ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ രണ്ട് ഡബിള്‍ സെഞ്ചുറി സ്വന്തം പേരിലുള്ള ഒരേയൊരു താരമെ ഇന്ന് ലോക ക്രിക്കറ്റിലുള്ളു. ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ.ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിനുടമയും രോഹിത് തന്നെയാണ്. എന്നാല്‍ ഇതേ രോഹിത് നേരിടാന്‍ ആഗ്രഹിക്കാത്തൊരു ബൗളറുണ്ട് ലോക ക്രിക്കറ്റില്‍. മറ്റാരുമല്ല, ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ തന്നെ.
കഴിഞ്ഞ ദിവസം ലണ്ടനില്‍ വിരാട് കോലി ഫൗണ്ടേഷന്‍ നടത്തിയ അത്താഴ വിരുന്നില്‍ പങ്കെടുക്കവെ അലന്‍ വില്‍കിന്‍സിന്റെ ചോദ്യത്തിന് മറുപടിയായാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
സ്റ്റെയിനിനെതിരെ കളിക്കകുക എന്നത് എപ്പോഴും ഒരു വെല്ലുവിളിയാണ്. ഞാന്‍ ഓപ്പണറായി ഇറങ്ങാന്‍ തുടങ്ങിയതോടെ ഈ വെല്ലുവിളി കൂടി. ഇതൊക്കെയാണെങ്കിലും സ്റ്റെയിനിനെതിരെ കളിക്കുന്നത് എപ്പോഴും ആസ്വദിക്കുന്നുവെന്നും രോഹിത് പറഞ്ഞു. 33കാരനായ സ്റ്റെയിന്‍ പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടിയിട്ടില്ല.
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയോടും അലന്‍ വില്‍കിന്‍സ് ഇതേ ചോദ്യം ചോദിച്ചിരുന്നു. പാക് പേസ് ബൗളര്‍ ഷൊയൈബ് അക്തറിന്റെ പേരായിരുന്നു ധോണി പറഞ്ഞത്.
