ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള ശീതസമരം തുടരുന്നു. ഏറ്റവും ഒടുവില്‍ ടീം പരിശീലനം നടത്തുന്ന സ്ഥലത്തേക്ക് കുംബ്ലെ എത്തിയപ്പോള്‍, വിരാട് കോലി അവിടെനിന്ന് മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ പരിശീലകനും ക്യാപ്റ്റനും തമ്മിലുള്ള ശീതസമരം പരിഹരിക്കാന്‍ സുപ്രീംകോടതി നിയമിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതി ശ്രമം തുടങ്ങി. ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ്, ആക്‌ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ബിസിസിഐ ജനറല്‍ മാനേജര്‍ കൂടിയായ എം വി ശ്രീധര്‍ എന്നിവര്‍ ഇപ്പോള്‍ ഇംഗ്ലണ്ടിലുണ്ട്. ഇതില്‍ അമിതാഭ് ചൗധരിയും, എം വി ശ്രീധറും ചേര്‍ന്ന് ടീം അംഗങ്ങളുമായി പ്രത്യേകം കൂടിക്കാഴ്‌ച നടത്തി. അതിനുശേഷം ടീം മീറ്റിങ്ങിലും ഇവര്‍ പങ്കെടുത്തു. എന്നാല്‍ ടീം മീറ്റിങ്ങിലെ തീരുമാനം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ടീമിലെ ചില അംഗങ്ങള്‍ പരിശീലകന്‍ അനില്‍ കുംബ്ലെയ്ക്കെതിരെ നിലപാട് എടുത്തതായാണ് വിവരം.