ലണ്ടന്‍: അവസാന ഓവറുകളില്‍ ആളിക്കത്തിയ വിരാട് കോലിയും യുവരാജ് സിംഗും ഹര്‍ദ്ദീക് പാണ്ഡ്യയും. നല്ല തുടക്കമിട്ട രോഹിത് ശര്‍മയും ശീഖര്‍ ധവാനും, ഇന്ത്യ ആഗ്രഹിച്ച പോലെയായിരുന്നു ഇന്നിംഗ്സിന്റെ ആദ്യപകുതി. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാന് ഇന്ത്യ മുന്നോട്ടുവെച്ചിരിക്കുന്നത് 320 റണ്‍സിന്റെ വിജയലക്ഷ്യം. ഇടയ്ക്കിടെ പെയ്ത മഴമൂലം മത്സരം 48 ഓവറാക്കി കുറച്ചിട്ടുണ്ട്.

കരുതലോടെയാണ് രോഹിത്തും ധവാനും തുടങ്ങിയത്. തീപാറുന്ന പന്തുകളുമായായിരുന്നു ആദ്യ ഓവറില്‍ മുഹമ്മദ് അമീറിന്റെ വക. പല പന്തുകളും രോഹിത് ശര‍്‍മ കണ്ടതുപോലുമില്ല. എന്നാല്‍ പാക്കിസ്ഥാന്റെ ആവേശം അവിടെ തീര്‍ന്നു. മെല്ലെയാണെങ്കിലും താളം കണ്ടെത്തിയ രോഹിത്തും കരുതലോടെ കളിച്ച ധവാനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 136 റണ്‍സടിച്ച് വമ്പന്‍ ടോട്ടലിനുള്ള അടിത്തറയിട്ടു. 65 പന്തില്‍ 68 റണ്‍സെടുത്ത ധവാന്‍ വീണശേഷമെത്തി വിരാട് കോലി രോഹിത്തിന് പിന്തുണ നല്‍കി കളിക്കാനാണ് ശ്രമിച്ചത്. അര്‍ഹിച്ച സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ രോഹിത്(91) റണ്ണൗട്ടായി.

പിന്നീടായിരുന്നു ഇന്ത്യ ശരിക്കും കത്തിക്കയറിയത്. യുവരാജ് സിംഗ് ക്രീസിലെത്തിയതോടെ കളി മാറി. തുടക്കത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ ബൗണ്ടറികള്‍ കണ്ടെത്തിയ യുവി താളം കണ്ടെത്തിയതോടെ അടി തുടങ്ങി. അപ്പോഴും മറുവശത്ത് ക്യാപ്റ്റന്‍ കോലി സിംഗിളുകള്‍ മാത്രമെടുത്ത് ഇഴഞ്ഞു നീങ്ങുകയായിരുന്നു. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ യുവി ഇന്ത്യയുടെ സ്കോറിംഗ് നിരക്കുയര്‍ത്തിയപ്പോള്‍ സിക്സറടിച്ച് 50 പിന്നിട്ട കോലിയും ടോപ് ഗിയറിലായി. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 300ന് അടുത്തെത്തിച്ചു. ഇതിനിടെ ക്യാച്ചുകള്‍ കൈവിട്ട് പാക്കിസ്ഥാന്‍ ഫീല്‍ഡര്‍മാരും ഇന്ത്യയെ കൈയയഞ്ഞ് സഹായിച്ചു. 47-ാം ഓവറില്‍ യുവരാജ് പുറത്തായശഷം ക്രീസിലെത്തിയ ഹര്‍ദ്ദീഖ് പാണ്ഡ്യയുടേതായിരുന്നു അടുത്ത ഊഴം.

അവസാന ഓവര്‍ എറിഞ്ഞ ഇമാദ് വീസിമിനെ തുടര്‍ച്ചയയാി മൂന്ന് സിക്സര്‍ പറത്തിയ പാണ്ഡ്യയാണ് ഇന്ത്യയെ 300ന് അപ്പുറമെത്തിച്ചത്. ആ ഓവറിലെ അവസാന പന്ത് ബൗണ്ടറിയടിച്ച കോലി ഇന്ത്യയെ 319ല്‍ എത്തിച്ചു. 6 പന്തില്‍ പാണ്ഡ്യ 20 റണ്‍സടിച്ചപ്പോള്‍ 68 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്ന കോലി മുന്നില്‍ നിന്ന് നയിച്ചു. ബൗളിംഗിനിടെ മുഹമ്മദ് ആമിറിന് പരിക്കേറ്റത് പാക്കിസ്ഥാന് തിരിച്ചടിയായി. വഹാബ് റിയാസും ബൗളിംഗിനിടെ പരിക്കേറ്റ് മടങ്ങി.