഫൗണ്ടേഷന്‍ നടത്തിയ അത്താഴ വിരുന്നില്‍ പങ്കെടുക്കവെ മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ എംഎസ് ധോണിയോടും ഇതേ ചോദ്യമെത്തി.

അതിന് ധോണി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു-

എല്ലാ ഫാസ്റ്റ് ബൗളര്‍മാരും നേരിടാന്‍ ബുദ്ധിമുട്ടുള്ളവരാണ്.ശരിയായ ബാറ്റിംഗ് ടെക്നിക്കുകള്‍ വശമില്ലാത്ത എനിക്ക് പ്രത്യേകിച്ച് പേസ് ബൗളര്‍മാരെ നേരിടുക വെല്ലുവിളിയാണ്. എങ്കിലും നേരിട്ടതില്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കണമെങ്കില്‍ അത് പാക്കിസ്ഥാന്റെ ഷൊയൈബ് അക്തറാണ്. അതിനുള്ള കാരണം ലളിതമാണ്. അക്തറിന് വേഗമുണ്ട്. യോര്‍ക്കറുകളും ബൗണ്‍സറുകളും എറിയും. ചിലപ്പോള്‍ ബീമറുകളും. പ്രവചനാതീതമാണ് അക്തറിന്റെ ബൗളിംഗ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഏറെ ആസ്വദിച്ചിരുന്നു.

പാക്കിസ്ഥാനെതിരായ വിജയത്തിനുശേഷമാണ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി വിരാട് കോലി ഫൗണ്ടേഷന്‍ ലണ്ടനില്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. വിരുന്നിലേക്ക് സാമ്പത്തിക കുറ്റകൃത്യ കേസില്‍ ഇന്ത്യ തിരയുന്ന വ്യവസായി വിജയ് മല്യ എത്തിയത് വിവാദമായിരുന്നു.