ഓവല്‍: ഐസിസി റാങ്കിങിലെ ഒന്നാമന്‍മാരായ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി സെമിയില്‍ കടന്നു. ജീവന്‍മരണ പോരാട്ടത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. വിജയലക്ഷ്യമായ 192 റണ്‍സ് 12 ഓവറും എട്ടു വിക്കറ്റും ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ശിഖര്‍ ധവാന്‍(78), വിരാട് കോലി(പുറത്താകാതെ 76) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
സ്‌കോര്‍- ദക്ഷിണാഫ്രിക്ക- 44.3 ഓവറില്‍ 191ന് പുറത്ത് & ഇന്ത്യ- 38 ഓവറില്‍ രണ്ടിന് 193
12 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്‌ടമായെങ്കിലും കോലിയും ധവാനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 128 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 83 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പടെയാണ് ധവാന്‍ 78 റണ്‍സെടുത്തത്. 101 പന്ത് നേരിട്ട കോലി ഏഴു ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. ജയത്തിനരികെ ധവാന്‍ വീണെങ്കിലും പകരമെത്തിയ യുവരാജും(23) കോലിയും ചേര്‍ന്ന് വലിയ നഷ്‌ടങ്ങളില്ലാതെ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു.
നേരത്തെ ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയച്ച ഇന്ത്യ, അവരെ 44.3 ഓവറില്‍ 190 റണ്‍സിന് പുറത്താക്കി. അര്‍ദ്ധസെഞ്ച്വറി നേടിയ ക്വിന്റന്‍ ഡി കോക്കും 36 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസും 35 റണ്‍സെടുത്ത ആംലയും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനിന്നത്. ഇന്ത്യയ്‌ക്ക് വേണ്ടി ഭുവനേശ്വര്‍കുമാര്‍, ജസ്‌പ്രിത് ബംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. അശ്വിന്‍, ഹര്‍ദ്ദിക് പാണ്ഡ്യ, ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. മൂന്നു റണ്ണൗട്ടുകളുമായി ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൂടി കളംനിറഞ്ഞതോടെയാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞത്. എബി ഡിവില്ലിയേഴ്‌സ്(16), ഡേവിഡ് മില്ലര്‍(ഒന്ന്), ഇമ്രാന്‍ താഹിര്‍(ഒന്ന്) എന്നിവരാണ് റണ്ണൗട്ടായത്. 20 റണ്‍സെടുത്ത ജെപി ഡുമിനി പുറത്താകാതെ നിന്നു. വിക്കറ്റ് നഷ്‌ടമാകാതെ 76 റണ്‍സ് എന്ന നിലയില്‍നിന്നാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞത്.
ജൂണ്‍ 15ന് എ‍്ഡ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാമത്തെ സെമിയില്‍ ബംഗ്ലാദേശ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ സെമിയില്‍ ഇംഗ്ലണ്ടും നാളെ നടക്കുന്ന ശ്രീലങ്ക-പാകിസ്ഥാന്‍ മല്‍സരത്തിലെ വിജയികളും തമ്മില്‍ ഏറ്റുമുട്ടും.
