ലണ്ടന്‍: ഒരു പിടി പ്രശ്നങ്ങളുമായി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നാളെ ആദ്യ മത്സരത്തിന് ഇറങ്ങും. ബദ്ധവൈരികളായ പാകിസ്ഥാന്‍ ആണ് എതിരാളികള്‍. ഇതിലും മോശമായി ഐസിസി ടൂര്‍ണമെന്റിന് ഇറങ്ങാന്‍ ഒരു ടീമിനും കഴിഞ്ഞേക്കില്ല. കോച്ചിന്റെ സമീപനത്തില്‍ കടുത്ത അതൃപ്തിയുമായി നായകന്‍ വിരാട് കോലി. പരിശീലന മൈതാനത്ത് കുംബ്ലെ എത്തുമ്പോള്‍ എതിര്‍ദിശയിലേക്ക് കോലി നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓസ്‍ട്രേലിയക്കെതിരായ പരമ്പരയിലും ഐപിഎല്ലിലും നിറം മങ്ങിയ പ്രകടനത്തിന് ശേഷമാണ് മുന്‍പ് തപ്പിത്തടഞ്ഞിട്ടുള്ള ഇംഗ്ലണ്ടിലേക്ക് കോലി എത്തുന്നത്.

കോലിയെ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി പാക് പേസര്‍ ജുനൈദ് ഖാനും രംഗത്തെത്തിയിട്ടുണ്ട്. ഐപിഎല്ലിലെ റണ്‍വേട്ടയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യക്കാരനായി ഉണ്ടായിരുന്ന ശിഖര്‍ ധവാന്‍ മാത്രം. പരിക്ക് ഭേദമായി തിരിച്ചെത്തുന്ന സഹ ഓപ്പണര്‍ രോഹിത് ശര്‍മ്മ ഇംഗ്ലണ്ടിലെത്തിയ ശേഷം മൂന്ന് പന്ത് മാത്രമാണ് നേരിട്ടത്. ഒന്നാം നമ്പര്‍ സ്‌പിന്നര്‍ അശ്വിനാകട്ടെ ഏറെനാളത്തെ വിശ്രമത്തിന് ശേഷമാണ് മടങ്ങി വരുന്നത്.

പേസര്‍മാരുടെ മികവ് മാറ്റി നിര്‍ത്തിയാല്‍ കടുത്ത പ്രതിസന്ധിയിലാണ് നീലപ്പട അയല്‍ക്കാരെ നേരിടാന്‍ ഒരുങ്ങുന്നത്. കളത്തിന് പുറത്തെ വിവാദങ്ങള്‍
ക്രീസിലെത്തുമ്പോള്‍ ടീം ഇന്ത്യ മറക്കുമെന്ന് വിശ്വസിക്കാം. 2000ല്‍ ഒത്തുകളി ആരോപണത്തില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിച്ചത് ഗാംഗുലിയുടെയും സംഘത്തിന്റെയും മുന്നേറ്റമായിരുന്നു. വീണ്ടുമൊരു പ്രതിസന്ധിക്കാലം വരുമ്പോള്‍ ഗാംഗുലിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന
കോലി മുന്നില്‍ നിന്ന് നയിക്കുമെന്ന് വിശ്വസിക്കാം.