ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വീഴ്‌ത്തുമെന്ന വീമ്പടിച്ച പാക് പേസര്‍ ജുനൈദ് ഖാന് അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കാനായില്ല. വഹാബ് റിയാസിനെയാണ് ജുനൈദിന് പകരം പാക്കിസ്ഥാന്‍ അന്തിമ ഇലവനില്‍ കളിപ്പിച്ചത്.

മത്സരത്തിന്റെ തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെ ജുനൈദിന്റെ കാര്യം മാധ്യമങ്ങള്‍ പാക് കോച്ച് മിക്കി ആര്‍തറോട് ചോദിച്ചിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ഇന്ത്യക്കെതിരെ 12പേരുടെ സാധ്യത പട്ടിക തയാറാക്കിയിട്ടുണ്ടെന്നും അതില്‍ ജുനൈദ് ഖാനില്ലെന്നുമായിരുന്നു ആര്‍തറുടെ മറുപടി. എന്തായാലും കളി തുടങ്ങിയപ്പോഴും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, കോലിയെ വീഴ്ത്തുമെന്ന് വീമ്പടിച്ച ജുനൈദ് കരയ്ക്കിരുന്ന് കളി കാണുകയാണിപ്പോള്‍.

വിരാട് കോലി കഴിവുള്ള ബാറ്റ്‌സ്മാനാണെന്നും എന്നാല്‍ തനിക്കെതിരെ കോലി പൂര്‍ണ പരാജയമാണെന്നും ജുനൈദ് ഖാന്‍ പറഞ്ഞിരുന്നു. പാക് മാധ്യമം എക്‌സ്പ്രസ് ട്രിബ്യൂണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജുനൈദ് ഖാന്‍ കോലിയ്ക്കെതിരെ ആഞ്ഞടിച്ചത്. വിരാട് കോലിക്കെതിരെ നാല് തവണ ഞാന്‍ കളിച്ചിട്ടുണ്ട്. അതില്‍ മൂന്നു തവണയും കോലിയുടെ വിക്കറ്റ് ഞാനെടുത്തു. കോലി കഴിവുള്ള ബാറ്റ്‌സ്മാനാണ്. പക്ഷേ അദ്ദേഹം എനിക്കെതിരെ പരാജയമാണെനാനായിരുന്നു ജുനൈദിന്റെ വാക്കുകള്‍. കോലിക്കെതിരെ 22 പന്തെറിഞ്ഞ ജുനൈദ് ആകെ രണ്ട് റണ്‍സ് മാത്രമാണ് വഴങ്ങിയിട്ടുള്ളത്.

കോലിക്കെതിരെ തനിക്ക് മാനസികമായ ആധിപത്യമുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ ഭയപ്പെട്ടാണ് കളിക്കുന്നതെന്നും ജുനൈദ് പറഞ്ഞിരുന്നു. ഞാന്‍ എല്ലാ മത്സരത്തിലും കോലിയെ ഒരുപോലെയാണ് കണ്ടത്. അത് ചിലപ്പോള്‍ എന്റെ തെറ്റായിരിക്കാം. പക്ഷേ കോലി എപ്പോഴും എന്നെ പ്രതിരോധിക്കാനാണ് ശ്രമിച്ചത്. കോലിയുടെ മനസ്സിനുള്ളിലെവിടെയോ ഞാന്‍ അദ്ദേഹത്തിന്റെ വിക്കറ്റെടുക്കുമെന്ന ബോധം ഒളിച്ചിരിപ്പുണ്ടെന്ന് തോന്നുന്നു എന്നും ജുനൈദ് പറഞ്ഞിരുന്നു.