ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കാനൊരുങ്ങി യുവരാജ് സിംഗ്. യുവരാജ് സിംഗിന്റെ മുന്നൂറാമത്തെ ഏകദിന മത്സരമായിരിക്കും ഇത്. 300ലധികം രാജ്യാന്തര ഏകദിന മത്സരങ്ങള്‍ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് യുവരാജ് സിംഗിന് സ്വന്തമാകുക. ഐസിസി ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവരാജ് സിംഗ് ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാകുന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

ഏറ്റവും കൂടുതല്‍ രാജ്യാന്തര ഏകദിന മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്. 463 ഏകദിനമത്സരങ്ങളിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പങ്കെടുത്തത്. രാഹുല്‍ ദ്രാവിഡ് (340), മുഹമ്മദ് അസറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (308) എന്നിവരാണ് 300ലധികം ഏകദിന മത്സരങ്ങളില്‍ പങ്കെടുത്ത മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

രണ്ടായിരത്തില്‍ കെനിയയ്‍‌ക്ക് എതിരെ നടന്ന മത്സരത്തിലൂടെയാണ് യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റിലെത്തുന്നത്. തുടര്‍ന്ന് 2011ലെ ലോകകപ്പ് വിജയത്തില്‍ അടക്കം യുവരാജ് സിംഗ് ഇന്ത്യയുടെ നിര്‍ണ്ണായക താരമായിരുന്നു. ലോകകപ്പില്‍ യുവരാജ് സിംഗ് ആയിരുന്നു മാന്‍ ഓഫ് ദ സീരിസും.