ലണ്ടന്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയകാര്യം വിരാട് കോലിക്ക് ഇംഗ്ലണ്ടില്‍ തിളങ്ങാനാവുമോ എന്നായിരുന്നു. കോലിയുടെ സമകാലീനരായ ജോ റൂട്ടും, കെയ്ന്‍ വില്യാംസണും ആദ്യ മത്സരങ്ങളില്‍ തങ്ങളുടെ ക്ലാസ് തെളിയിച്ചുകൊണ്ട് സെഞ്ചുറി നേടി. അട്ടു ഊഴം ഓസീസ് നായകന്‍ കൂടിയായ സ്റ്റീവ് സ്മിത്തിന്റേതായിരുന്നു. ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് മത്സരത്തില്‍ ഓസീസ് ഇന്നിംഗ്സ് മഴമൂലം തടസപ്പെട്ടതിനാല്‍ സ്മിത്തിന്റെ ബാറ്റിംഗ് മികവ് കാണാന്‍ ആരാധകര്‍ക്കായില്ല.

പിന്നീട് എല്ലാ കണ്ണുകളും കോലിയിലേക്ക്. പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം എന്നതിനൊപ്പം റൂട്ടിനും വില്യാംസണും ഒട്ടും പിന്നിലല്ല താനെന്ന് തെളിയിക്കേണ്ട ബാധ്യതയും കോലിക്കുണ്ടായിരുന്നു. ശീഖര്‍ ധവാനും രോഹിത് ശര്‍മയുും ചേര്‍ന്ന് സെഞ്ചുറി തുടക്കമിട്ടതിനാല്‍ കോലിയ്ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിരുന്നു. എന്നിട്ടും തുടക്കത്തില്‍ ടൈമിംഗ് കണ്ടെത്താന്‍ കോലി വല്ലാതെ പാടുപെട്ടു. ഐപിഎല്ലിലെ ഫോമില്ലായ്മ ഇവിടെയും കോലിയെ അലട്ടുന്നതായി തോന്നി. ഒപ്പം അനില്‍ കുബ്ലെയെച്ചൊല്ലി കളത്തിനു പുറത്തുണ്ടായ പ്രശ്നങ്ങളും. രോഹിത് ശര്‍മയ്ക്കൊപ്പം ആദ്യമൊക്കെ നല്ലൊരു പങ്കാളിയായി കളിച്ച കോലി യുവരാജ് എത്തിയതോടെയാണ് തന്റെ ക്ലാസ് പുറത്തെടുത്തത്.

അവസാന ഓവറുകളില്‍ യുവരാജ് അടിച്ചു തകര്‍ക്കുമ്പോഴും ശരിയായ ടൈമിംഗ് കിട്ടാത്തതില്‍ കോലി അസ്വസ്ഥനായിരുന്നു. വഹാബ് റിയാസിന്റെ പന്തില്‍ കോലിയെ ഹസന്‍ അലി കൈവിടുകയും ചെയ്തു.43 റണ്‍സായിരുന്നു അപ്പോള്‍ കോലിയുടെ സമ്പാദ്യം. എന്നാല്‍ ഹസന്‍ അലിയുടെ അടുത്ത ഓവറില്‍ ലോംഗ് ഓണിന് മുകളിലൂടെ സിക്സര്‍ പറത്തി അര്‍ധസെഞ്ചുറി നേടിയതിനൊപ്പം ആത്മവിശ്വാസവും കോലിയുടെ ബാറ്റിലെത്തി. സിക്സര്‍ നേടിയതിന് പിന്നാലെ കോലിയുടെ റിയാക്ഷന്‍ ഇതിന് തെളിവായിരുന്നു.