ലണ്ടന്‍: പാക്കിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗിനെയും മഹേന്ദ്ര സിംഗ് ധോണിയെയും പരോക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഫിനിഷര്‍മാരെന്ന നിലയില്‍ ഇരുവര്‍ക്കും കാര്യമായി തിളങ്ങാനാവില്ലെന്ന് അസ്ഹര്‍ പറഞ്ഞു.

13-14 വര്‍ഷമായി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്നവരാണ് യുവരാജും ധോണിയും. ഇത്രയുംകാലം സ്ഥിരത നിലനിര്‍ത്തുക എന്നത് അസാധ്യമാണ്. യുവരാജിന്റെ ബാറ്റിംഗ് ശൈലി ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും അസ്ഹര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയശേഷമുള്ള യുവിയുടെ പ്രകടനങ്ങള്‍ പ്രതീക്ഷക്ക് വക നല്‍കുന്നില്ലെന്നും അസ്ഹര്‍ വ്യക്തമാക്കി.

എന്നാല്‍ മുന്‍ ഓസ്ട്രേലിയന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്ക് യുവരാജിന് പിന്തുണയുമായി രംഗത്തെത്തി. പരിചയസമ്പത്ത് ഏറെ പ്രധാനമാണെന്നും രഹാനെയോ യുവരാജിനെയോ സെലക്ട് ചെയ്യേണ്ടിവന്നാല്‍ താന്‍ യുവരാജിനെ ആയിരിക്കും തെരഞ്ഞെടുക്കുകയെന്നും ക്ലാര്‍ക്ക് പറഞ്ഞു. യുവരാജിനും ധോണിക്കും തിളങ്ങാനുള്ള സുവര്‍ണാവസരമാണ് ചാമ്പ്യന്‍സ് ട്രോഫിയെന്നും ക്ലാര്‍ക്ക് പറഞ്ഞു.