യുഎഇയെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യമിടുന്നത് തുടരുന്നതിനിടെയാണ് ഗർഗഷിന്റെ പരാമർശം. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ യുഎഇയിലേക്ക് വരുന്ന ഭീഷണികളെ പ്രതിരോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി: ഇറാൻ നടത്തുന്ന ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്കയെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. തങ്ങളുടെ ലക്ഷ്യം കേവലം വെടിനിർത്തലിൽ ഒതുങ്ങില്ലെന്നും ദീർഘകാല പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതാണ് ലക്ഷ്യമെന്നും ഗർഗാഷ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി. മേഖലയിൽ ആണവ സുരക്ഷ ഉൾപ്പടെ ഉറപ്പാക്കുന്ന ശാശ്വത സമാധാനം ആണ് തങ്ങളുടെ മുന്നിലുള്ളത്. ഇറാന്‍റെ ആക്രമണം ആഴത്തിലുള്ള ജിയോ പൊളിറ്റിക്കൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശാശ്വത സുരക്ഷ ഉറപ്പാക്കുന്ന, ആണവ ഭീഷണി, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ പ്രതിരോധിക്കുന്ന, ജലപാതകളുടെ ഭീഷണി അവസാനിപ്പിക്കുന്ന പരിഹാരങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അൻവർ ഗർഗഷ് പറഞ്ഞു.

യുഎഇയെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യമിടുന്നത് തുടരുന്നതിനിടെയാണ് ഗർഗഷിന്റെ പരാമർശം. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ യുഎഇയിലേക്ക് വരുന്ന ഭീഷണികളെ പ്രതിരോധിക്കുന്നുണ്ട്. സംഘർഷം ആരംഭിച്ചതിനുശേഷം, രാജ്യത്തിന്റെ വ്യോമാതിർത്തിയും നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് സായുധ സേന ശക്തമായി നിലകൊള്ളുന്നുണ്ട്. നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും യുഎഇയിൽ പ്രവേശിക്കാതെ തടയാനായെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾക്കുകൂടി പരിക്കേറ്റു. കുവൈത്തിൽ വീണ്ടും ആക്രമണ ശ്രമം ഉണ്ടായി. 

ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നൽകിയ സമയ പരിധി ഇന്ന് അവസാനിക്കുകയാണ്. ഇറാൻ നിരുപാധികമായി ജലപാത വീണ്ടും തുറന്നില്ലെങ്കിൽ ഇറാനിയൻ ഊർജ കേന്ദ്രങ്ങൾ തകർക്കും എന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാൽ 'ഇറാന്റെ ഇന്ധന, ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ, ഈ മേഖലയിലെ അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുമെന്ന് തിരിച്ചടിച്ചിട്ടുണ്ട്. ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഹോർമൂസ് ദ്വീപിൽവച്ചാണ് അമേരിക്കൻ യുദ്ധവിമാനം തകർത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.