ശ്രീലങ്കയോട് തോറ്റതോടെ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ നില ശരിക്കും പരുങ്ങലിലായി. ഇനി ഞായറാഴ്‌ച ലോക ഒന്നാം നമ്പര്‍ ടീം ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചെങ്കിലേ ഇന്ത്യയ്‌ക്ക് സെമിയിലെത്താനാകു. ശരിക്കും ക്വാര്‍ട്ടര്‍ഫൈനലിന് തുല്യമായ ഒരു നോക്കൗട്ട് പോരാട്ടമായിരിക്കും ഇന്ത്യ-ദക്ഷിണാഫ്രിക്ക മല്‍സരം. എന്നാല്‍ ഈ മല്‍സരം ജയിക്കാന്‍ നായകന്‍ വിരാട് കോലിയുടെ പക്കല്‍ ഒരു പദ്ധതിയുണ്ട്. ടോസ് നേടി ആദ്യം ബാറ്റു ചെയ്യുകയാണെങ്കില്‍, സാധാരണയില്‍നിന്ന് 20 റണ്‍സ് കൂടി അധികം നേടുന്ന പ്രകടനം ബാറ്റ്‌സ്‌മാന്‍മാരില്‍നിന്ന് ഉണ്ടാകണം. അങ്ങനെയെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്‌ക്ക് ജയിക്കാനാകുമെന്നാണ് കോലിയുടെ പ്രതീക്ഷ. ശ്രീലങ്കയുടെ മികച്ച ബാറ്റിങ് പ്രകടനമാണ് കഴിഞ്ഞ ദിവസത്തെ തോല്‍വിക്ക് കാരണം. ശ്രീലങ്കയുടെ ഇന്നിംഗ്സിന്റെ പകുതി വരെ ഇന്ത്യയ്‌ക്ക് തന്നെയായിരുന്നു മേല്‍ക്കൈ. നമ്മുടെ ബാറ്റ്‌സ‌്‌മാന്‍മാരും ബൗളര്‍മാരും അതുവരെ നന്നായി കളിച്ചു. എന്നാല്‍ മികച്ച കൂട്ടുകെട്ടുകളിലൂടെ ശ്രീലങ്ക മല്‍സരം കവര്‍ന്നെടുത്തു. ലങ്കയുടെ ബാറ്റിങ് പ്രകടനം ശരിക്കും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ മാതൃകയാക്കേണ്ടതാണ്. ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ ഗ്രൂപ്പിലെ എല്ലാ ടീമുകള്‍ക്കും ജയം അനിവാര്യമായ സാഹചര്യത്തില്‍, ഞായറാഴ്‌ചത്തെ മല്‍സരം തികച്ചും ആവേശകരമായിരിക്കുമെന്നും കോലി പറഞ്ഞു.
Latest Videos
