ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തിന് മുമ്പ് ഇന്ത്യയ്ക്ക് വീണ്ടും ആത്മവിശ്വാസമേകുന്ന വമ്പന്‍ ജയം. അയല്‍ക്കാരായ ബംഗ്ലാദേശിനെ സന്നാഹ മത്സരത്തില്‍ 240 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു. കളിയുടെ എല്ലാ മേഖലയിലും സമഗ്രാധിപത്യത്തോടെയാണ് ഇന്ത്യ ബംഗ്ലാദേശിനെ കീഴടക്കിയത്. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 324/7, ബംഗ്ലാദേശ് 23.5 ഓവറില്‍ 84ന് പുറത്ത്.

325 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യന്‍ പേസാക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണിംഗ് സ്പെല്ലില്‍ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ചേര്‍ന്ന് ബംഗ്ലാദേശിന്റെ അടിത്തറയിളക്കി. 22/6ലേക്കും 47/7 ലേക്കും വീണുപോയ ബംഗ്ലാദേശിന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീമും 24 റണ്‍സെടുത്ത മെഹ്ദി ഹസനും 18 റണ്‍സെടുത്ത സന്‍സാമുള്‍ ഇസ്ലാമും മാത്രമെ ബംഗ്ലാനിരയില്‍ രണ്ടക്കം കടന്നുള്ളു. ഇന്ത്യക്കായി ഉമേഷ് യാദവ് 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍കുമാര്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഇന്ത്യ ദിനേശ് കാര്‍ത്തിക്ക്(77 പന്തില്‍94), ഹര്‍ദ്ദീക് പാണ്ഡ്യ(54 പന്തില്‍ 80 നോട്ടൗട്ട്), ശീഖര്‍ ധവാന്‍(60) എന്നിവരുടെ അര്‍ധസെഞ്ചുറി മികവിലാണ് മികച്ച സ്കോര്‍ ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ വിരാട് കോലിയും എംഎസ് ധോണിയും ബാറ്റിംഗിനിറങ്ങിയില്ല. ജഡേജ(32), കേദാര്‍ ജാദവ്(31) എന്നിവരും തിളങ്ങിയപ്പോള്‍ രോഹിത് ശര്‍(1), രഹാനെ(11) എന്നിവര്‍ നിരാശപ്പെടുത്തി. ബംഗ്ലാദേശിനായി റൂബുല്‍ ഹുസൈന്‍ മൂന്ന് വിക്കറ്റെടുത്തു.