ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യ അന്തിമ ഇലവനില്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ശ്രീലങ്കയ്ക്കെതിരെ നിറം മങ്ങിയ ഹര്‍ദ്ദീക് പാണ്ഡ്യയെ ഒഴിവാക്കി പകരം അശ്വിന് അവസരം നല്‍കണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു.
പാണ്ഡ്യയ്ക്കൊപ്പം ജഡേജയും ശ്രീലങ്കയ്ക്കെതിരെ നിറം മങ്ങിയെങ്കിലും സ്പിന്നിനെ നേരിടാനുള്ള ദക്ഷിണാഫ്രിക്കയുടെ ദൗര്‍ബല്യം മുതലെടുക്കാന്‍ അശ്വിനൊപ്പം ജഡേജയെയും അന്തിമ ഇലവനില്‍ കളിപ്പിക്കണമെന്നും ഗാംഗുലി പറഞ്ഞു. നിര്‍ണായക മത്സരമാണെന്നതിനാല്‍ സമ്മര്‍ദ്ദം ഉണ്ടാകുമെങ്കിലും സംയമനം വിടാതെ കളിക്കണണമെന്നും ഗാംഗുലി കോലിയോട് ആവശ്യപ്പെട്ടു. കോലി മികച്ച കളിക്കാരനാണെന്നും ലോകോത്തര ബാറ്റ്സ്മാനാണെന്നും ഗാംഗുലി പറഞ്ഞു.
പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത പാണ്ഡ്യയ്ക്ക് ശ്രീലങ്കയ്ക്കെതിരെ തിിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 9 പന്തില്‍ 5 റണ്‍സ് മാത്രമെടുത്ത് പുറത്തായ പാണ്ഡ്യ ഏഴോവറില്‍ 51 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാല്‍ പാണ്ഡ്യയ്ക്ക് പകരം അശ്വിനെ കളിപ്പിക്കണമെന്ന് ഗാംഗുലി പറയുമ്പോള്‍ മുന്‍ ടീം ഡയറക്ടര്‍ കൂടിയായ രവിശാസ്ത്രിയും മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണും പറയുന്നത് കേദാര്‍ ജാദവിന് പകരം അശ്വിനെ കളിപ്പിക്കണമെന്നാണ്.
