ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ മല്‍സരത്തില്‍ ഓഫ് സ്‌പിന്നര്‍ ആര്‍ അശ്വിനെ കളിപ്പിക്കാതിരുന്നതിന് പിന്നിലെ കാരണം നായകന്‍ വിരാട് കോലി തന്നെ വെളിപ്പെടുത്തി. ശ്രീലങ്കയ്ക്കെതിരായ മല്‍സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം കോലി പറഞ്ഞത്. ബാറ്റിങ് ശക്തമാക്കേണ്ട ടീം ഘടനയായിരുന്നു പാകിസ്ഥാനെതിരെ വേണ്ടിയിരുന്നത്. എ‍ഡ്ജ്ബാസ്റ്റണിലെ പിച്ചും ബാറ്റിങിന് അനുകൂലമായിരുന്നു. അതുകൊണ്ടാണ് അശ്വിനെ മാറ്റിനിര്‍ത്തേണ്ടിവന്നതെന്ന് കോലി പറഞ്ഞു. ഈ സാഹചര്യം അശ്വിന് മനസിലായി. ടീം സെലക്ഷന്‍ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് നേരത്തെ തന്നെ അശ്വിന്‍ തന്നോട് പറഞ്ഞതായും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ആദ്യ മല്‍സരം തോറ്റ ശ്രീലങ്കയെ നിസാരമായി കാണുന്നില്ല. ലോകത്തെ ഏറ്റവും മികച്ച എട്ടു ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ മല്‍സരിക്കുന്നത്. അതില്‍ ഒരു ടീമാണ് ശ്രീലങ്ക. സമീപകാല പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ഐസിസി ചാംപ്യന്‍ഷിപ്പുകളില്‍ സെമിയില്‍ എത്തിയിട്ടുള്ള പ്രകടനങ്ങളാണ് കൂടുതലും ലങ്കയില്‍നിന്ന് വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഏറെ ഗൗരവത്തോടെയായിരിക്കും ഈ മല്‍സരത്തെ സമീപിക്കുകയെന്നും അശ്വിന്‍ പറഞ്ഞു.